April 17, 2026

കുരങ്ങുപനി മരണം: മൂന്ന് സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നടത്തും.

0
IMG-20190325-WA0031
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാനത്ത് മൂന്ന് വർഷങ്ങൾക്ക് ശേഷം ആദ്യ കുരങ്ങുപനി മരണം ജില്ലയിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഊർജിത പ്രതിരോധ – ബോധവത്കരണ പരിപാടികളുമായി ആരോഗ്യ വകുപ്പ് .
ആരോഗ്യ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നിർദ്ദേശത്തെ തുടർന്ന് 24/3/19  അപ്പപ്പാറ കുടുംബാരോഗ്യത്തിൽ വെച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ആർ എൽ സരിതയടക്കുള്ള ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് ,ട്രൈബൽ ഉദ്യോഗസ്ഥരും പ്രതിരോധ പ്രവർത്തനം അവലോകനം ചെയ്തു.
കേരളത്തിലെ ബാവലി പ്രദേശത്തുള്ള ഭൂരിഭാഗം  ജനങ്ങളും ദൈനംദിന ജോലികൾക്കായി കർണാടകത്തിലെ ഭൈരക്കൂപ്പ എന്ന സ്ഥലത്ത് പോകാറുണ്ട്. അവിടേയും  പ്രതിരോധ പ്രവർത്തനം ഊർജ്ജിതപ്പെടുത്തിയാൽ മാത്രമേ കുരങ്ങുപനി വ്യാപനം  പൂർണ്ണമായും തടയാൻ സാധിക്കുകയുള്ളൂ. അതു കൊണ്ട്
 അടുത്തയാഴ്ച്ച കർണ്ണാടക വനം- ആരോഗ്യ വകുപ്പുദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ഭാവി പരിപാടികൾ കൂടുതൽ വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കർണ്ണാടക വനാതിർത്തിയിൽ പ്രത്യേകിച്ച് ബാവലി, ബൈരഗുപ്പ മേഖലകളിൽ വനവുമായി ഇടപെടുന്നവർക്ക് കർശന ജാഗ്രത നിർദ്ദേശം നൽകാനും തീരുമാനിച്ചു.
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം 2013 ലാണ് വയനാട്ടിൽ ഒരാൾക്ക്‌ കുരങ്ങുപനി സ്ഥിരീകരിക്കുന്നത്. തുടർന്ന് 2014 ലും ഒരാൾക്ക് പനി പിടിപെട്ടു. എന്നാൽ 2015 ലാണ് കുരങ്ങുപനി ജില്ലയിൽ പടർന്നുപിടിച്ചത്. ആ വർഷം 214 പേർക്ക് രോഗലക്ഷണങ്ങളോടുള്ള പനി ബാധിക്കുകയും, 102 പേർക്ക് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിൽ 11 പേർ മരിച്ചു. തുടർന്ന് 2016ൽ 9 പേർക്ക് പനി ബാധിച്ചെങ്കിലും മരണം റിപ്പോർട്ട് ചെയ്തിട്ടില്ലായിരുന്നു. തുടർന്ന് 2017, 2018 കാലഘട്ടങ്ങളിൽ കുരുങ്ങുപനിയിൽ നിന്നും  ജില്ല പൂർണ്ണമായി വിട്ടു നിന്നു. ഒടുവിൽ ഈ വർഷം ജനുവരിയിലാണ് വീണ്ടും കുരങ്ങുപനി ജില്ലയിലെത്തുന്നത്.
ഇതു വരെ 17 പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയതിൽ 5 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ ഒരാളാണ് ഇന്നലെ മരണപ്പെട്ടത്. നിലവിൽ 2 പേർ  മാനന്തവാടി ജില്ലാശുപത്രിയിലും, കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരു കർണാടക സ്വദേശിയായ കുട്ടിയും  ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 
ജില്ലാ കലക്ടർ അജയകുമാർ, സബ് കലക്ടർ ഉമേഷ് ,ഡി എം ഒ ഡോ.ആർ രേണുക, ഡി പി എം ഡോ. അഭിലാഷ്, ഡപ്യൂട്ടി ഡി എം ഒ നൂന മർജ്ജ ,ട്രൈബൽ ഓഫീസർ വാണീദാസ് , ഫോറസ്റ്റ് ഉദ്യോഗസ്ഥർ, കുടുംബശ്രീ, LSG D, പോലീസ്, NREG , വെറ്റിനറി, വിദ്യാഭ്യാസ വകുപ്പ് , തുടങ്ങിയവരുടെ നേത്രത്വത്തിൽ  RRT രൂപികരിച്ച് പ്രതിരോധ പ്രവർത്തന ഏകോപനം നടന്നു വരുന്നു.
ജനുവരി ആദ്യ വാരത്തിൽ തന്നെ 600 KFD വാക്സിൻ കർണാടകത്തിലെ ഷിമോഗയിൽ നിന്ന് എത്തിക്കുകയും വനവുമായി ബന്ധപ്പെട്ട ജീവനക്കാർക്കും ജനങ്ങൾക്കും നൽകാൻ ആരംഭിക്കുകയും ചെയ്തു. 
അതേ പോലെ ചെള്ള് കടിയേക്കാതിരിക്കാനുള്ള BB ഇമൽഷൻ എല്ലാ പ്രാഥമിക ഗ്യ കേന്ദ്രങ്ങളിലും, കുരങ്ങു മരണം സംഭവിച്ചു കഴിഞ്ഞാൽ 50 മീറ്ററിൽ ചെള്ളു നശീകരണത്തിനായി മാലത്തിയോൺ പൗഡർ എല്ലാ ഫോറസ്റ്റ് റേഞ്ച് ഓഫീസിലും വൈൽഡ് ലൈഫ് വാർഡൻമാരുടെ പക്കലും  എത്തിക്കുകയും ചെയ്തു.
ജില്ലാ കലക്ടർ ഓഫീസിൽ കുരങ്ങു പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി കൺട്രോൾ സെൽ ജനുവരി 15 തുടങ്ങുകയും കുരങ്ങു മരണങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. ഇതുവരെ 50 ഓളം കുരങ്ങുമരണങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും 2 കിലോമീറ്റർ ചുറ്റളവിൽ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ  പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു ചെയ്തു വരുന്നു.  ചെള്ളുകളെ വൈറസ് സാന്നിധ്യം നോക്കാനായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു വരുന്നു.( ഇതുവരെ നെഗറ്റീവ്)
പൂതാടി, അപ്പപ്പാറ,നൂൽപ്പുഴ, പുൽപ്പള്ളി പഞ്ചായത്തിലെ 150 ഓളം ആഷമാർക്കും, 50 ഓളം സ്റ്റാഫ് നേഴ്സ് മാർക്കും കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ട്രൈയിനിംഗ് നൽകി കഴിഞ്ഞു. IMA വയനാട് ആയി ചേർന്ന് പ്രൈവറ്റ് ഡോക്ടേഴ്സിനും ട്രീറ്റ്മെൻറ് ഗൈഡ് ലൈൻസിനെ കുറിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കൃത്യമായ ഇടവേളകളിൽ RRT ചേരുകയും പ്രതിരോധ പ്രവർത്തനം വിലയിരുത്തുകയും ചെയ്ത് വരുന്നു.
അതിർത്തി പങ്കിടുന്ന 6 പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഇൻഫോർമേഷൻ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. 2 ലക്ഷത്തിലധികം ബോധവത്കരണ ലീഫ് ലെറ്റുകൾ ആഷ, കുടുംബശ്രീ വഴി വീടുകളിൽ വിതരണം ചെയ്തു വരുന്നു. ഒരോ വീടുകളിലും ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച് പനി സർവ്വേ ചെയ്തു വരുന്നു. ആദിവാസി ഭാഷയിലും കന്നട ഭാഷയിലും ലോക്കൽ റേഡിയോയിലൂടെയും, Tv ചാനലിലൂടെയും, മൈക്ക് അനൗൺസ്മെൻറായും  നിരന്തരമായി ബോധവത്കരണ സന്ദേശങ്ങൾ നൽകി വരുന്നു. ട്രീറ്റ്മെന്റ് പ്രോട്ടോകോൾ ബോർഡുകൾ  എല്ലാ ഹോസ്പിറ്റലുകളിലും സ്ഥാപിച്ചു കഴിഞ്ഞു.
ജില്ലാശുപത്രി മാനന്തവാടിയിൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്തുകയും സ്റ്റാഫുകൾക്ക് ട്രൈയിനിംഗ് നൽകുകയും ചെയ്തു. 
ഒരു മരണം സംഭവിച്ച സാഹചര്യത്തിൽ അടിയന്തിരമായി ബോഡർ മീറ്റിംഗ് കൂടാനും, കർണാടക ഫോറസ്റ്റ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രതിരോധ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്. 1000 കുരങ്ങുപനി വാക്സിൻ ഷിമോഗയിൽ നിന്ന് എത്തിയിട്ടുണ്ട്. വിവിധ കോളനികളിൽ ക്യാമ്പ് സംഘടിപ്പിച്ച് വാക്സിനേഷൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *