പടിഞ്ഞാറത്തറയിലും പനമരത്തും കാറിലെത്തി കവർച്ച നടത്തിയ സംഘം കർണാടകയിൽ പിടിയിൽ
പടിഞ്ഞാറത്തറ: ബീവറേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന സംഘത്തെ വയനാട് പോലീസ് സാഹസികമായി പിടികൂടി. തരുവണ മന്ദംകണ്ടി വീട്ടിൽ മുഹമ്മദ് ബഷീർ (45), പീച്ചങ്കോട് കാളിയാർ വീട്ടിൽ സൈദുള്ള (36) എന്നിവരാണ് കർണാടകയിലെ ചാമരാജ് നഗറിൽ നിന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. പനമരത്തും പടിഞ്ഞാറത്തറയിലും ഒരേ രീതിയിൽ ആസൂത്രിത കവർച്ച നടത്തി ഭീതി പടർത്തിയ ശേഷം കർണാടകയിലേക്ക് കടന്ന ഇവർക്കെതിരെ പനമരം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയായ മുഹമ്മദ് ബഷീറിന് എൻ.ഡി.പി.എസ്, അബ്കാരി കേസുകളടക്കം വിവിധ സ്റ്റേഷനുകളിലായി എട്ടോളം കേസുകളും സൈദുള്ളക്ക് കൽപ്പറ്റ സ്റ്റേഷനിൽ കേസും നിലവിലുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 31-ന് ഉച്ചയോടെ പടിഞ്ഞാറത്തറ നായ്മൂല ബീവറേജിന് സമീപത്ത് വെച്ചാണ് ഇവർ ആദ്യ കവർച്ച നടത്തിയത്. ലോട്ടറി വിൽപ്പനക്കാരനായ ബിജോയിയിൽ നിന്ന് ലോട്ടറി വാങ്ങി പണം നൽകാമെന്ന് പറഞ്ഞ് കാറിൽ വിളിച്ചുകയറ്റിയ ശേഷം തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. തുടർന്ന് ഷർട്ട് വലിച്ചുകീറി കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പണവും ടിക്കറ്റുകളും കവർന്നു. അന്ന് വൈകീട്ട് പനമരത്ത് വെച്ച് നടവയൽ സ്വദേശിയെ ബലമായി കാറിലേക്ക് വലിച്ചുകയറ്റി മർദ്ദിച്ച് പണവും മദ്യവും തട്ടിയെടുത്ത് വഴിയിൽ തള്ളുകയും ചെയ്തു.
അന്ന് രാത്രി കൽപ്പറ്റ ബീവറേജിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഇരുവരെയും കൽപ്പറ്റ പോലീസ് കരുതൽ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് തട്ടിപ്പിനിരയായവർ പരാതിയുമായി അതത് സ്റ്റേഷനുകളിലെത്തിയതോടെയാണ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയത്. ജില്ലാ പോലീസ് മേധാവി എസ്.ദേവമനോഹർ ഐ.പി.എസ്, മാനന്തവാടി എ.എസ്.പി കാർത്തിക് ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ ബിജു വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.





Leave a Reply