യുദ്ധം ഇന്റർനെറ്റിനെ നിശ്ചലമാക്കുമോ? ഹോർമുസ് കടലിടുക്കിലെ കേബിളുകളുടെ സുരക്ഷ ഇന്ത്യയ്ക്കും ഭീഷണി
ന്യൂഡൽഹി: യു.എസും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലെ അസ്ഥിരത ആഗോള ഇന്റർനെറ്റ് ശൃഖലയ്ക്ക് ഭീഷണിയാവുന്നു. ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്രത്തിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ (Subsea Cables) യുദ്ധത്തിന്റെ അടുത്ത ലക്ഷ്യമായി മാറുമോ എന്നതാണ് ആഗോള തലത്തിൽ ഉയരുന്ന ആശങ്ക. ഹോർമുസിലെ കടലിനടിയിലൂടെയാണ് നിർണായകമായ ഇന്റർനെറ്റ് കേബിളുകൾ കടന്നുപോവുന്നത്. ശത്രുരാജ്യങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ഇറാന്റെ നീക്കങ്ങൾ ഈ ഇന്റർനെറ്റ് കേബിളിനുനേരെ ഉണ്ടാകുമോ എന്നാണ് ആശങ്ക.
ചെങ്കടൽ, ഹോർമുസ് കടലിടുക്കുകളിലായി ആയിരക്കണക്കിന് കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന കേബിളുകളാണ് വീഡിയോ കോളുകൾ, ഇ-മെയിലുകൾ മുതൽ ബാങ്കിങ് കൈമാറ്റങ്ങൾക്കും എ.ഐ. സേവനങ്ങൾക്കും വരെ ആവശ്യമായ ആഗോള ഇന്റർനെറ്റ് വിവരങ്ങളെല്ലാം വഹിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയാണ് ഗൾഫ് മേഖലയിലെ വൻകിട ഡാറ്റാ സെന്ററുകളെയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന AAE-1, FALCON തുടങ്ങിയ കേബിളുകൾ കടന്നുപോകുന്നത്. ഇന്ത്യയുടെ വിദേശ ഡേറ്റാ കണക്ഷനുകൾ ഈ ലൈനുകളുമായി നേരിട്ട് ബന്ധമുള്ളവയാണ്. ടാറ്റാ-TGN ഗൾഫ് പോലുള്ള കേബിളുകൾ ഇന്ത്യയുടെ വിദേശ ഡാറ്റാ വിനിമയത്തിൽ നിർണായകമാണ്.
നിലവിലെ സാഹചര്യത്തിൽ കേബിളുകളുടെ സുരക്ഷ ഭീഷണിയിലാണ്. രണ്ട് പാതകളും തടസ്സപ്പെട്ടിരിക്കുന്നതിനാൽ അറ്റകുറ്റപ്പണികൾ ഏതാണ്ട് അസാധ്യമായിരിക്കുകയാണ്. തകരാറിലായ കേബിളുകൾ ശരിയാക്കാൻ ആവശ്യമായ പ്രത്യേക കപ്പലുകൾക്ക് ഈ മേഖലയിലേക്ക് സുരക്ഷിതമായി പ്രവേശിക്കാൻ കഴിയില്ല. ഒരു ചെറിയ അപകടമോ മൈൻ സ്ഫോടനമോ അല്ലെങ്കിൽ ബോധപൂർവമായ കേടുപാടുകളോ ഉണ്ടായാൽ ആഴ്ചകളോളം അല്ലെങ്കിൽ മാസങ്ങളോളം ഇന്റർനെറ്റ് ബന്ധം തകരാറിലാകാൻ സാധ്യതയുണ്ട്.
ഇറാന്റെ എണ്ണപ്പാടങ്ങൾ ഇസ്രയേൽ ലക്ഷ്യം വെക്കുമ്പോൾ, തിരിച്ചടിയായി ലോകത്തിന്റെ ഡിജിറ്റൽ ആശയവിനിമയം തകർക്കാൻ ഇറാൻ മുതിർന്നേക്കാമെന്ന നിരീക്ഷകർ കരുതുന്നു. കേബിളുകളെ ഇറാൻ ലക്ഷ്യംവെക്കുമോ എന്ന് വ്യക്തമല്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഹോർമുസ് കടലിടുക്കിലെ ആഴം കുറഞ്ഞ ഭാഗങ്ങളിലൂടെയാണ് കേബിളുകൾ കടന്നുപോകുന്നത് എന്നതിനാൽ ഇത് തകർക്കുക എളുപ്പമാണ്. കേടുപാടുകൾ സംഭവിച്ചാൽ അത് ഫോണുകളെയും വെബ്സൈറ്റുകളെയും മാത്രമല്ല ബാധിക്കുക. ബാങ്കുകൾ, ഓഹരി വിപണികൾ, ആശുപത്രികൾ, എ.ഐ. സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളെല്ലാം താളംതെറ്റും.





Leave a Reply