കൃഷിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗം; സ്റ്റെർക്ക് അഞ്ചാം വാർഷിക സമ്മേളനം മീനങ്ങാടിയിൽ നടന്നു
മീനങ്ങാടി: കൃഷിയുടെ ഭാവി ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) നിശ്ചയിക്കുമെന്നും കളനിയന്ത്രണം, കീടനിയന്ത്രണം, വിത്തുല്പാദനം, ജലസേചനം, കൃഷിസ്ഥലം ഒരുക്കൽ, കാലാവസ്ഥാ നിർണ്ണയം, ഉല്പന്നങ്ങളുടെ മാർക്കറ്റിംഗ് തുടങ്ങിയ എല്ലാ മേഖലകളിലും എ.ഐ. ഉപയോഗപ്പെടുത്തിയുള്ള “സ്മാർട്ട് കൃഷി” അടുത്ത പത്തുവർഷത്തിനുള്ളിൽ വ്യാപകമാകുമെന്നും അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രീരാം വിഷ്ണു പ്രസ്താവിച്ചു. സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് സെന്റർ (സ്റ്റെർക്ക്) വയനാടിന്റെ അഞ്ചാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണത്തിലും ശാസ്ത്ര പ്രചാരണത്തിലും മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സ്റ്റെർക്കിന്റെ നേതൃത്വത്തിൽ ഇതുവരെ ഒൻപത് വീടുകളിൽ പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കുകയും ഏഴ് വീടുകളിൽ പണി പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ രണ്ട് ക്ഷീരോല്പാദക സഹകരണ സംഘങ്ങളിൽ 30 KW, 25 KW സോളാർ പദ്ധതികൾ പൂർത്തീകരിക്കുകയും കാർബൺ പാദമുദ്ര കുറയ്ക്കുന്നതിനായി ബയോബിൻ, പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ്, സോളാർ വാട്ടർഹീറ്റർ, സോളാർ വാട്ടർ പമ്പ്, ചൂടാറാപ്പെട്ടി തുടങ്ങിയ ഹരിത ഉപകരണങ്ങളുടെ പ്രചാരണം നടത്തുകയും ചെയ്യുന്നു. കുട്ടികളിൽ ശാസ്ത്രബോധം വളർത്താനായി വിജ്ഞാന കൗതുകം ശില്പശാലകൾ, ബാലശാസ്ത്ര കോൺഗ്രസ്, പഠനയാത്രകൾ, സമ്മർ ക്യാമ്പുകൾ എന്നിവയ്ക്ക് പുറമെ, ബത്തേരി സെന്റ് മേരീസ് കോളേജിൽ ‘ക്വാണ്ടം സെഞ്ച്വറി എക്സിബിഷനും’ 12 സ്കൂളുകളിലൂടെ ‘ക്വാണ്ടം ക്യൂരിയോസിറ്റി പരീക്ഷണ യാത്രയും’ അന്താരാഷ്ട്ര സഹകരണ വർഷത്തോടനുബന്ധിച്ച് നബാർഡിന്റെ വിവിധ ഗ്രൂപ്പുകൾക്കായി ആറ് ശില്പശാലകളും സംഘടന വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
വരും വർഷങ്ങളിൽ മികച്ച ഹരിത ഭവനങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവാർഡുകൾ നൽകാൻ പദ്ധതി തയ്യാറാക്കുന്നതിനൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ‘ഹരിത ഭവനം’ പദ്ധതി, നബാർഡുമായി സഹകരിച്ച് ‘ചേകാടി പൈതൃക ടൂറിസം’ പദ്ധതി, സോളാർ പദ്ധതികളുടെയും ഹരിത സാങ്കേതികവിദ്യകളുടെയും വ്യാപനം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പ്രവർത്തനങ്ങൾ, വനിതാ ശാക്തീകരണത്തിന്റെ ഭാഗമായുള്ള സംരംഭകത്വ പരിശീലന പരിപാടികൾ തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു. ബോംബെ ഐ.ഐ.ടി റിട്ട. പ്രൊഫസർ കെ. സുധാകർ മുഖ്യാതിഥിയായ ചടങ്ങിൽ സ്റ്റെർക്ക് ചെയർമാൻ പ്രൊഫസർ കെ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. സി.ഇ.ഓ. ടോമി എം.എം. റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിച്ച യോഗത്തിൽ വൈസ് ചെയർമാൻ പി.ആർ. മധുസൂദനൻ ഭാവിപ്രവർത്തനങ്ങൾ വിശദീകരിക്കുകയും ടി.പി. സന്തോഷ്, പി. അനിൽകുമാർ, മാഗി വിൻസെന്റ്, എൻ. സത്യാനന്ദൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിക്കുകയും ചെയ്തു.





Leave a Reply