December 6, 2025

രണ്ട് കോടി രൂപയുടെ ഒരു കിലോ ഹെറോയിൻ പിടികൂടി: അഞ്ച് പേർ അറസ്റ്റിൽ

0
IMG-20171006-WA0001
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടിയില്‍  പിടികൂടിയത് 2 കോടിരൂപയുടെ 1 കിലോ ഹെറോയിന്‍:  സംഭവുമായി ബന്ധപ്പെട്ട് യു പി സ്വദേശി അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
മാനന്തവാടി>  മാനന്തവാടിയില്‍   സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന  ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശിയടക്കം  അഞ്ചുപേരെ  പൊലിസ് അറസ്റ്റ് ചെയ്തു.  വ്യാഴ്ച വൈകുന്നേരമാണ് സംഭവം. അഞ്ച൦ഗ സംഘത്തില്‍  നിന്നും 1 കിലോ  ഹെറോയിനാണ് പിടികൂടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളില്‍ ഒന്നാണ് മാനന്തവാടിയില്‍ നടന്നത് . ഉത്തര്‍പ്രദേശ് മഥുര സ്വദേശി അജയ്‌സിംഗ് (42), പയ്യന്നൂര്‍ പീടികത്താഴ മധുസൂദനന്‍ (56), കാഞ്ഞങ്ങാട് ബേക്കല്‍ കുന്നുമ്മല്‍ വീട് അശോകന്‍ (45), കാസര്‍ഗോഡ് ചീമേനി കനിയന്‍തോല്‍ ബാലകൃഷ്ണന്‍ (47), കണ്ണൂര്‍ ചെറുപുഴ ഉപരിക്കല്‍ വീട് ഷൈജു (37) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട്  അറസ്റ്റ് ചെയ്തത്. അന്തര്‍ സംസ്ഥാന ലഹരിവില്‍പ്പന ഇടനിലക്കാരനും സംസ്ഥാനത്തുള്ള ലഹരി മാഫിയയുടെ കണ്ണികല്മാണ് ഇവര്‍.  മാനന്തവാടി കേന്ദീകരിച്ച് വന്‍ ലഹരി മരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന് ജില്ലാ  പൊലിസ് മേധാവി അരുള്‍ ബി കൃഷണ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ   അടിസ്ഥാനത്തില്‍   ആന്റി നാർക്കോട്ടിക്ക് സ്ക്വാഡിന്,  എസ് പി സ്പെഷ്യല്‍ സ്ക്വാഡ്,  ആന്റി നാർക്കോട്ടിക് സ്ക്വാഡ്,  മാനന്തവാടി പൊലിസ്  ഇൻസ്പെക്ടർ പി കെ മണി, എസ് ഐ മഹേഷ്‌, അഡീഷണല്‍ എസ് ഐ അബ്ദുള്ള   എന്നിവരടങ്ങുന്ന  സംഘമാണ് മാനന്തവാടി എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജ് കേന്ദീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതികളെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന  കെ എല്‍ 60 എം 8124 എന്ന നമ്പറിലുള്ള കാറും പൊലിസ് കാസ്റ്റഡിയില്‍എടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത്
ഉത്തര്‍പ്രദേശ്‌  മഥുര സ്വദേശിയായ അജയ്‌സിംഗ് ബരാഗപൂരില്‍ നിന്നും കൊണ്ടുവന്നതാണ് ഹെറോയിന്‍. തുടര്‍ന്ന് മധുസൂദനന്‍, അശോകന്‍,ബാലകൃഷ്ണന്‍ ,ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ ലഹരിമരുന്ന്‍ വില്‍പ്പന നടത്തുവാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. അശോകന്‍റെ സുഹൃത്തായ ബിജുലാല്‍, റഫീഖ് എന്നിവര്‍ക്ക്  ഹെറോയിന്‍ ആവശ്യമുണ്ടെന്ന് മനസിലാക്കിയ സംഘം എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജില്‍വെച്ച് ഹെറോയിന്‍ വില്‍പ്പനയ്ക്കായുള്ള പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ 2 കോടിരൂപ വിലമതിക്കുന്ന 1 കിലോ ഹെറോയിനാണ് സംഘത്തിന്‍റെ   കൈവശം ഉണ്ടായിരുന്നത്. ഇവരുടെ കൈയില്‍ നിന്നും ഹെറോയിന്‍ ആവശ്യക്കാരും വാങ്ങാന്‍  എത്തുമെന്നും സൂചനയുണ്ടായിരുന്ന റഫീഖ്, ബിജുലാല്‍  എന്നിവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവരെ കുറിച്ചു മറ്റു കണ്ണികളെ കുറിച്ചും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനായി  ഒരു സംഘത്തെ അവിടേക്ക് അയക്കുമെന്നും പൊലിസ് അറിയിച്ചു.  ഇത്രയും  വലിയ അളവില്‍ ഹെറോയിന്‍ സംഘത്തിന്  എവിടെ നിന്നും ലഭിച്ചു തുടങ്ങിയ കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിന് ശേഷമേ പറയാന്‍ സാധികയുള്ളൂ എന്നും പൊലിസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം  സംഘത്തെ  പിടികൂടിയെങ്കിലും  വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയായത്. പിടികൂടിയ  ലഹരിമരുന്ന് ബ്രൌണ്‍ ഷുഗര്‍ ആണെന്ന് ആദ്യം സംശയം ഉണ്ടായിരുന്നെങ്കിലും പിന്നീട് നടത്തിയ  പരിശോധനയില്‍ ഹെറോയിന്‍ ആണെന്ന് സ്ഥിതീകരക്കുകയായിരുന്നു.  വെള്ളിയാഴ്ച ഉച്ചയോടെ മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *