April 25, 2026

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ ആര്‍ കേളു നാളെ പത്രിക സമര്‍പ്പിക്കും

0
IMG_20260318_195225
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:  നിയമസഭാ തിരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമായതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലത്തില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത സ്ഥാനാര്‍ഥിയാണ് എല്‍ഡിഎഫിനുള്ളത്. കഴിഞ്ഞ പത്തു വര്‍ഷമായി നടത്തിയ വികസനം അറിഞ്ഞ് ജനം കൂടെ നില്‍ക്കും.

സ്ഥാനാര്‍ഥിയുടെ വിജയത്തിനായി വ്യാഴാഴ്ച രാവിലെ 10ന് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തക സമിതി രൂപവത്കരണയോഗം വിളിച്ചു ചേര്‍ക്കും. സിപിഐ എം കേന്ദ്രക്കമ്മിറ്റിയംഗവും മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് നേതാക്കളായ സി കെ ശശീന്ദ്രന്‍, ഇ ജെ ബാബു ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സബ് കളക്ടര്‍ക്കു മുമ്പാകെ സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എരുമത്തെരുവ് സിഐടിയു ഓഫീസ് പരിസരത്തു നിന്ന് പ്രകടനമായാണ് സ്ഥാനാര്‍ഥി പ്രവര്‍ത്തകര്‍ക്കൊപ്പമെത്തുക.

മാനന്തവാടി മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും വികസനം നടപ്പാക്കിയ ചാരിതാര്‍ഥ്യത്തോടെയാണ് എല്‍ഡിഎഫ്. സ്ഥാനാര്‍ഥി വോട്ടര്‍മാരെ സമീപിക്കുന്നത്. സ്വന്തമായി മെഡിക്കല്‍ കോളേജെന്ന വയനാടന്‍ ജനതയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. മാനന്തവാടി നഗരത്തില്‍നിന്നു വിളിപ്പാടകലെയുള്ള അമ്പുകുത്തിയില്‍ സ്ഥലമേറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. മലയോര ഹൈവേ, ഉള്‍നാടന്‍ റോഡുകളുടെ നവീകരണം, വള്ളിയൂര്‍ക്കാവ് പാലം, ചൂട്ടക്കടവ്- വിമലനഗര്‍, വാളാട്- പേര്യ റോഡ്, പുലിക്കാട്ട് കടവ് പാലം തുടങ്ങിയ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഒ ആര്‍ കേളു മണ്ഡലത്തില്‍ നടപ്പാക്കിയത്. റൂസ കോളേജും യാഥാര്‍ഥ്യമായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുരങ്കപാത, ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ടവര്‍ക്ക് ആശ്വാസമായി ടൗണ്‍ഷിപ്പ് എന്നിവ ലോകത്തിനു തന്നെ മാതൃകയാണ്. ജില്ലയില്‍ പൊതുവിലും മാനന്തവാടിയില്‍ പ്രത്യേകിച്ചും വികസനത്തിനു പുതുവെളിച്ചം പകര്‍ന്ന വികസന നായകന്‍ ഒ ആര്‍ കേളുവിനെ വിജയിപ്പിക്കാനും നവകേരളത്തിന്റെ പുതുവഴികളിലൂടെ യാത്ര ചെയ്യാനും ഒ ആര്‍ കേളുവിനെ വിജയിപ്പിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് മാനന്തവാടി മണ്ഡലം കണ്‍വീനര്‍ പി വി സഹദേവന്‍, സിപിഐ എം മാനന്തവാടി നിയോജകമണ്ഡലം സെക്രട്ടറി എ എന്‍ പ്രഭാകരന്‍, സിപിഐ ജില്ലാ എക്‌സി. അംഗം വി കെ ശശിധരന്‍, കേരള കോണ്‍ഗ്രസ് (എം ) മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി ജോര്‍ജ്, എന്‍സിപി മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് ടി പി നൂറുദ്ദീന്‍, കേരള കോണ്‍ഗ്രസ് (ബി) യൂത്ത് ജില്ലാ പ്രസിഡന്റ് അനില്‍ വള്ളുവക്കണ്ടി, സിപിഐ ജില്ലാ കമ്മിറ്റിയംഗം നിഖില്‍ പത്മനാഭന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *