May 4, 2026

ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു

0
site-psd-120
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ:വ്യത്യസ്ത മേഖലയിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ വനിതാ ശിശുവികസന വകുപ്പ് നൽകുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് ജുവാൻ ക്രിസ്റ്റോ ഷിജു, കെ. മുഹമ്മദ് ഹാനി, ആന്മരിയ ഷിജു എന്നിവർ അർഹരായി. കലാ-കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം തുടങ്ങിയ മേഖലകളിലും ഭിന്നശേഷി കുട്ടികളെ പ്രത്യേക വിഭാഗമായി കൂടി ഉൾപ്പെടുത്തിയുമാണ് ഉജ്ജ്വലബാല്യം പുരസ്‌കാരം നൽകുന്നത്.

ആറു മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തിൽ ഗണിതശാസ്ത്രത്തിൽ പൈയുടെ മൂല്യം 518 ൽ അധികം അക്കങ്ങളിൽ തെറ്റ് കൂടാതെ ഏഴ് മിനുട്ട് 22 സെക്കൻഡ് കൊണ്ട് പറഞ്ഞ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും 118 മൂലകങ്ങൾ ഒരു മിനുട്ട് 25 സെക്കൻഡിൽ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് ജേതാവുമായ ജുവാൻ ക്രിസ്റ്റോ ഷിജുവാണ് പുരസ്‌കാരത്തിന് അർഹനായത്. 12 മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തിൽ മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തത്തിൽ അസാമാന്യ ധൈര്യത്തിലൂടെ പിതൃമാതാവിന്റെ ജീവൻ രക്ഷിച്ച കെ. മുഹമ്മദ് ഹാനി ഉജ്ജ്വല ബാല്യം പുരസ്‌കാരം കരസ്ഥമാക്കി. ഭിന്നശേഷി വിഭാഗത്തിൽ ശാസ്ത്രോത്സവം വിജയി ആൻമരിയ ഷിജുവും പുരസ്‌കാരം നേടി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജില്ലാതലത്തിൽ ജില്ലാ കളക്ടർ അധ്യക്ഷയായ കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *