July 29, 2026

ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതിക്ക് പുത്തന്‍ ഊര്‍ജ്ജം

0
site-psd-194
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ പഠനത്തിന്റെയും പാഠ്യേതര പ്രവര്‍ത്തനങ്ങളുടെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള തീവ്ര ശ്രമങ്ങളുമായി ബത്തേരി നഗരസഭ. മുഴുവന്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെയും സ്‌കൂളുകളില്‍ എത്തിക്കുകയും അവരുടെ കഴിവുകള്‍ വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് കീഴില്‍, ഉപജില്ലാ പ്രവര്‍ത്തിപരിചയ മേളയില്‍ പങ്കെടുക്കുന്നതിനായി 44 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഏഴ് ദിവസത്തെ തീവ്ര പരിശീലനം നല്‍കി.പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ ഗോത്രകലകള്‍, കായിക ഇനങ്ങള്‍ എന്നിവയിലും പരിശീലനം നല്‍കി വരുന്നുണ്ട്.

നഗരസഭാ പരിധിയിലുള്ള എല്ലാ സ്‌കൂളുകളിലെയും പ്രധാനാധ്യാപകര്‍ കുട്ടികളെ പരിശീലനത്തിന് എത്തിച്ചു. ക്യാരി ബാഗ് നിര്‍മ്മാണം, പോസ്റ്റര്‍ ഡിസൈനിംഗ്, പോട്ടറി പെയിന്റിംഗ്, വസ്ത്ര നിര്‍മ്മാണം, ഫ്ലവര്‍ മേക്കിംഗ്, എംബ്രോയിഡറി, ഫാബ്രിക്ക് പെയിന്റിംഗ്, ബീഡ്സ് വര്‍ക്ക്, വെജിറ്റബിള്‍ പ്രിന്റിംഗ്, പ്രകൃതിദത്ത നാരുകള്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിങ്ങനെ 10 പ്രധാന ഇനങ്ങളിലാണ് പരിശീലനം നല്‍കിയത്.

സംസ്ഥാനത്തിന് മാതൃകയായി ബത്തേരി മോഡല്‍വിദ്യാഭ്യാസത്തിലെ കൊഴിഞ്ഞുപോക്ക് പൂര്‍ണ്ണമായും ഒഴിവാക്കാനായി പതിനേഴ് ഊരുകൂട്ട വളണ്ടിയര്‍മാരെ നിയമിച്ച് മൂന്ന് വര്‍ഷമായി നടപ്പാക്കി വരുന്ന ‘ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ’ പദ്ധതി ഇതിനകം ശ്രദ്ധേയമാണ്. ഈ ബത്തേരി മാതൃക സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുകയാണ്. ഏഴ് ദിവസത്തെ പരിശീലനം കൊണ്ട് കുട്ടികള്‍ സ്വന്തമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ കാണാനും, ഉപജില്ലാ മേളയില്‍ മികച്ച വിജയം നേടാന്‍ ആശംസകള്‍ നേരാനുമായി നഗരസഭാ അധികൃതര്‍ എത്തി. നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സാലി പൗലോസ്, കൗണ്‍സിലര്‍ അബ്ദുള്‍ അസീസ് എം, നിര്‍വഹണ ഉദ്യോഗസ്ഥന്‍ പി.എ അബ്ദുള്‍ നാസര്‍, പ്രധാനാധ്യാപിക ബിജി വര്‍ഗീസ്, എസ് എസ് കെ ബി.പി. സി. രാജന്‍ ടി പരിശീലകരായ ജി സോമോള്‍ വി സി, ശിഖ സി സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *