കാരുണ്യത്തിന്റെ കരങ്ങൾ; 22-മത് ജില്ലാ പാലിയേറ്റീവ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു
കൽപ്പറ്റ: 22-മത് ജില്ലാ പാലിയേറ്റീവ് വളണ്ടിയർ സംഗമം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുട്ടിൽ എംആർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം കൺവീനർ ഷുക്കൂർ കാദിരി സ്വാഗതവും വയനാട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ വൈസ് ചെയർമാൻ എൻ.യു ഇമ്മാനുവൽ അധ്യക്ഷതയും വഹിച്ചു.
ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് വിപ്പ് സെക്രട്ടറി കെ കെ ചന്ദ്രശേഖരനും, വരവ് ചിലവ് കണക്കുകൾ കെ ജി സുകുമാരൻ മാസ്റ്ററും അവതരിപ്പിച്ചു. വയനാട് ജില്ലയിൽ വിവിധ പാലിയേറ്റീവ് യൂണിറ്റിൽ സേവനം അനുഷ്ഠിക്കുന്ന മുഴുവൻ നേഴ്‌സുമാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ് പൊന്നാട അന്നിയിച്ച് ആദരിച്ചു. ഐപിഎസി വൈസ് ചെയർമാൻ, മജീദ് മാസ്റ്റർ, പാലിയേറ്റീവ് സന്ദേശം നൽകി. ഐ.പി.എം ഫാക്കൽറ്റി സത്യപാൽ, സൈക്കോ സോഷ്യൽ സപ്പോർട്ട് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. പാലിയേറ്റീവ് രോഗികൾ അഭിമുഖീകരിക്കുന്ന, മാനസികവും സാമൂഹികമായ പ്രശ്നങ്ങളെ തരണം ചെയ്യാൻ, ഓരോ പാലിയേറ്റീവ് പ്രവർത്തകനും സന്നദ്ധനായിരിക്കണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഐപിഎം ഫാക്കൽറ്റി സെയ്‌ഫ് മുഹമ്മദ് പാലിയേറ്റീവ് രംഗത്തെ സന്നദ്ധ പ്രവർത്തനം എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്സ് എടുത്തു. പാലിയേറ്റീവ് രംഗത്തെ മൂല്യച്യുതി കണ്ടില്ലെന്ന് നടിച്ചു മുന്നോട്ടു പോകാൻ കഴിയില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഓരോ പ്രവർത്തകനും രോഗിയോടും കുടുംബത്തോടും മാത്രമല്ല സമൂഹത്തോട് കൂടി ഉത്തരവാദിത്തപ്പെട്ടവനാണെന്ന കാര്യവും ക്ലാസ്സിൽ ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തെ, ആസ്പദമാക്കി അക്ബർ അലി ഖാൻ ക്ലാസ് എടുത്തു. രോഗി പരിചരണത്തെ കുറിച്ചുള്ള ക്ലാസിന് ഡോ. റാഷിദ് ഗസ്സാലി നേതൃത്വം നൽകി.
സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് സി പി ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സി.ഡി എസ് ചെയർപേഴ്സൺ, സ്വാഗതസംഘം ചെയർമാൻ കെ ശശിധരൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ സൗഭദ്ര ആയുർവേദ ആശുപത്രിയിലെ പ്രേംനസീർ, ആരോഗ്യ കർമ്മ ശ്രേഷ്ഠ പുരസ്‌കാര ജേതാവ് ആൻ്റണി വൈദ്യരെ ആദരിച്ചു. വിവിധ ദേവാലയങ്ങളിലെയും മുസ്ലിം പള്ളികളിലെയും മതപണ്ഡിതർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുട്ടിൽ സ്പർശം യുണിറ്റ് സെക്രട്ടറി അസ്ഗർ അലിഖാൻ സ്വാഗതവും ദേവദാസ് എം.പി നന്ദിയും പറഞ്ഞു.
22 മത് വയനാട് ജില്ല പാലിയേറ്റീവ് വോളണ്ടിയർ സംഗമത്തിൽ, വിവിധ യൂണിറ്റുകളിൽ നിന്നായി 500ൽ അധികം പ്രതിനിധികൾ പങ്കെടുക്കുകയുണ്ടായി. പരിപാടിക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിനിധികൾ, അബ്ദുറഹിമാൻ പടിഞ്ഞാറത്തറ, മായിൻ, രാഘവൻ മാനന്തവാടി, ശ്രീമതി മേരി നടവയൽ, പോക്കു പനമരം, ഏലിയാ പോൾ എന്നിവർ നേതൃത്വം നൽകി.





Leave a Reply