കരാറുകാരൻ വാക്കുപാലിച്ചു: തരുവണയിൽ നിന്ന് റോഡ് പണി ആരംഭിച്ചു.
മാനന്തവാടി: വെള്ളമുണ്ടയിലെ കർമ്മസമിതിക്കും നാട്ടുകാർക്കും പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരും കരാറുകാരനും കൊടുത്ത വാക്കുപാലിച്ചു. തരുവണ – വെള്ളമുണ്ട – നിരവിൽപ്പുഴ റോഡിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചു. സമരത്തിനൊരുങ്ങിയ നാട്ടുകാരോട് മെറ്റൽ നിരത്തുന്ന ജോലികൾ തിങ്കളാഴ്ച തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ കൽപ്പറ്റ ഓഫീസിൽ നടത്തിയ ചർച്ചയിൽ ഉറപ്പ് നൽകിയിരുന്നു. കാലാവസ്ഥ മോശമല്ലങ്കിൽ മെക്കാഡം ജോലികളും ചെയ്യുമെന്ന് കരാറുകാരൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ ആയതിനാൽ തിങ്കളാഴ്ചക്ക് പകരം ചൊവ്വാഴ്ചയാണ് മെറ്റൽ നിരത്തുന്ന ജോലി തുടങ്ങിയത്. കുഴികളിലെ വെള്ളം വറ്റിച്ചാണ് പ്രവൃത്തി തുടങ്ങിയത്. രാത്രി മഴ ആയിരുന്നതിനാൽ രാവിലെ ജോലി തുടങ്ങാനായില്ല. ഉച്ചയോടെ മെറ്റൽ നിരത്തി തുടങ്ങി. തരുവണ മുതൽ വെള്ളമുണ്ട വരെയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം മഴ കുറഞ്ഞാൽ ഒക്ടോബർ 20-ന് തുടങ്ങും.
ഇതിനിടെ റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതിന് കെ.എസ്.ഇ.ബി. ക്ക് കരാറുകാരൻ നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങിയത് വിവാദമായിരുന്നു. കെ.എസ്. ഇ .ബി.ക്ക് നൽകാനുള്ള അഞ്ചര ലക്ഷം രൂപ പണമായി സ്വീകരിക്കാൻ കഴിയാത്തതിനാൽ പണം കൊണ്ടുചെന്നപ്പോൾ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ സ്വീകരിക്കാതിരുന്നത്. പകരം കൊടുത്ത ചെക്ക് കരാറുകാരന്റെ ഒ.ഡി. അക്കൗണ്ടിന്റേതായിരുന്നു. ഉദ്യോഗസ്ഥർ രണ്ട് ദിവസം കഴിഞ്ഞ് ചെക്ക് ബാങ്കിൽ സമർപ്പിച്ചപ്പോഴേക്കും ഒ.ഡി. യുടെ പലിശ പിടിച്ചതിനാൽ ആവശ്യത്തിന് ബാലൻസില്ലാതെ ചെക്ക് മടങ്ങി. പകരം തുക 562,144 രൂപ തിങ്കളാഴ്ച അക്കൗണ്ട് വഴി കെ.എസ്.ഇ.ബി.ക്ക് കരാറുകാരൻ നൽകി. ഈ ആഴ്ച തന്നെ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റും. തടസ്സമുള്ള 'മരങ്ങൾ മുറിച്ചു മാറ്റലാണ് മറ്റൊരു ജോലി. വനം വകുപ്പിന്റെ അനുമതി കിട്ടിയതിനാൽ മരങ്ങൾ ഈ ആഴ്ച ലേലം ചെയ്യും .






Leave a Reply