കൺസ്യൂമർഫെഡ് വിഷു – ഈസ്റ്റർ വിപണിക്ക് കൽപ്പറ്റയിൽ തുടക്കം; വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകും
കൽപ്പറ്റ: സംസ്ഥാനത്ത് വിഷു – ഈസ്റ്റർ ആഘോഷങ്ങൾ അടുത്തുവരവെ, വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കൺസ്യൂമർഫെഡ് ആരംഭിച്ച വിഷു – ഈസ്റ്റർ സഹകരണ വിപണികളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ നടന്നു. സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ ശ്രീ. സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ കൺസ്യൂമർഫെഡ് ഡയറക്ടർ ശ്രീമതി രുഗ്മിണി സുബ്രഹ്മണ്യൻ ആദ്യ വില്പന നടത്തി.
ത്രിവേണി മാനേജർ അജീഷ് .പി സ്വാഗതം പറഞ്ഞ ചടങ്ങിൽ മാർക്കറ്റിംഗ് മാനേജർ വേലുസ്വാമി .എം അദ്ധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുൾ ഗഫൂർ നന്ദി പ്രകാശിപ്പിച്ചു. ഏപ്രിൽ 12 മുതൽ 22 വരെ 10 ദിവസമാണ് വിപണി പ്രവർത്തിക്കുക. വയനാട് ജില്ലയിൽ മാനന്തവാടി, കൽപ്പറ്റ ത്രിവേണി സൂപ്പർമാർക്കറ്റുകളോടനുബന്ധിച്ചാണ് പ്രധാനമായും വിപണികൾ ആരംഭിച്ചിരിക്കുന്നത്.
ഈ വിപണികളിലൂടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയിലെ വിലയെക്കാൾ 30 മുതൽ 40 ശതമാനം വരെ കുറഞ്ഞ വിലയിൽ ലഭ്യമാകും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയാണ് സബ്സിഡി നിരക്കിൽ ലഭിക്കുക.കേരളത്തിലെ വിവിധ സഹകരണസംഘങ്ങൾ കേരകർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന കൊപ്രയിൽ നിന്നുണ്ടാക്കുന്ന വിവിധ ബ്രാൻഡുകളിലുള്ള വെളിച്ചെണ്ണകളും വിപണിയിൽ ലഭ്യമാണ്. കൂടാതെ ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും പ്രത്യേക വിലക്കുറവിൽ ലഭിക്കും. സബ്സിഡി ഇല്ലാത്ത ഉത്പന്നങ്ങൾ 10 മുതൽ 35 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. പ്രമുഖ ബ്രാൻഡഡ് കമ്പനികളുടെ FMCG ഉത്പന്നങ്ങളും ആകർഷകമായ ഓഫറുകളിൽ വാങ്ങാനാകും.കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന ത്രിവേണി ബ്രാൻഡിലുള്ള തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ, ബിരിയാണി അരി, വെല്ലം, ഡാൽഡ, സേമിയ തുടങ്ങിയവയും വിലക്കുറവിൽ ലഭ്യമാണ്.
വിപണിയിലെത്തുന്ന നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം സർക്കാർ അംഗീകാരമുള്ള ഏജൻസി മുഖേന പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. കൽപ്പറ്റയിലെ ജില്ലാ വിപണന കേന്ദ്രത്തിൽ ഒരു ദിവസം 150 പേർക്ക് സാധനങ്ങൾ നൽകും. റേഷൻ കാർഡ് മുഖേന നിയന്ത്രിത രീതിയിലാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.
വിഷു – ഈസ്റ്റർ സഹകരണ വിപണികൾ സഹകരണ മേഖലയുടെ ഫലപ്രദമായ വിപണി ഇടപെടലായി മാറുമെന്നും ഇത് വിപണിയിലെ കൃത്രിമ വിലക്കയറ്റം നിയന്ത്രിക്കാൻ സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.
വില വിവര പട്ടിക (രൂപയിൽ):
അരി ജയ – 33.00
പച്ചരി – 29.00
പഞ്ചസാര – 34.65
ചെറുപയർ – 90.00
വൻ കടല – 65.00
ഉഴുന്ന് – 90.00
വൻ പയർ – 75.00
തുവര പരിപ്പ് – 105.00
മുളക് – 115.50
മല്ലി – 81.90
വെളിച്ചെണ്ണ – 240.45





Leave a Reply