May 6, 2026

വിദ്യാര്‍ത്ഥികള്‍ക്ക് ഭരണപാഠമൊരുക്കി വെള്ളമുണ്ട ഡിവിഷന്‍

0
site-psd-172
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:സ്‌കൂള്‍ ലീഡര്‍മാര്‍ക്ക് ഭരണസംവിധാനവും ഭരണ നേതൃത്വവും പരിചയപ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിലേക്ക് ഭരണ പഠനയാത്ര സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തില്‍ വെള്ളമുണ്ട ഏട്ടേനാല്‍ ലൈബ്രറി പരിസരത്ത് നിന്നും ആരംഭിച്ച യാത്ര വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലാ ഭരണ സംവിധാനവുമായി നേരിട്ട് സംവദിക്കാനും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി.

കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആസൂത്രണ സമിതി ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള മാതൃകാ തെരഞ്ഞെടുപ്പ് സജ്ജീകരിച്ചു. ജീവിതത്തിലുടനീളം സാമൂഹ്യ പ്രതിബന്ധത ഉയര്‍ത്തിപ്പിടിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ വേദിയില്‍ പ്രതിജ്ഞയെടുത്തു. ത്രിതല പഞ്ചായത്ത് ഭരണക്രമത്തെയും ജനാധിപത്യ വ്യവസ്ഥ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശേരി നാരായണന്‍ വിശദീകരിച്ചു. ആസൂത്രണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എ ശ്രീജിത്ത് പരിചയപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളും മറ്റ് പരമ്പരാഗത മാധ്യമങ്ങളും എങ്ങനെ വിദ്യാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജിന്‍സ് വിശദീകരിച്ചു.

കളക്ടറേറ്റിലെ വിവിധ വകുപ്പ് ഓഫീസുകള്‍ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് നടപടിക്രമങ്ങളില്‍ അവബോധം പകരാന്‍ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളില്‍ മോക്ക് ഭരണസമിതി തെരഞ്ഞെടുപ്പും യോഗവും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം കെ ദേവകി, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി എന്നിവരുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു. ലോക സമാധാനത്തിന് വേണ്ടി കളക്ടറേറ്റ് പരിസരത്ത് ധര്‍ണയും സംഘടിപ്പിച്ചു. പുതിയ തലമുറയില്‍ നല്ല ഭരണബോധം വളര്‍ത്താനും സാമൂഹിക ഉത്തരവാദിത്വം വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഭരണ പഠനയാത്ര സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. ഗ്രന്ഥകാരന്‍ ബിജു പോള്‍, നോര്‍ക്ക ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍. ലികേഷ്, ഹാരിസ് എം, പി. അബ്ബാസ്, അഡ്വ അംജദ്, എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *