October 3, 2026

കല്ലോടി സെന്‍റ് ജോര്‍ജ് ഫൊറോന ദേവാലയം പ്ലാറ്റിനം ആഘോഷം ഏപ്രില്‍ 15 ഞായറാഴ്ച മുതല്‍

0
By ന്യൂസ് വയനാട് ബ്യൂറോ

.

1943 ഏപ്രില്‍ 23-ന് കല്ലോടിയില്‍ സ്ഥാപിതമായ സെന്‍റ് ജോര്‍ജ് ഫൊറോന ദേവാലയത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഏപ്രില്‍ 15 മുതല്‍ 22  വരെ വിവിധ പരിപാടികളോടെ നടക്കും. 2017 ഏപ്രില്‍ 23-ന് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്‍ വികാരി ഫാദര്‍ ജോസ് കൊച്ചറയ്ക്കല്‍ തുടക്കമിട്ടു. 

15-ന് ഞായറാഴ്ച്ച രാവിലെ 7.15-ന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്‍ വികാരിയും, മാനന്തവാടി രൂപതയുടെ പി.ആര്‍.ഒ.-യുമായ ഫാദര്‍ ജോസ് കൊച്ചറയ്ക്കലച്ചന്‍റെ പൌരോഹിത്യ രജത ജൂബിലി ആഘോഷവും, വിവാഹ ജീവിതത്തില്‍ 25 വര്‍ഷവും (രജത ജൂബിലി), 50 വര്‍ഷവും (സുവര്‍ണ്ണ ജൂബിലി) ആഘോഷിക്കുന്ന ദമ്പതിമാരുടെ സംഗമവും നടക്കും. അന്നേ ദിവസം 7.00മണിക്ക് പള്ളി കവാടത്തില്‍ ജുബിലേറിയന്മാര്‍ക്ക് വമ്പിച്ച വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് പള്ളിയില്‍ നടക്കുന്ന ദിവ്യബലിക്ക് ഫാദര്‍ ജോസ് കൊച്ചറയ്ക്കല്‍ മുഖ്യ കാര്‍മീകത്വം വഹിക്കും. വികാരി ഫാദര്‍ അഗസ്റ്റിന്‍ പുത്തന്‍പുര, സഹവികാരി ഫാദര്‍ സുനില്‍ മഠത്തില്‍ എന്നിവര്‍ സഹകാര്‍മീകരായിരിക്കും. തുടര്‍ന്ന് 9-മണിക്ക് നടക്കുന്ന അനുമോദന സമ്മേളനത്തില്‍ വികാരി ഫാദര്‍ അഗസ്റ്റിന്‍ പുത്തന്‍പുര അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജുബിലേറിയന്മാരെ ആദരിക്കും. ജൂബിലി സന്ദേശം, കേക്ക് കട്ടിംഗ്, മറുപടി പ്രസംഗം തുടങ്ങിയവ നടക്കും. 

18-ന് ബുധനാഴ്ച കല്ലോടി യു.പി. സ്കൂളില്‍ വച്ച് മാതൃ-പിതൃ സംഗമവും, സമുദായ ശാക്തീകരണത്തെക്കുറിച്ചുള്ള സെമിനാറും നടക്കുന്നതാണ്.  ഏ.കെ.സി.സി രൂപതാ ഡയരക്ടര്‍ ഫാദര്‍ ആന്‍റോ മാമ്പള്ളില്‍ ഉദ്ഘാടനം ചെയ്യും. വികാരി ഫാദര്‍ അഗസ്റ്റിന്‍ പുത്തന്‍പുര അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന മാതാപിതാക്കള്‍ക്കു വേണ്ടിയുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് ബത്തേരി കേരള എന്‍ജിനീയറിംഗ് അക്കാദമി പ്രിന്‍സിപ്പാള്‍  ഗ്രേസി ജേക്കബ്, എ.കെ.സി.സി. രൂപതാ സെക്രട്ടറി .വര്‍ക്കി നിരപ്പേല്‍, ഫാദര്‍ സുനില്‍ മഠത്തില്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 20-ന് വൈകുനേരം 4.30ന് ഇടവക മദ്ധ്യസ്ഥന്‍ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ കൊടിയേറ്റം നടക്കും. തുടര്‍ന്നു നടക്കുന്ന ദിവ്യബലി, നൊവേന, ലദീഞ്ഞ് തുടങ്ങിയവയ്ക്ക് വികാരി ഫാ. അഗസ്റ്റിന്‍ പുത്തന്‍പുര നേതൃത്വം നല്‍കും. 



21-ന് 4 മണിക്ക് മുന്‍വികാരിമാര്‍ക്ക് പള്ളി അങ്കണത്തില്‍ സ്വീകരണം നല്‍കും. അതേ തുടര്‍ന്ന്‍ മുന്‍ വികാരിമാരുടെ നേതൃത്വത്തില്‍ സമൂഹബലിയും പ്രത്യേക ജൂബിലി പ്രാര്‍ത്ഥനയും നടക്കും. മുന്‍ വികാരിമാരെ ഇടവക ജനങ്ങള്‍ ആദരിക്കും. 6.30-ന് കല്ലോടി യു.പി സ്കൂള്‍ അങ്കണത്തില്‍ പ്ലാറ്റിനം ജുബിലി മഹാസമ്മേളനം നടക്കും. സമ്മേളനത്തില്‍ മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ഒ.ആര്‍.കേളു അധ്യക്ഷത വഹിക്കും മുന്‍ കേരള മുഖ്യമന്ത്രി .ഉമ്മന്‍ചാണ്ടി ജുബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. വയനാട്  എം.പി. എം.ഐ ഷാനവാസ്‌ ജുബിലി സന്ദേശം നല്‍കും. മുന്‍ വികാരിമാരായ ഫാ.ജോണ്‍ പുത്തന്‍പുര, ഫാ.ജോര്‍ജ് മമ്പള്ളില്‍, ഫാ.മാത്യു അത്തിക്കല്‍, ഫാ.അഗസ്റ്റിന്‍ നിലയ്ക്കപ്പള്ളി, ഫാ.സെബാസ്റ്റ്യന്‍ ഉണ്ണിപ്പള്ളി, ഫാ.ജോസ് കൊച്ചറയ്ക്കല്‍ സാമൂഹ്യസാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. 


22-ന് ഞായറാഴ്ച രാവിലെ 8 മണിക്ക് ആര്‍ച്ച്‌ ബിഷപ്പ് മാര്‍. ജേക്കബ് തൂങ്കുഴി, മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍.ജോസ് പൊരുന്നേടം 75 വയസ് കഴിഞ്ഞ ആദ്യകാല കുടിയേറ്റക്കാര്‍ക്ക് വരവേല്‍പ്പ് നല്‍കും. തുടര്‍ന്നു നടക്കുന്ന കൃതര്ജ്ഞതാ ബലിക്ക് മാനന്തവാടി രൂപതാ മെത്രാന്‍ ജോസ് പൊരുന്നേടം മുഖ്യകാര്‍മ്മികത്വം വഹിച്ച് ജൂബിലി സന്ദേശം നല്‍കും. തുടര്‍ന്ന്‍ 9.30-ന് നടക്കുന്ന ജൂബിലി സമാപന സമ്മേളനം തൃശ്ശൂര്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍.ജേക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ.അഗസ്റ്റിന്‍ പുത്തന്‍പുര അധ്യക്ഷത വഹിക്കും. മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍.ജോസ് പൊരുന്നേടം അനുഗ്രഹ പ്രഭാഷണവും, ജൂബിലി സ്മരണിക പ്രകാശനവും നിര്‍വഹിക്കും. ഇടവക പ്രതിനിധികളും ഭക്തസഘടന ഭാരവാഹികളും ചടങ്ങില്‍ ആശംസകള്‍ അറിയിക്കും. തുടര്‍ന്ന് ജൂബിലി പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. ഇതോടെ ഒരുവര്‍ഷം നീണ്ടുനിന്ന പ്ലാറ്റിനം ജുബിലി ആഘോഷങ്ങള്‍ സമാപിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഫാ.അഗസ്റ്റിന്‍ പുത്തന്‍പുര, ജനറല്‍ കണ്‍വീനര്‍ കെ.എ ആന്‍റണി, കണ്‍വീനര്‍ സാബു ചക്കാലക്കുടി എന്നിവര്‍ അറിയിച്ചു.                                       

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *