ഡ്രെയിനേജ് നിർമാണത്തിൽ അപാകത: പരാതി നൽകാൻ നവദീപം ഗ്രന്ഥശാല യോഗം തീരുമാനിച്ചു
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ- അരമ്പറ്റക്കുന്ന്- വെണ്ണിയോട് റോഡ് നിർമാണത്തിന്റെ ഭാഗമായി അരമ്പറ്റക്കുന്ന് ജങ്ഷനിൽ നിന്ന് നിർമിച്ച ഡ്രെയിനേജിന് മുകളിൽ സ്ലാബുകൾ നിരത്തിയിരിക്കുന്നത് തികച്ചും അശാസ്ത്രീയവും അപകടകരവുമായ രീതിയിലാണെന്ന് പരാതി. വായനശാലക്കും ഗ്രൗണ്ടിനുമിടയിൽ ദിവസേന നിരവധി വാഹനങ്ങളും കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന 50 മീറ്ററോളം വരുന്ന ഈ ഭാഗത്ത് യാത്രക്കാർക്ക് അപകടവും അസൗകര്യവും ഉണ്ടാകുംവിധം പല തട്ടുകളായും പല രീതിയിൽ ചെരിച്ചുമാണ് സ്ലാബുകൾ ഇട്ടിരിക്കുന്നത്. ഇവ അടിയന്തരമായും ശരിയായ രീതിയിൽ മാറ്റിസ്ഥാപിക്കണമെന്ന് അരമ്പറ്റക്കുന്ന് നവദീപം ഗ്രന്ഥശാല ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് മാത്യു പി.ജെ. അധ്യക്ഷത വഹിച്ചു. പ്രഭാകരൻ കെ., പി.എ. ജോസ്, ജോൺസൺ കൂവയ്ക്കൽ, ഷാജി കെ.ഇ., ഡെന്നീഷ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.





Leave a Reply