രാത്രിയാത്രാ നിരോധനം:ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികൾ കർണ്ണാടക മുഖ്യമന്ത്രിയെ കണ്ടു.
കൽപ്പറ്റ: ദേശീയ പാത
766 ലെ യാത്രാനിരോധന പ്രശ്നവുമായി ബന്ധപ്പെട്ട് വയനാട് ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി വൈ.എസ്.യഡിയൂരപ്പ, ഉപമുഖ്യമന്ത്രി അശോക് നാരായണ്‍ എന്നിവരുമായി ചര്‍ച്ച നടത്തി. രാത്രിയാത്രാ നിരോധനം തുടരാനും ബദല്‍പാത വികസിപ്പിച്ച് എന്‍.എച്ച് 766 പൂര്‍ണ്ണമായി അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയും ഇതനുസരിച്ച് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനുവേണ്ടി കടുവാ സംരക്ഷണ അതോറിറ്റി കുട്ട-ഗോണിക്കുപ്പ ബദല്‍പാത വികസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചര്‍ച്ച നടത്തിയത്. രാത്രിയാത്രാ നിരോധനം പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ബദല്‍പാത മാത്രമേ പരിഗണിക്കൂ എന്നതാണ് നിലപാടെങ്കില്‍ ചിക്കബര്‍ഗ്ഗി ബൈപാസിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രശ്നമില്ലാത്ത രീതിയില്‍ പ്രശ്നം പരിഹരിക്കാനാണ് കര്‍ണ്ണാടക ശ്രമിക്കുന്നതെന്നും ചിക്കബര്‍ഗ്ഗി ബൈപാസ്സിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചിക്കബര്‍ഗ്ഗി ബൈപാസ് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പരിഹാരമാണെന്ന് ബോധ്യമുള്ളതായി ഉപമുഖ്യമന്ത്രി അശോക് നാരായണ്‍ അറിയിച്ചു. ഇതു സംബന്ധിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തും. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ രാത്രിയാത്രാ നിരോധനം പിന്‍വലിക്കുന്ന കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിനും പരിമിതികളുണ്ട്. എന്നാല്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ എല്ലാ മാര്‍ഗ്ഗങ്ങളും പരിശോധിക്കും. പരിഹാരമാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച് നാറ്റ്പാക്ക് നടത്തിയ പഠനറിപ്പോര്‍ട്ട് ഗൗരവത്തിലെടുക്കും. മേല്‍പ്പാല പദ്ധതിക്ക് അനുകൂലമായ നിലപാടല്ല കര്‍ണ്ണാടക സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് മുന്‍പ് ഉണ്ടായിട്ടുള്ളത്. കുട്ട-ഗോണിക്കുപ്പ ബദല്‍പാതക്കു വേണ്ടിയുള്ള നിര്‍ദ്ദേശം മാത്രമേ കര്‍ണ്ണാടക സര്‍ക്കാരിന് ലഭിച്ചിട്ടുള്ളൂ. ചിക്കബര്‍ഗ്ഗി ബൈപാസ് സംബന്ധിച്ച നിര്‍ദ്ദേശവും കര്‍ണ്ണാടക സര്‍ക്കാര്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.
ചര്‍ച്ചയില്‍ ഡോ:നാഗരാജു ശിവാചാര്യ സ്വാമികള്‍, വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ജോണി പാറ്റാനി, ഡോ:സതീഷ് നായിക്ക്, വി.ആര്‍.സതീഷ്, ബിജു ശിവരാമന്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply