April 19, 2024

വൈദ്യുതി പ്രസരണ വിതരണ നവീകരണം ശില്‍പ്പശാല നാളെ

0
Img 20230203 195815.jpg
കൽപ്പറ്റ : വൈദ്യുതി വിതരണ മേഖലയില്‍ നവീകരണവും വികസനവും ലക്ഷ്യമിടുന്നതിനായി കെ.എസ്.ഇ.ബി നടത്തുന്ന ശില്‍പ്പശാല നാളെ ശനി കല്‍പ്പറ്റയില്‍ നടക്കും. നവീകരിച്ച വിതരണ മേഖല പദ്ധതിയില്‍ (ആര്‍.ഡി.എസ്.എസ്) ഉള്‍പ്പെടുത്തേണ്ട അന്തിമ പദ്ധതി പട്ടിക തയ്യാറാക്കുക യാണ് ശില്‍പശാലയുടെ ലക്ഷ്യം. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന്  കല്‍പ്പറ്റ ഓഷീന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ ജനപ്രതിനിധി കളുടെയും വിദഗ്ധരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായം തേടും. വിതരണ ശൃംഖലയ്ക്കായി 333.60 കോടി രൂപയുടെയും ഉപ -പ്രസരണ ശൃഖംലക്കായി 84.48 കോടിയുടെയും അധിക പദ്ധതികളാണ് ശില്‍പശാലയില്‍ ആസൂത്രണം ചെയ്യുക.  
കേന്ദ്ര സര്‍ക്കാറിന്റെ നവീകരിച്ച വിതരണ മേഖല പദ്ധതിയില്‍ 418.087 കോടി രൂപയുടെ അധിക പദ്ധതികളാണ് ജില്ലയില്‍ ലക്ഷ്യമിടുന്നതും ശില്‍പശാലയിലൂടെ അന്തിമമാക്കി കേന്ദ്ര ഗവണ്‍മെന്റിലേക്ക് സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നതും. ഉപ പ്രസരണ വിതരണ നഷ്ടം കുറക്കുന്നതിനായി ഇതിനകം  തന്നെ 60.32 കോടി ( സാങ്കേതിക അനുമതി 88.86 കോടി) യുടെ പദ്ധതിക്ക്  ഊര്‍ജ്ജമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവ  ടെണ്ടര്‍ നടപടികളിലാണ്. ഉപ-പ്രസരണ മേഖലയില്‍ പുതിയ 33 കെ.വി  സബ്സ്റ്റേഷനുകള്‍ സ്ഥാപിക്കുക, ഇന്‍സുലേറ്റഡ് കമ്പികള്‍ ഉപയോഗിച്ച് പുതിയ ലൈനുകള്‍,കേബിളുകള്‍ നിര്‍മ്മിക്കുക, നിലവിലുള്ള ലൈനിന്റെ റീകണ്ടക്ടറിങ്   നടത്തുക, പുതിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികള്‍ ഏറ്റെടുക്കും.  വിതരണമേഖലയില്‍ പുതിയ എച്ച്.ടി, എല്‍.ടി  ലൈനുകള്‍ വലിക്കുന്ന പ്രവൃത്തികള്‍, എച്ച്.ടി, എല്‍.ടി  ലൈന്‍ റീകണ്ടക്ടറിങ്  പ്രവര്‍ത്തികള്‍, എല്‍.ടി ലൈന്‍ പരിവര്‍ത്തന പ്രവര്‍ത്തികള്‍, പുതിയ ട്രാന്‍സ്ഫോര്‍മര്‍, പഴയ ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റി സ്ഥാപിക്കല്‍, പുതിയ ആര്‍.എം.യു സ്ഥാപിക്കല്‍ തുടങ്ങിയ  പ്രവൃത്തികള്‍ ഉള്‍പ്പെടുത്തും.   അന്തിമ പട്ടിക ഉപ-പ്രസരണ, വിതരണ മേഖലയിലെ അന്തിമ പദ്ധതികള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഡിസ്ട്രിബ്യൂഷന്‍ റിഫോംസ് കമ്മറ്റിയുടെ അംഗീകാരത്തോടുകൂടി നോഡല്‍ ഏജന്‍സിയായ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍   മുഖേനയാണ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുക. 
രാജ്യത്തെ വൈദ്യുതി പ്രസരണ വിതരണ മേഖലകളുടെ വികസനവും നവീകരണവും ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് നവീകരിച്ച വിതരണ മേഖല പദ്ധതി. നിലവിലുള്ള വൈദ്യുതി പ്രസരണ വിതരണ ശൃംഖല പരിഷ്‌കരിക്കുക, ഊര്‍ജ്ജ നഷ്ടം കുറച്ച് ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക, ഊര്‍ജ്ജ മേഖലയുടെ സാമ്പത്തിക സുസ്ഥിരത, ആധുനികവല്‍ക്കരണം, മെച്ചപ്പെട്ട കാര്യക്ഷമത എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് മീറ്ററിങ്, വിതരണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, കെ.എസ്.ഇ.ബി.എല്‍ ജീവനക്കാരുടെ സാങ്കേതിക മികവും ശേഷിയും വര്‍ദ്ധിപ്പിക്കാനുള്ള പരിശീലനം എന്നിവയും പദ്ധതിയിലെ ഘടകങ്ങളാണ്. 
ശില്‍പശാല ടി. സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത, ജനപ്രതിനിധികള്‍, ഊര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, ഉദ്യോഗസ്ഥര്‍, വിവിധ അസോസിയേഷന്‍ പ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *