കലാമൂല്യമുള്ള സിനിമകൾ കാണുന്നത് തന്നെ സാംസ്കാരിക പ്രവർത്തനം: ചെറുവയൽ രാമൻ
മാനന്തവാടി: ഒപ്പറ ഫിലിം സൊസൈറ്റി വയനാടും ഗവൺമന്റ് കോളേജ് മാനന്തവാടിയും സംയുക്തമായി ഏകദിന ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. കോളേജ് ഡിജിറ്റൽ തിയേറ്ററിൽ മതിപ്പുളവാക്കിയ പ്രേക്ഷകപങ്കാളിത്തത്തോടെ നടന്ന ചലച്ചിത്രോൽസവം പത്മശ്രീ ചെറുവയൽ രാമൻ ഉൽഘാടനം ചെയ്തു. സഹജീവികളുടെ വേദനയും നിലവിളിയും ചരിത്രവും വർത്തമാനവും അടങ്ങിയ സിനിമകൾ കാണാൻ സമയം കണ്ടെത്തുന്നത് തന്നെ സാംസ്കാരിക പ്രവർത്തനമാണെന്ന് ചെറുവയൽ രാമൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിൽ മനുഷ്യനെ കൂടുതൽ മനുഷ്യനാക്കുന്ന തലത്തിലുള്ള കാലഘട്ടത്തിനനുസൃതമായ മാറ്റം വേണമെന്ന ചെറുവയൽ രാമന്റെ പ്രസ്താവന വിദ്യാർഥികൾ നിറഞ്ഞ കൈയ്യടിയോടെ സ്വീകരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. അബ്ദുൾസലാം കെ അധ്യക്ഷനായിരുന്നു. കോളേജ് ഫിലിം ക്ലബ് കോർഡിനേറ്റർ ഡോ സ്മിത എം സ്വാഗതം പറഞ്ഞു.
എം. കെ രാംദാസ് സംവിധാനം ചെയ്ത ‘ നെകൽ ക്രോണിക്കിൾ ഓഫ് ദ പാഡിമാൻ ‘ ഡോക്യുമെന്ററി ഉൽഘാടന ചിത്രമായിരുന്നു. ചെറുവയൽ രാമന്റെ ജീവിതാന്വേഷണങ്ങളെ അനാവരണം ചെയ്യുന്ന പ്രസ്തുത ചിത്രത്തെ അധികരിച്ച് നടന്ന ഓപ്പൺഫോറം സി കെ ജാനു ഓൺലൈനായി നിർവഹിച്ചു. ഓപ്പൺ ഫോറത്തിൽ ചെറുവയൽരാമൻ, തൃശ്ശിലേരിയിലെ ജൈവകർഷകനും മികച്ച കർഷകനുള്ള സംസ്ഥാന പുരസ്കാരത്തിന് മുൻപ് അർഹനാവുകയും ചെയ്ത ജോൺസൺ ഒ വി എന്നിവർ പങ്കെടുത്തു.മാധ്യമ പ്രവർത്തക ആശ വി സി മോഡറേറ്ററായിരുന്നു. വിത്തുകളുടെ രാഷ്ടീയം, ഹരിതവിപ്ലവം, ജൈവകൃഷി, മൾട്ടീനാഷണലുകൾ തീരുമാനിക്കുന്ന ഭക്ഷണവും മരുന്നും തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയായി. തുടർന്ന് ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ ചിത്രം ‘ ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്, മാനന്തവാടി ഗവ: കോളേജ് വിദ്യാർഥികൾ ഒരുക്കിയ ഷോട്ട്ഫിലിമുകളായ ‘ഡെപ്ത് ‘ , ‘മെറ്റീരിയ ‘, ഇന്ത്യയിൽ നിന്ന് ഇക്കുറി ഓസ്കാർ നോമിനേഷൻ നേടിയ നീരജ് ഗയ്വാൻ സംവിധാനം ചെയ്ത ചിത്രം ഹോംബൗണ്ട് എന്നിവ പ്രദർശിപ്പിച്ചു. ഒപ്പറ ഫിലിം സൊസൈറ്റി പ്രസിഡന്റ് മണികണ്ഠൻ സി, കോളേജ് ഐ ക്യു എ സി കോ ർഡിനേറ്റർ ഡോ ജൽസൺ ജേക്കബ്, ഒപ്പറ ഫിലിം സൊസൈറ്റി സെക്രട്ടറി അറവൻ, കോളേജ് പി ടി എ സെ ക്രട്ടറി സുമേഷ് എ കെ , സ്റ്റുഡൻസ് യൂണിയൻ ചെയർപേഴ്സൺ ദർശന വി എ ന്നിവർ ഉൽഘാടന ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഒപ്പറഫിലിം സൊസൈറ്റി ടെക്നിക്കൽ ഹെഡ് അരുൺ കെ എ നന്ദി രേഖപ്പെടുത്തി.





Leave a Reply