കെ സി പീറ്റര്‍; അമ്പുകുത്തി സ്‌കൂളിലെ പച്ചപ്പിന്റെ കാവലാള്‍
രാവിലെ 8 ന് ജോലി സ്ഥലത്ത് എത്തി പണി പൂര്‍ത്തിയാക്കി 11 മണിയ്ക്ക് മടങ്ങേണ്ട ആളാണ് സുല്‍ത്താന്‍ ബത്തേരി, അമ്പുകുത്തി ഗവ. എല്‍പി സ്‌കൂളിലെ പാര്‍ട് ടൈം സ്വീപ്പറായ കെ സി പീറ്റര്‍. പക്ഷെ, കഴിഞ്ഞ 19 വര്‍ഷമായി ദിവസവും രാവിലെ എഴിന് എത്തി വൈകുന്നേരമാണ് 62-കാരനായ പീറ്റര്‍ സ്‌കൂളില്‍ നിന്ന് മടങ്ങുക. എങ്ങാനും നേരത്തെ പോയാല്‍ വൈകീട്ട് വീണ്ടുമെത്തും.വേനലവധിക്കാലത്തും ഓണം, ക്രിസ്മസ് അവധിയ്ക്കും ഒരു ദിവസവും മുടങ്ങാതെ അയാള്‍ സ്‌കൂളില്‍ എത്തുന്നു. അയാളെ കാത്ത് സ്‌കൂളിലെ 90 സെന്റ് ഭൂമിയില്‍ വിശാലമായ പച്ചപ്പുണ്ട്. കിളച്ചും കീറിയും നട്ടും നനച്ചും തൊട്ടും തലോടിയും പീറ്റര്‍ പരിപാലിക്കുന്ന വിശാലമായ പച്ചത്തുരുത്ത്.തിരുവനന്തപുരം ടാഗോര്‍ തിയ്യറ്ററില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷില്‍ നിന്നാണ് പീറ്റര്‍ ഹരിത കേരളം പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ഈ സമര്‍പ്പിത പച്ചത്തുരുത്ത് പരിപാലനത്തിനാണ് സംസ്ഥാന ഹരിത മിഷന്‍ ചൊവ്വാഴ്ച്ച സംസ്ഥാന തലത്തില്‍ ആദരിച്ച 11 വ്യക്തികളില്‍ ഒരാളായി പീറ്റര്‍ മാറിയത്.ഔഷധ സസ്യോദ്യാനം, ശലഭോദ്യാനം, പേരക്ക, സപ്പോട്ട, ചാമ്പ, നെല്ലിക്ക, ചക്ക, മാങ്ങ എന്നീ ഫലവൃക്ഷങ്ങള്‍ വിളയുന്ന മണ്ണ് എന്നിവ നിറയുന്ന സ്‌കൂളിലെ പച്ചത്തുരുത്ത് 2019 ലാണ് രൂപം കൊള്ളുന്നത്. പക്ഷെ, അതിനും വര്‍ഷങ്ങള്‍ക്ക് മുന്നേ പീറ്ററുടെ അധ്വാനത്തിലൂടെ ഇവിടം കപ്പയും ചേനയും ചേമ്പും കാബേജും പയറും മറ്റും സമൃദ്ധമായി വിളയുന്ന കാര്‍ഷിക മണ്ണായിരുന്നു.
‘വിളകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചിരുന്നു. കോവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്കും ധാരാളം പച്ചക്കറികള്‍ നല്‍കി. പക്ഷെ, പന്നിയുടെയും കുരങ്ങിന്റെയും ശല്യം രൂക്ഷമായതോടെ കൃഷി നിര്‍ത്തേണ്ടി വന്നു. തുടര്‍ന്നാണ് പച്ചത്തുരുത്താക്കി മാറ്റിയത്,’ ബത്തേരിക്ക് സമീപം മണിച്ചിറ സ്വദേശിയായ പീറ്റര്‍ പറഞ്ഞു.
90 സെന്റ് ഭൂമിയിലെ കാട് വെട്ടലും കളകള്‍ പിഴുതുമാറ്റലും ചെടികള്‍ക്ക് കോണ്‍ക്രീറ്റ് വളയങ്ങള്‍ വാര്‍ക്കലും ഫലവൃക്ഷങ്ങള്‍ക്ക് തടം ഒരുക്കലും എല്ലാം പീറ്റര്‍ തന്നെ. മഴക്കാലത്ത് ഒഴികെ ദിവസവും രണ്ട് നേരം നനയ്ക്കണം. ഒരു നേരം നനയ്ക്കാന്‍ ചുരുങ്ങിയത് ഒരു മണിക്കൂര്‍ എടുക്കും. കോവിഡ് ലോക്ഡൗണ്‍ കാലത്ത് മനുഷ്യര്‍ മുഴുവനും വീട്ടില്‍ അടച്ചിരുന്നപ്പോഴും പീറ്റര്‍ സ്‌കൂളില്‍ എത്തി നനയും ചെടി പരിപാലനവും തുടര്‍ന്നു.പല സ്‌കൂളുകളിലും നല്ല രീതിയില്‍ തുടങ്ങുന്ന പച്ചത്തുരുത്തുകള്‍ നശിക്കുന്നത് അവധിക്കാലത്ത് പരിപാലിക്കാന്‍ ആളില്ലാഞ്ഞിട്ടാണ്. ഇവിടെ പീറ്ററേട്ടന്‍ അവധി ദിവസങ്ങളിലും എത്തി സംരക്ഷിക്കുന്നത് കൊണ്ട് മാത്രമാണ് ഞങ്ങളുടെ പച്ചത്തുരുത്ത് മികച്ച രീതിയില്‍ നിലനില്‍ക്കുന്നത്,’ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഷാജി കെ എന്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂളിലെ അധ്യാപകര്‍ ഒന്നടങ്കം പീറ്ററിന്റെ ഉദ്യമത്തിന് പിന്തുണയായുണ്ട്.
സ്‌കൂളില്‍ മൂന്ന് വിധം വസ്ത്രങ്ങളാണ് പീറ്റര്‍ക്ക്. വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് വരാനും പോകാനും ഒരു വസ്ത്രം, ക്ലാസ്സ്മുറികള്‍, ശുചിമുറി കഴുകി വൃത്തിയാക്കുമ്പോള്‍ മറ്റൊന്ന്, വിശാലമായ പച്ചത്തുരുത്തിലേക്ക് ഇറങ്ങുമ്പോള്‍ ഗം ബൂട്ട് ഉള്‍പ്പെടെ വേറൊന്ന്. ഒരു ജോലി ചെയ്യുമ്പോള്‍ പൂര്‍ണതയില്‍ പീറ്ററിന് വിട്ടുവീഴ്ചയില്ല.
സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡിന്റെ സംസ്ഥാനത്തെ മികച്ച ജൈവ വൈവിദ്ധ്യ ഉദ്യാനമായി 2019-20 ല്‍ തെരെഞ്ഞെടുക്കപ്പെട്ട അമ്പുകുത്തി ജിയുപി സ്‌കൂളിലെ പച്ചത്തുരുത്തിന് നെന്മേനി ഗ്രാമപഞ്ചായത്ത്, കൃഷി ഭവന്‍ എന്നിവയുടേത് ഉള്‍പ്പെടെ വേറെയും നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.





Leave a Reply