June 27, 2026

സ്‌കൂള്‍ പാചക തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിലേക്ക്

0
Ghi

 

കല്‍പ്പറ്റ: സംസ്ഥാനത്തെ സ്‌കൂള്‍ പാചക തൊഴിലാളികള്‍ വേതന, ആനുകൂല്യ നിഷേധത്തിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക്.വിരമിക്കല്‍ ആനുകൂല്യങ്ങളോ ഗ്രാറ്റുവിറ്റിയോ പെന്‍ഷനോ ഒന്നുമില്ലാതെയാണ് സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വരുന്ന പാചക തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. ഇത്തരം തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ സമരത്തിലേക്ക് കടക്കാനാണ് പാചക തൊഴിലാളികളുടെ തീരുമാനം. പാചക തൊഴിലാളികളുടെ വേതനം മാസങ്ങളായി കുടിശ്ശികയാകുന്ന പതിവ് മൂന്ന് വര്‍ഷത്തിലധികമായി തുടരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശമ്പളം ഇനിയും ലഭിച്ചില്ലെന്ന് തൊഴിലാളികള്‍.

 

സ്‌കൂള്‍ പാചക തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കുന്ന നിലപാടുകളാണ് സര്‍ക്കാറുകള്‍ തുടരുന്നത്.കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നാമമാത്രമായ ഓണറേറിയം തൊഴിലാളികളുടെ പട്ടിണി മാറ്റാന്‍ പോലും തികയില്ലെന്ന കാഴ്ചപ്പാടോടെയുള്ള പരിഗണന സംസ്ഥാന സര്‍ക്കാര്‍ പാചക തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു. 2010ല്‍ നൂറ് രൂപയായിരുന്ന സ്‌കൂള്‍ പാചക തൊഴിലാളികളുടെ ദിവസക്കൂലിയില്‍ സംസ്ഥാന ബജറ്റിലൂടെ ഓരോ വര്‍ഷവും അമ്പത് രൂപ വീതം വര്‍ധനവ് നല്‍കുന്ന രീതി സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ചിരുന്നു. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അവതരിപ്പിച്ച അഞ്ച് ബജറ്റിലും യാതൊരു വര്‍ധനവും അനുവദിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ പാചക തൊഴിലാളികളെ 2013ല്‍ തന്നെ മിനിമം വേതന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി മിനിമം കൂലി വിജ്ഞാപനവും പുറപ്പെടുവിച്ചു. അടിസ്ഥാന കൂലിക്ക് പുറമേ 15 ശതമാനം വരെ സര്‍വീസ് വെയിറ്റേജ്, 250 കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ ഒരു തൊഴിലാളി, സ്‌പെഷ്യല്‍ അലവന്‍സ്, ലഘുഭക്ഷണം പാചകം ചെയ്യാന്‍ ദിവസവേതനത്തിന്റെ 20 ശതമാനം അതികവേതനം എന്നിവ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം നടപ്പിലാക്കാതെ സര്‍ക്കാര്‍ അട്ടിമറിച്ചു. മിനിമം വേതന നിയമത്തിന്റെ പരിധിയില്‍ നിന്ന് തന്നെ പാചക തൊഴിലാളികളെ ഒഴുവാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഉച്ചഭക്ഷണ പദ്ധതിയുടെ കേന്ദ്ര മാനദണ്ഡങ്ങളില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായി ഉണ്ടായിരുന്ന ഏക വ്യവസ്ഥ അഞ്ഞൂറ് കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ ആറ് തൊഴിലാളികളെ നിയമിക്കണം എന്നാണ്. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ച് അഞ്ഞൂറ് കുട്ടികള്‍ക്ക് ഒരു പാചക തൊഴിലാളി എന്ന മാനദണ്ഡം അടിച്ചേല്‍പ്പിക്കുകയാണുണ്ടായെതെന്ന് സ്‌കൂള്‍ പാചക തൊഴിലാളി യൂനിയന്‍ (എ ഐ ടി യു സി) ജില്ലാ സെക്രട്ടറി സെലീന സന്തോഷ് പറഞ്ഞു. ഒരു തൊഴിലാളിക്ക് ഇത്രയധികം കുട്ടികള്‍ക്ക് ഒറ്റക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുന്നത് സാധ്യമല്ല. അതിനാല്‍ തന്റെ വേതനം പകുതി നല്‍കി പാചക തൊഴിലാളി മറ്റൊരു സഹായിയെ വെക്കുന്ന സ്ഥിതിയാണ് കേരളത്തിലെ ആയിരക്കണക്കിന് സ്‌കൂളുകളില്‍ നടക്കുന്നത്. അതോടെ അവര്‍ക്ക് ലഭിക്കുന്ന ദിവസക്കൂലി 300 രൂപയായി ചുരുങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *