ലഹരി വിരുദ്ധ ബോധവൽക്കരണവും യോഗ പരിശീലനവും സംഘടിപ്പിച്ചു
കല്ലോടി: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കുട്ടികളിൽ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള സെൻ്റ് ജോസഫ്സ് യു പി സ്കൂൾ കല്ലോടിയിൽ ‘ലഹരിക്കതിരെ യോഗ’ എന്ന സന്ദേശവുമായി പ്രത്യേക ബോധവൽക്കരണ പരിപാടിയും പരിശീലനവും സംഘടിപ്പിച്ചു. ലഹരിയുടെ വഴികളിലേക്ക് വഴിതെറ്റിപ്പോകാതെ മനസ്സിനെ നിയന്ത്രിക്കാനും ഏകാഗ്രത കൈവരിക്കാനും യോഗ എങ്ങനെ സഹായിക്കുന്നു എന്ന് കുട്ടികൾക്ക് പരിശീലനത്തിലൂടെ മനസ്സിലാക്കിക്കൊടുത്തു.
മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും ശാരീരികക്ഷമത നിലനിർത്തുന്നതിനും യോഗ ശീലമാക്കേണ്ടതിന്റെ ആവശ്യകത ചടങ്ങിൽ സംസാരിച്ച സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത് ഓർമ്മിപ്പിച്ചു. ലഹരിമുക്തമായ ഒരു നവകേരളം സൃഷ്ടിക്കുന്നതിൽ വിദ്യാർത്ഥികളുടെ പങ്ക് വലുതാണെന്നും, ആരോഗ്യമുള്ള ശരീരത്തിലും മനസ്സിലുമാണ് യോഗയുടെ യഥാർത്ഥ വിജയമെന്നും മറുപടി പ്രസംഗത്തിൽ കുട്ടികളുടെ പ്രതിനിധി ഇവാന റോസ് വിനീത് വ്യക്തമാക്കി. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കായിക-ആരോഗ്യ പ്രവർത്തനങ്ങളെ മുൻനിർത്തി സ്കൂൾ തലത്തിൽ തുടര്‍ന്നും വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂളിലെ അധ്യാപികയും യോഗ ഇൻസ്റ്റ്രക്ടറുമായ സ്മിത ജോസാണ് വിദ്യാർത്ഥികൾക്കായുള്ള യോഗ ക്ലാസുകൾ കൈകാര്യം ചെയ്തത്.





Leave a Reply