July 30, 2026

‘വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണം’; കളക്ടറേറ്റ് ഉപരോധിച് കർമ്മ സമിതി

0
WhatsApp Image 2026-07-29 at 6.31.17 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയ്ക്ക് അനുവദിച്ച സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ സർക്കാരിന് സൗജന്യമായി വിട്ടു നൽകിയ 50 ഏക്കർ സ്ഥലത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി വയനാട് കലക്ടറേറ്റ് മണിക്കൂറുകളോളം ഉപരോധിച്ചു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നൂറുകണക്കിന് പ്രവർത്തകർ ധർണ്ണ സമരത്തിൽ പങ്കെടുത്തു. മറ്റ് വിഷയത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ എല്ലാം മറന്ന് മിക്ക രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും കർമ്മസമിതികളുടെയും പ്രതിനിധികൾ ധർണ്ണയിൽ സംബന്ധിച്ചു സംസാരിച്ചു.

എല്ലാവിധ വികസന ആവശ്യങ്ങൾക്കും ഉതകുന്നതും വയനാട്ടിലെ വിവിധ ഇടങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമായ വയനാട് ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മടക്കിമലയിലെ ഭൂമി ഉപേക്ഷിച്ച് പകരം ഭൂമിക്കായി അലയുന്ന അവസ്ഥ കഴിഞ്ഞ 10 വർഷമായി ഇടതുപക്ഷ സർക്കാർ ജനങ്ങളോട് കാണിച്ച വഞ്ചനയുടെ തുടർച്ചയായി മാത്രമേ ഇപ്പോഴത്തെ നിലപാടിനെയും കാണാൻ കഴിയുകയുള്ളൂ. വയനാട്ടിലെ ഒരു വിഭാഗം ജനങ്ങൾക്ക് മാത്രം പ്രയോജനപ്പെട്ടേക്കാവുന്ന മാനന്തവാടിയിലോ അതിന് അപ്പുറമുള്ള കണ്ണൂർ ജില്ലയിൽ ഉള്ളവർക്ക് മാത്രമേ പ്രയോജനപ്പെടാവോ എന്നുള്ള രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ ദുർ വാശി സംശയാസ്പദവും ആശങ്കപ്പെടേണ്ടതുമാണ്. ഇക്കാര്യത്തിൽ സ്വകാര്യ മെഡിക്കൽ ലോബി ജനപ്രതിനിധികളെയും രാഷ്ട്രീയ നേതൃത്വത്തെയും സ്വാധീനിച്ചു എന്നേ ധരിക്കാൻ സാധ്യതയുള്ളൂവെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു.

ഐഎംഎയുടെ നേതൃത്വത്തിലും കേരള വ്യാപാര വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലും വയനാട് ജില്ലയിൽ ആരംഭിക്കാൻ പ്രരംഭ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ മെഡിക്കൽ കോളേജ് അട്ടിമറിക്കപ്പെടുകയായിരുന്നു. ആധുനിക ചികിത്സാരംഗത്ത് രാജ്യത്തിന് തന്നെ മുതൽക്കൂട്ടാകുമായിരുന്നു ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വയനാട് ജില്ലയിൽ സ്ഥാപിക്കുന്നതിന് തീരുമാനിച്ചിരുന്നു എങ്കിലും അവർക്ക് സൗകര്യപ്രദമായ ഭൂമി കണ്ടെത്തി കൊടുക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് അത് തിരുവനന്തപുരത്തേക്ക് പോയി. ആധുനിക ചികിത്സാരംഗത്ത് ഗവേഷണത്തിനും ചികിത്സക്കും ഏറ്റവും അധികം ഉപകരിക്കുമായിരുന്ന ഈ ഗവേഷണ കേന്ദ്രം വയനാടിന് നഷ്ടമാക്കിയതിന്റെ പിന്നിലും ഈ ലോബി തന്നെ ആണ് പ്രവർത്തിച്ചിരുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഒത്തുതീർപ്പ് ഫോർമുല എന്ന രീതിയിൽ സുൽത്താൻബത്തേരിയിൽ ജില്ലാ ആശുപത്രി വൈത്തിരി മാനന്തവാടി എന്നിവിടങ്ങളിൽ എവിടെയെങ്കിലും മെഡിക്കൽ കോളേജും അവശേഷിക്കുന്ന സ്ഥലത്ത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി എന്ന പ്രൊപ്പോസൽ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി തള്ളിക്കളഞ്ഞു. ബോർഡ് മാറ്റൽ പ്രക്രിയയിലൂടെ ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജ് ആക്കി മാറ്റിയ അതെ സൂത്രപ്പണിയാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ അത് സ്വീകാര്യമല്ല. മടക്കിമലയിലെ മെഡിക്കൽ കോളേജ് എന്ന ആവശ്യത്തിൽ നിന്ന് ഒരു അംശം പോലും വിട്ടുപോകുവാൻ ബത്തേരി വൈത്തിരി താലൂക്കുകളിലെ ജനങ്ങൾ തയ്യാറല്ല.

അമ്പുകുത്തിയിലെ വനഭൂമി വിട്ടു കിട്ടുകയില്ല എന്ന ബോധ്യം ആയതോടെ മാനന്തവാടിയിൽ നിന്നും വീണ്ടും 5 കിലോമീറ്റർ ഓളം ജില്ലാ അതിർത്തിയിലേക്ക് മാറി കെഎസ്ഇബിയുടെ കൈവശത്തിൽ ഇരിക്കുന്ന 21 ഏക്കർ ഭൂമി മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനായി വിട്ടുകൊടുക്കാനുള്ള ആലോചനയെ ശക്തമായി എതിർക്കുകയും പ്രതിരോധിക്കുകയും ചെയ്യും. പോൾ കാസ്റ്റിംഗ് യാർഡും, സോളാർ വൈദ്യുതി ഫീൽഡും കഴിഞ്ഞാൽ അവശേഷിക്കുന്ന 8 ഏക്കർ ഭൂമി ചതുപ്പും 75 ഡിഗ്രി ചരിവുള്ളതുമാണ്. ഇവിടേക്ക് സൗകര്യപ്രദമായ റോഡോ മറ്റു സൗകര്യങ്ങളോ ഒന്നും തന്നെയില്ല. വൈദ്യുതി ബോർഡിന്റെ എതിർപ്പിനെ മറികടന്ന് ഈ ഭൂമി വിട്ടു നൽകുന്നതായാൽ നിയമനടപടികളും ശക്തമായ സമരപരിപാടികളും ഉണ്ടാകുമെന്ന് ധർണ്ണയിൽ പങ്കെടുത്ത നേതാക്കൾ മുന്നറിയിപ്പ് നൽകി.

ധർമ്മ സമരം കേരള ചെട്ടി സർവീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എസ് എച്ച് ആർ പി സി ജില്ലാ പ്രസിഡണ്ട് കെ എൻ പ്രേമലതയുടെ അധ്യക്ഷത വഹിച്ചു. എസ് എച്ച് ആർ പി സി ജില്ലാ സെക്രട്ടറി ഗോകുൽദാസ് സ്വാഗതവും തുടർന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ പ്രശാന്ത് മലവയൽ, അഷ്‌റഫ്‌ കുന്നത്ത്, ലീഗ് ജില്ലാ സെക്രട്ടറി പി.പി അയൂബ് (സിപിഐ(എംഎൽ)), സാം പി മാത്യൂ, അഡ്വ. വി പി എൽദോ, റോയ് സെബാസ്റ്റ്യൻ, അഡ്വ. ടി യു ബാബു, അബ്ദുൽ ഖാദർ മടക്കിമല, ബാബു കടമന, അഡ്വക്കേറ്റ് എസ്.ആർ ലൂസി കളപ്പുരക്കൽ, അഡ്വക്കേറ്റ് ഫാ തോമസ് തേരകം പ്രകാശൻ, ഇ.പി. ഫിലിപ്പ് കുട്ടി തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *