April 25, 2026

ടൗണ്‍ഷിപ്പ് പദ്ധതി ഒരുമയുടെയും സ്‌നേഹത്തിന്റെയും കേരള മാതൃക: മുഖ്യമന്ത്രി

0
IMG_20260301_155507
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: നാടിന്റെ ഒരുമയുടെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കേരള മാതൃക ഒരിക്കല്‍കൂടി രാജ്യത്തിനും ലോകത്തിനും മുമ്പില്‍ ഉയര്‍ത്തിക്കാട്ടുകയാണ് വയനാട് മാതൃക ടൗണ്‍ഷിപ്പ് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മനുഷ്യര്‍ ഭേദചിന്തകള്‍ക്ക് അതീതമായി പരസ്പരം താങ്ങും തണലുമാകുന്ന കേരള മാതൃക വീണ്ടും ലോക ശ്രദ്ധ ആകര്‍ഷിക്കുകയാണ്. പരസ്പരസ്നേഹത്തോടെ മനുഷ്യര്‍ ഇടകലരുന്നതില്‍ അസ്വസ്ഥരാകുന്നവര്‍ സംസ്ഥാനത്തിനെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് കേരളത്തിന്റെ ഈ സ്നേഹ മാതൃകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയ ടൗണ്‍ഷിപ്പ് പദ്ധതി ഒട്ടും എളുപ്പമായിരുന്നില്ല. ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട ഒരു ജനതയെ ചേര്‍ത്തുപിടിച്ചുപിടിച്ച മനുഷ്യത്വത്തിന്റെ സവിശേഷതയാണ് മുണ്ടക്കൈ – ചൂരല്‍മല അതിജീവനത്തില്‍ നാം കണ്ടത്. വ്യാജപ്രചാരണങ്ങളും കേന്ദ്ര സഹായനിഷേധവും കോടതി വ്യവഹാരങ്ങളും ഉള്‍പ്പെടെയുള്ള പ്രതിലോമകരമായ ഇടപെടലുകളെയെല്ലാം അതിജീവിച്ചാണ് പദ്ധതി യാഥാര്‍ഥ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരുമിച്ചു ജീവിക്കണമെന്ന ദുരന്തബാധിതരുടെ ആഗ്രഹം പരിഗണിച്ചാണ് ടൗണ്‍ഷിപ്പ് പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ദുരന്തബാധിതര്‍ക്ക് ഉപജീവനത്തിനായി ഓരോ മാസവും സാമ്പത്തിക സഹായം നല്‍കുന്നതിന് 17.2 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. സമാശ്വാസ ധനസഹായമായി 13 കോടി രൂപയും അടിയന്തര ധനസഹായമായി 1.3 കോടി രൂപയും വിതരണം ചെയ്തു. ദുരന്തത്തില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട 21 കുട്ടികള്‍ക്ക് സഹായം നല്‍കുന്നതിന് 2 കോടി രൂപയാണ് ചെലവഴിച്ചത്. 858 കുടുംബങ്ങള്‍ക്ക് പ്രതിമാസം 1,000 രൂപയുടെ ഭക്ഷ്യക്കൂപ്പണും നല്‍കിവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 

സമാനതകളില്ലാത്ത സഹായപ്രവാഹമാണ് ദുരിതാശ്വാസ നിധിയിലേക്കുണ്ടായത്. 773.98 കോടി രൂപ വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യപ്പെട്ടു. സമൂഹത്തിന്റെ നാനാതുറകളിലുള്ള സംഘടനകളും വ്യക്തിത്വങ്ങളും സഹായഹസ്തം നീട്ടി. കര്‍ണ്ണാടക, ആന്ധ്രാ സര്‍ക്കാരുകള്‍ 10 കോടി രൂപ വീതവും തമിഴ്നാട്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ 5 കോടി രൂപ വീതവും സംഭാവനയായി നല്‍കി.

കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് ദുരന്തബാധിതരുടെ വായ്പാ കുടിശ്ശികകള്‍ പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിവിധ ബാങ്കുകളിലായി 555 ഗുണഭോക്താക്കള്‍ക്കുള്ള 1,620 വായ്പകളുടെ കുടിശ്ശിക തുകയായ 18.75 കോടി രൂപയാണ് സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏറ്റെടുത്തത്.

മികച്ച രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെയും പ്രതികൂല കാലാവസ്ഥകളെയെല്ലാം മറികടന്നാണ് നിര്‍മ്മാണപ്രവൃത്തികള്‍ വേഗത്തിലാക്കിയ ആയിരക്കണക്കിന് നിര്‍മ്മാണ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *