September 12, 2026

വന്യജീവി ശല്യ ലഘൂകരണത്തിനായുള്ള ജില്ലാതല തീവ്രയജ്ഞ പരിപാടിക്ക് വയനാട്ടില്‍ തുടക്കം

0
site-psd-5
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : വന്യജീവി ശല്യ ലഘൂകരണത്തിനായുള്ള ജില്ലാതല തീവ്രയജ്ഞ പരിപാടിക്കു വയനാട്ടില്‍ തുടക്കം. തദ്ദേശസ്ഥാപനതലം മുതല്‍ സംസ്ഥാനതലം വരെ 3 ഘട്ടങ്ങളിലായി നടക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണു ജില്ലയിലും പദ്ധതി ആരംഭിച്ചത്. കേരളത്തില്‍ വന്യജീവിശല്യം തീവ്രമായി ബാധിക്കുന്ന 9 തദ്ദേശസ്ഥാപനങ്ങളില്‍ ആറും വയനാട്ടിലാണ്. ഇവിടങ്ങളിലുള്‍പ്പെടെ തദ്ദേശസ്ഥാപനങ്ങളില്‍ ഒന്നാംഘട്ട തീവ്രയജ്ഞം പൂര്‍ത്തിയായി. ജില്ലാതലത്തിലുള്ള രണ്ടാംഘട്ട പദ്ധതികള്‍ക്ക് ഇന്നു തുടക്കം കുറിക്കും. ഒക്ടോബര്‍ 1 മുതല്‍ 15 വരെയാണ് രണ്ടാംഘട്ട തീവ്രയജ്ഞം.ആദ്യഘട്ടത്തില്‍ തദ്ദേശസ്ഥാപനങ്ങളിലും റേഞ്ച് ഓഫിസുകളിലും വന്യജീവി പ്രതിരോധ ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും അടങ്ങുന്ന ടീം ഈ ഹെല്‍പ് ഡെസ്‌ക് മുഖേന പൊതുജനങ്ങളില്‍നിന്നു പരാതി സ്വീകരിക്കും. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഫെസിലിറേറ്റര്‍മാരെയും ചുമതലപ്പെടുത്തി. പ്രാദേശികാടിസ്ഥാനത്തില്‍ പരിഹാരം കാണാവുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി നടപടിയെടുക്കുകയാണ് ആദ്യഘട്ട തീവ്രയജ്ഞത്തിന്റെ ലക്ഷ്യം.ഇന്നു തുടക്കമിടുന്ന രണ്ടാംഘട്ടം, ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെയാണു നടപ്പാക്കുന്നത്

വന്യജീവി ശല്യ പ്രതിരോധത്തിനായി, ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച ജില്ലാതല സമിതി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കും. അതത് പ്രദേശത്തെ എംഎല്‍എമാരും പദ്ധതിയില്‍ പങ്കാളികളാകും. ഡിഎഫ്ഒമാര്‍ക്കാണു നിര്‍വഹണച്ചുമതല.തീവ്ര സംഘര്‍ഷബാധിതം, സംഘര്‍ഷ ബാധിതം എന്നിങ്ങനെ വന്യജീവി സംഘര്‍ഷത്തിന്റെ രൂക്ഷത അടിസ്ഥാനമാക്കി സംസ്ഥാനത്താകെ 30 തദ്ദേശസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയ ഹോട്‌സ്‌പോട്ട് പട്ടികയില്‍ വയനാട്ടില്‍നിന്നു മാത്രം 11 തദ്ദേശസ്ഥാപനങ്ങളാണുള്ളത്.

ഇതില്‍ തീവ്രസംഘര്‍ഷബാധിതമായ 6 തദ്ദേശസ്ഥാപനങ്ങളും വയനാട്ടിലാണ്. മാനന്തവാടി, ബത്തേരി നഗരസഭകളിലും നൂല്‍പുഴ, പനമരം, തിരുനെല്ലി, തവിഞ്ഞാല്‍ പഞ്ചായത്തുകളിലുമാണു സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായ വന്യജീവി ശല്യം. കൂടാതെ മീനങ്ങാടി, മുള്ളന്‍കൊല്ലി, പൂതാടി, പുല്‍പള്ളി, വെള്ളമുണ്ട പഞ്ചായത്തുകളും സംഘര്‍ഷബാധിത തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയിലുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ വന്യജീവി ശല്യ ഹോട്‌സ്‌പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയും വയനാടാണ്.

ഈ മേഖലകളിലെ വന്യജീവി ശല്യ ലഘൂകരണത്തിനു പഞ്ചായത്ത് അടിസ്ഥാനത്തില്‍ മാര്‍ഗരേഖ തയാറാക്കിയാണ് വന്യജീവി പ്രതിരോധം ഫലപ്രദമായി നടപ്പിലാക്കുകയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.45 ദിവസം നീളുന്ന തീവ്രയജ്ഞപരിപാടിയാണു നടപ്പിലാക്കുന്നത്. വനംവകുപ്പിനെ ജനസൗഹൃദപരമാക്കിയും ജനങ്ങളിലേക്കു നേരിട്ട് ഇറങ്ങിച്ചെന്നും വന്യജീവിശല്യത്തിനു ഫലപ്രദമായ പരിഹാരം കണ്ടെത്തുന്നതിനാണു 3 ഘട്ടങ്ങളായുള്ള യജ്ഞം. ഇതു നടപ്പിലാക്കുന്നതിന്റെ ഭാഗമായി വയനാട് ലാന്‍ഡ്‌സ്‌കെയ്പ്, കണ്ണൂര്‍ആറളംകാസര്‍കോട് ലാന്‍ഡ്‌സ്‌കെയ്പ്, കോഴിക്കോട് ലാന്‍ഡ്‌സ്‌കെയ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനങ്ങള്‍ വയനാട്ടില്‍ നേരത്തേ നടന്നിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *