ഐ സി ബാലകൃഷ്ണന് എം എൽ എ സ്ഥാനത്ത് തുടരാൻ അർഹതയില്ല , രാജിവെക്കണം : സി പി ഐ എം ജില്ലാ കമ്മിറ്റി
കൽപ്പറ്റ :ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ കേസെടുക്കുവാൻ വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ ഇനിയും എം എൽ എ സ്ഥാനത്ത് കടിച്ചു തൂങ്ങാതെ ഉടൻ രാജിവെക്കണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ കോടികളുടെ തട്ടിപ്പിനെ സംബന്ധിച്ച് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകളാണ് ഉണ്ടായിട്ടുള്ളത്. ഐ സി ബാലകൃഷ്ണനെതിരെ കേസെടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയത്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബേങ്കുകളിലേക്കുള്ള നിയമനത്തിൻ്റെ പേരിലുള്ള തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപയാണ് കോൺഗ്രസ് നേതാക്കൾ കൈക്കലാക്കിയത്. ഈ നിയമനതട്ടിപ്പിൻ്റെ ബലിയാടായിട്ടാണ് എൻ എം വിജയനും അദ്ദേഹത്തിൻ്റെ ഭിന്നശേഷിക്കാരനായ മകനും ജീവൻ നഷ്ടമായത്. ഈ സാഹചര്യത്തിൽ ഐ. സി ബാലകൃഷ്ണന് എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹതയില്ല. രാജിവെക്കണം എന്ന ആവശ്യമുയർത്തി സി.പി.ഐ (എം) നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി കെ റഫീഖ്, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റംഗം വി വി ബേബി, ഏരിയ സെക്രട്ടറി പി ആർ ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ എം എസ് സുരേഷ് ബാബു, പി കെ രാമചന്ദ്രൻ, എൻ പി കുഞ്ഞുമോൾ, പുൽപ്പള്ളി ഏരിയാ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി എന്നിവർ സംസാരിച്ചു.




Leave a Reply