തദ്ദേശ വകുപ്പിലെ ഡ്രൈവർ നിയമന ക്രമക്കേട്: എസ്.ഐ.ടി അന്വേഷണ സംഘം ബുധനാഴ്‌ച വയനാട്ടിലെത്തും
മാനന്തവാടി: തദ്ദേശ വകുപ്പിലെ ഡ്രൈവർ നിയമനങ്ങളിലെ ക്രമക്കേട് അന്വേഷിക്കാൻ ഐ.ജി അജിത ബീഗത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ജൂലൈ 29 ബുധനാഴ്‌ച വയനാട്ടിലെത്തും. ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 621/2024) തസ്തികയിലേക്ക് പി.എസ്.സി വഴിയുള്ള നിയമനം അകാരണമായി തടഞ്ഞുവെച്ചതിനും വെബ്സൈറ്റിൽ നിന്ന് ഒഴിവുകൾ പിൻവലിച്ചതിനും എതിരെ വയനാട്ടിലെ ഒരുകൂട്ടം ഉദ്യോഗാർഥികൾ നൽകിയ പരാതിയിലാണ് നടപടി. വയനാട്, ഇടുക്കി ജില്ലകളിലെ ഒഴിവുകളാണ് പ്രധാനമായും തടഞ്ഞുവെച്ചിരിക്കുന്നത്. വിവരാവകാശ രേഖകൾ പ്രകാരം വകുപ്പിൽ 2500ഓളം താൽക്കാലിക ഡ്രൈവർമാരാണ് ജോലി ചെയ്യുന്നത്. 2022ലെ ചില സർക്കാർ തീരുമാനങ്ങളുടെ മറവിൽ, പുതിയ തസ്‌തിക സൃഷ്ടിച്ചും വീണ്ടും വിജ്ഞാപനം ഇറക്കിയും ഇവരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നതായി ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ഈ ആരോപണങ്ങളിലാണ് എസ്.ഐ.ടി അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ 10ന് കമ്പളക്കാട് ക്രൈം ബ്രാഞ്ച് ഓഫീസിൽ വെച്ച് പരാതിക്കാരായ ഉദ്യോഗാർഥികളിൽനിന്ന് സംഘം മൊഴിയെടുക്കും. പരാതിപ്പെട്ട ഉദ്യോഗാർഥികൾ അന്ന് നടക്കുന്ന ഹിയറിങ്ങിൽ നിർബന്ധമായും എത്തണമെന്ന് അന്വേഷണ സംഘം അറിയിച്ചു.





Leave a Reply