July 3, 2026

കൈത്താങ്ങായി കായകൽപ്പം ജനസമ്പർക്കം: വയനാടിന് ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ച് മന്ത്രി കെ.മുരളീധരൻ

0
IMG_20260703_180329
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ കായകൽപ്പം ജനസമ്പർക്ക പരിപാടി. ജില്ലയ്ക്കായി ഒരു ഡസനിൽ അധികം പദ്ധതികൾ ഉൾപ്പെടുന്ന പ്രത്യേക ഹെൽത്ത് പാക്കേജും മന്ത്രി പ്രഖ്യാപിച്ചു. വയനാട് കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ നടന്ന കായകൽപ്പം ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ആരോഗ്യമേഖലയ്ക്ക് പുതുജീവൻ നൽകുന്ന കർമ്മ പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്.

 

ജില്ലയിൽ സൂപ്പർ സ്‍പെഷ്യാലിറ്റി ആശുപത്രി ഉടനുണ്ടാകും. വയനാട് മെഡിക്കൽ കോളേജിന് നിലവിൽ മെഡിക്കൽ കോളേജിനായി കണ്ടെത്തിയ സ്ഥലം സംരക്ഷിത വനഭൂമിയായതിനാൽ അനിയോജ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടിയിൽ മറ്റൊരു സ്ഥലം ലഭ്യമാക്കാനുള്ള സാധ്യതകൾ തേടുകയാണ്. ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുത്ത് അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയില്ലെങ്കിൽ അടുത്ത വർഷം കോളേജിന് അംഗീകാരം നഷ്ടമാവുന്ന സ്ഥിതിയുണ്ടാവും. ഇത് തടയാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് എത്രയും വേഗം ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

വൈത്തിരി ആശുപത്രിയെ ജില്ലാ മാതൃകാ ആശുപത്രിയാക്കി ഉയർത്തും. ഇവിടെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിന് ഉടൻ തറക്കല്ലിടും. ജില്ലയിലെ സർക്കാർ മേഖലയിലുള്ള എം.ആർ.ഐ സ്കാനിംഗ് അപര്യാപ്തത പരിഹരിക്കാൻ ഒരു പ്രധാന ആശുപത്രിയിൽ എം.ആർ.ഐ സ്കാനിംഗ് ഉടൻ സജ്ജമാക്കും. ജില്ലയിലെ എല്ലാ ആശുപത്രികളിലും മതിയായ തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ നിയോഗിക്കും.

 

മുടങ്ങിക്കിടക്കുന്ന ഫണ്ടുകൾ ലഭ്യമാക്കുന്നതും ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ നടപടിയുണ്ടാകും. ജില്ലാ മെഡിക്കൽ ഓഫിസിന് (ആരോഗ്യം) സ്വന്തമായി കെട്ടിടമില്ലാത്ത സാഹചര്യത്തിൽ ഓഫീസ് കെട്ടിടം നിർമ്മിക്കും. ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയർത്തും. മനുഷ്യ – വന്യജീവി സംഘർഷം നിലനിൽക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് സ്ഥാപിക്കും. ജില്ലയ്ക്ക് ഒരു സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രി ഉടനുണ്ടാകും. വയനാട് ക്യാൻസർ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വിശദമായ പഠനം നടത്തും. മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കമ്പളക്കാട് സ്വദേശി അനീഷിന്റെ കുടുംബത്തിന് ആരോഗ്യകിരണം പദ്ധതിവഴി ചികിത്സാ സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.

 

ഷിഗെല്ല ഉൾപ്പെടെയുള്ള ജനജന്യ രോഗങ്ങൾ തടയുന്നതിന് ജലപരിശോധനകൾ കർശനമാക്കും. ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ കൊണ്ട് നിപയുടെ വ്യാപനം ഫലപ്രദമായി തടയാനായി. കൂട്ടായ പ്രവർത്തനം കൊണ്ട് ഷിഗെല്ല നിയന്ത്രിക്കാനായെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയിലെ വെല്ലുവിളികൾ, പ്രതിസന്ധികൾ, ആരോഗ്യ രംഗത്ത് മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പദ്ധതി നിശ്ചയിക്കൽ എന്നിവയും മണ്ഡലാടിസ്ഥാനത്തിൽ ഉയർന്നു വരുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തി ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനായി പദ്ധതി തയ്യാറാക്കുകയാണ് ജനസമ്പർക്ക പരിപാടിയുടെ ലക്ഷ്യം.ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഓരോ നിയമസഭാ മണ്ഡലത്തിന്റെയും അടിസ്ഥാനത്തിൽ പ്രത്യേക യോഗം നടത്തിയാണ് മന്ത്രി അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും കേട്ടത്. പരാതികളും നിർദേശങ്ങളും സ്വീകരിക്കാൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു.

 

കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ദീഖ് അദ്ധ്യക്ഷനായി. വയനാടിന്റെ ആരോഗ്യമേഖലയുടെ താളംതെറ്റൽ പുനഃക്രമീകരിക്കാനാണ് ജനസമ്പർക്ക പരിപാടിയിൽ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വയനാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 

എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, ഉഷ വിജയൻ, വയനാട് എം.പി പ്രിയങ്കാ ഗാന്ധിയുടെ പ്രതിനിധി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി. ഹംസ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്, ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ ഐ.എ എസ്., സബ് കളക്റ്റർ അതുൽ സാഗർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ.വി വിശ്വനാഥൻ, ഐ.എസ്.എം ഡയറക്ടർ ഡോ. പ്രീയ കെ.എസ്, ഹോമിയോ വകുപ്പ് ഡയറക്ടർ ഡോ. എം.പി ബീന, കല്പറ്റ വാർഡ് കൗൺസിലർ ദ്വീപ, എ ഡി എം കെ അജീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ മൊയ്തീൻ ഷാ പി.എം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ വി ആർ ഷീജ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *