ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഉമ്മൻ ചാണ്ടി ഹെൽത്ത് ഇൻഷുറൻസ് സ്കീം നടപ്പാക്കും
തിരുവനന്തപുരം: കേരളത്തിലെ പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ചു. ഇന്ന് രാവിലെ 9ന് ആരംഭിച്ച ബജറ്റ് പ്രഖ്യാപനങ്ങൾ ഒന്നേ മുക്കാൽ മണിക്കൂറിലധികം നീണ്ടു. ഇത്തവണത്തെ ബജറ്റിൽ ശ്രദ്ധേയമായ ഒരു പ്രഖ്യാപനമാണ് ഉമ്മൻചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ഒരു കുടുംബത്തിന് വർഷം 25 ലക്ഷം രൂപ വരെ എന്ന കണക്കിൽ സൗജന്യ ഇൻഷുറൻസ് പദ്ധതിയാണ് പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയിൽ നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്
തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് ഉയർത്തിക്കാട്ടിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി.അപ്രതീക്ഷിതമായ ചികിത്സാ ചെലവുകൾ, പല കുടുംബങ്ങളിലും വൻ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ബാധ്യതകൾ ലഘൂകരിക്കുന്നതിനും, കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്നതിനുമായി എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 10 കോടി രൂപ വകയിരുത്തുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന്റെ ആരോഗ്യ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാധാരണക്കാർക്ക് പ്രയോജനം നൽകിയ പദ്ധതിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടപ്പാക്കിയ കാരുണ്യ. ഈ പദ്ധതിയെ വീണ്ടും ഉയർത്തിക്കാട്ടിയാണ് ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചത്. സാധാരണക്കാരുടെ ചികിത്സാച്ചെലവുകൾക്ക് വലിയ ആശ്വാസമായി ഈ പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.





Leave a Reply