August 16, 2026

നിപ രോഗബാധ: ജില്ലയിലും ജാഗ്രത പാലിക്കണം

0
20240720 212028
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : മലപ്പുറം ജില്ലയിൽ നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ പി ദിനീഷ്. ജില്ലയിലെ പകർച്ചവ്യാധി പരിവീക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ച് ജാഗ്രതയോടെ നേരിടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

 

പനിയോടൊപ്പം ശക്തമായ തലവേദന, ക്ഷീണം, ഛർദ്ദി, തളർച്ച, ബോധക്ഷയം, കാഴ്ച മങ്ങുക എന്നിവയാണ് നിപ രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം. ശരീര സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. ചുമക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറു സ്രവകണങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ഉപയോഗിക്കണം. പല സ്ഥലങ്ങളിലും കൈകൾ കൊണ്ട് സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുകയും ഇടയ്ക്കിടെ സോപ്പ്, സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകണം. രോഗീ സന്ദർശനങ്ങളും പകർച്ചവ്യാധി സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകളും ഒഴിവാക്കാണം. ലക്ഷണങ്ങളുള്ള രോഗികൾ ഉപയോഗിച്ച വസ്ത്രങ്ങൾ, ബെഡ്ഷീറ്റ് മുതലായവ പ്രത്യേകം പുഴുങ്ങി അലക്കി ഉണക്കുകയും മുറികൾ അണുനാശിനി ഉപയോഗിച്ച് കഴുകുകയും ചെയ്യണം.

 

പക്ഷി -മൃഗാദികളുടെ കടിയേറ്റതും നിലത്ത് വീണ പഴങ്ങളും കഴിക്കരുത്. പഴങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. തുറന്ന് വച്ച പാത്രങ്ങളിൽ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങൾ ഉപയോഗിക്കരുത്.

മുൻവർഷം ജില്ലയിലെ നൂൽപ്പുഴ മാതമംഗലം, മാനന്തവാടി പഴശ്ശി പാർക്ക്‌ എന്നിവിടങ്ങളിൽ നിന്ന് വവ്വാലുകളിൽ ആന്റിബഡി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശങ്ങളിലുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഡി.എം.ഒ അറിയിച്ചു. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സഹായങ്ങൾക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെയോ ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *