ഡിജിറ്റൽ വിപ്ലവത്തിലേക്ക് കല്ലോടി സെൻ്റ് ജോസഫ്സ് യു.പി സ്‌കൂൾ; എ ഐ അധിഷ്ഠിത ഇൻ്ററാക്ടീവ് പാനലുകളുടെ ഉദ്ഘാടനം 13ന്
മാനന്തവാടി: വയനാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കൂടുതൽ എൽ.ഇ.ഡി പാനൽ ബോർഡുകളുള്ള വിദ്യാലയമായ കല്ലോടി സെൻ്റ് ജോസഫ്സ് യു.പി സ്‌കൂൾ പൂർണ്ണ ഡിജിറ്റൽ വിപ്ലവത്തിലേക്ക്. സ്‌കൂളിൽ പുതുതായി സജ്ജീകരിച്ച എ ഐ അധിഷ്ഠിത ഇൻ്ററാക്ടീവ് എൽ ഇ ഡി പാനൽ ബോർഡുകളുടെ (നിയോടെക് ക്ലാസ് റൂമുകൾ) ഉദ്ഘാടനവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കലും വരും തിങ്കളാഴ്ച (13ന്) ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് നിയോടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നിർവ്വഹിക്കും. മാനന്തവാടി മണ്‌ഡലം എം.എൽ.എ ഉഷ വിജയൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. കോർപ്പറേറ്റ് മാനേജർ റവ. ഫാ. സിജോ ഇളംകുന്നപ്പുഴ ചടങ്ങിൽ അധ്യക്ഷത വഹിക്കുമെന്നും സ്‌കൂൾ മാനേജർ റവ. ഫാ. സജി കോട്ടായിൽ ആമുഖ പ്രസംഗം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ചടങ്ങിൽ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ സുധാകരൻ, ആരോഗ്യവിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീല ബാലൻ, മാനന്തവാടി എ.ഇ.ഒ എം. സുനിൽ കുമാർ, മാനന്തവാടി ബി.ആർ.സി ബി.പി.സി ഇൻ ചാർജ് വി. എം. ജോസഫ് എന്നിവർ സംബന്ധിക്കും. പ്രധാനധ്യാപകൻ ജോസ് പള്ളത്ത്, പി ടി എ പ്രസിഡൻ്റ് ജിനീഷ് തോമസ്, മദർ പി ടി എ പ്രസിഡൻ്റ് സീനത്ത് ബിരാളി, ജനറൽ കൺവീനർ ഷിൻ്റോ ആൻ്റണി, പബ്ളിസിറ്റി കൺവീനർ പി ഡി തോമസ്, വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് സഹദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply