വൃക്കരോഗികള്‍ക്ക് തണലായി ആരോഗ്യകേരളം പാലിയേറ്റീവ് വിഭാഗം
കോവിഡിനെതിരേ ശക്തമായ പ്രതിരോധം തീര്‍ത്ത് ജില്ലയിലെ ഡയാലിസിസ് രോഗികള്‍ക്ക് തണലാവുകയാണ് ആരോഗ്യകേരളം വയനാട് പാലിയേറ്റീവ് വിഭാഗം. തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ഉറച്ച പിന്തുണയും പ്രവര്‍ത്തനങ്ങള്‍ക്കു കരുത്ത് പകരുന്നു. അടിയന്തര ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാനും അവശ്യമരുന്നുകള്‍ ലഭ്യമാക്കാനും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, പാലിയേറ്റീവ് കോ-ഓഡിനേറ്റര്‍ സ്മിത സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. 406 രോഗികളാണ് ജില്ലയില്‍ ഡയാലിസിസിന് വിധേയരാവുന്നത്. ഇതില്‍ 227 പേര്‍ സ്വകാര്യ ആശുപത്രികളെയും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളെയും ആശ്രയിക്കുന്നു. 13 പേര്‍ ജില്ലയ്ക്കു പുറത്തുള്ള സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. അവിടെ തന്നെ താമസിക്കുന്നവരും പോയിവരുന്നവരും ഇതിലുണ്ട്. ജില്ലാ ആശുപത്രി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ 146 രോഗികള്‍ ഡയാലിസിസിന് വിധേയരാവുന്നു. 31 പേര്‍ വീടുകളില്‍ തന്നെയാണ് ഡയാലിസിസ് ചെയ്യുന്നത്. ഇതിനാവശ്യമായ ഡയലൈസര്‍, ട്യൂബ്, ഇഞ്ചക്ഷന്‍ തുടങ്ങിയവ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ വഴി വിതരണം ചെയ്യുന്നുണ്ട്. പ്രതികൂല സാഹചര്യം മുന്നില്‍ക്കണ്ട് കൂടുതല്‍ ഉപകരണങ്ങളും മരുന്നുകളും അടുത്ത ദിവസങ്ങളില്‍ തന്നെ ജില്ലയില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഡയാലിസിസ് രോഗികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ക്കും മറ്റു സഹായങ്ങള്‍ക്കുമായി 9744642309 എന്ന നമ്പറില്‍ ബന്ധപ്പെടാം.





Leave a Reply