ദുരന്തമുഖങ്ങളിൽ തുണയാവാൻ സിവിൽ ഡിഫൻസ്; മാനന്തവാടിയിൽ മൂന്നാം ബാച്ച് പരിശീലനം പൂർത്തിയാക്കി
മാനന്തവാടി: കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാൻ യുവജനങ്ങളെ പ്രാപ്തരാക്കുവാനും ജനങ്ങളുടെ സുരക്ഷയ്ക്കായി ഏതു നിമിഷവും ഓടിയെത്താൻ സന്നദ്ധമായ ഒരു സേനയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ രൂപീകരിച്ച സിവിൽ ഡിഫൻസ് വോളന്റീയർമാരുടെ മൂന്നാം ബാച്ച് പരിശീലനം മാനന്തവാടി ഫയർ സ്റ്റേഷനിൽ വിജയകരമായി പൂർത്തിയാക്കി. 130 അംഗങ്ങൾ പങ്കെടുത്ത ഏഴുദിവസത്തെ പരിശീലന പരിപാടിയിൽ വിവിധ ദുരന്തമേഖലകളിൽ നടത്തേണ്ട രക്ഷാപ്രവർത്തനങ്ങൾ, അടിസ്ഥാന ജീവൻരക്ഷാ രീതികൾ (ബി എൽ എസ് ) എന്നിവയിൽ വോളന്റീയർമാർക്ക് പ്രായോഗിക ക്ലാസുകൾ നൽകി.
മാനന്തവാടി ഫയർ സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാർ പി.യുടെ നേതൃത്വത്തിൽ നടന്ന പരിശീലന ക്ലാസുകളുടെ സമാപന സമ്മേളനത്തിൽ തോണിച്ചാൽ ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ പ്രിൻസിപ്പാൾ അനിൽ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഒ.ജി. പ്രഭാകരൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺ കുമാർ, ബിനീഷ് ബേബി, അരുൺ, അമൃതേഷ് വി.ഡി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിവിൽ ഡിഫൻസ് അടുത്ത ബാച്ചിനുള്ള പരിശീലന ക്ലാസുകൾ മാർച്ച് 15-ന് ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മാനന്തവാടി ഫയർ സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 04935 242052, 9496117314, 9446935995.





Leave a Reply