വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രതീരുമാനം;ദുരന്തങ്ങളെ പോലും രാഷ്ട്രീയമായി കാണുന്നതിന്റെ തെളിവ്: അഡ്വ. ടി ജെ ഐസക്
കല്‍പ്പറ്റ: രാഷ്ട്രീയമായ കണ്ണിലൂടെയാണ് ദുരന്തങ്ങളെ പോലും ബി ജെ പിയും കേന്ദ്രസര്‍ക്കാരും കാണുന്നതെന്നതിന്റെ തെളിവാണ് ഉരുള്ദുരന്തബാധികരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രനിലപാടെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് കുറ്റപ്പെടുത്തി. ദുരന്തമുഖത്തെത്തിയ പ്രധാനമന്ത്രി കേവലം ഒരു സന്ദര്ശകന് മാത്രമായതിന്റെ തെളിവാണ് ഇപ്പോഴത്തെ കേന്ദ്രനിലപാട്. കണ്ണില്‍ ചോരയില്ലാത്ത, മനഷ്യത്വരഹിതമായ നടപടിയാണിത്.നോ ഗോ സോണ്‍ മേഖലയില്‍പ്പെട്ടവരെ എങ്ങനെ പുനരധിവസിപ്പിക്കണമെന്നും, സാങ്കേതികത്വത്തിന്റെ പേരില്‍ ഗുണഭോക്തൃലിസ്റ്റില്‍ നിന്നും പുറത്തായവരെ കൂടി പുനരധിവാസത്തില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരന്തരമായി പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഉരുള്‍ദുരന്തം അതിതീവ്രദുരന്തമായി പോലും പ്രഖ്യാപിച്ചത്. ദുരന്തമുണ്ടായ നാള് മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കടുത്ത അവഗണനയാണ് കാണാനായത്. ഇപ്പോഴും അത് തുടരുന്നതിന്റെ തെളിവാണ് ഹൈക്കോടതിയില്‍ വായ്പ എഴുതിത്തള്ളിലെന്ന നിലപാടിലൂടെ വ്യക്താകുന്നത്. രാഷ്ട്രീയമായി തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത പ്രദേശങ്ങളില്‍ എത്ര വലിയ ദുരന്തമുണ്ടായാലും അതിനെതിരെ മുഖം തിരിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന് കോടിക്കണക്കിന് രൂപ പിരിഞ്ഞുകിട്ടിയിട്ടും, ദുരന്തത്തിന്റെ തീവ്രത നേരില്‍ വന്ന് പ്രധാനമന്ത്രി വന്നു മനസിലാക്കിയിട്ടും എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്താന്‍ ഇരു സര്‍ക്കാരുകള്‍ക്കും സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.





Leave a Reply