പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കാന്‍ മെഡിക്കല്‍ മിഷന് കഴിഞ്ഞു: പൊന്‍ രാധാകൃഷ്ണന്‍

.
കല്‍പ്പറ്റ:വയനാട്ടിലെ പാര്‍ശ്വത്ക്കരിക്കപ്പെട്ട വനവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കാന്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് കഴിഞ്ഞുവെന്ന് കേന്ദ്ര ധനകാര്യ-തുറമുഖ വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. വയനാട്ടില്‍ വനവാസികള്‍ക്കുവേണ്ടി സൗജന്യ ചികിത്സ നടത്തുന്ന സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അനുവദിച്ച 50 ലക്ഷം രൂപയുടെ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനവാസികളെ സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തിയ കാലത്താണ് മെഡിക്കല്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വൈദ്യസേവനങ്ങള്‍ അന്യമായിരുന്ന കാലത്ത് ഇത് സൗജന്യമായി കോളനിയില്‍ എത്തിക്കാന്‍ മിഷന് കഴിഞ്ഞു. ജില്ലയിലെ വനവാസി സമൂഹം അഭിമുഖീകരിക്കുന്ന പ്രധാന രോഗമായ അരിവാള്‍ രോഗം വയനാട്ടില്‍ ഉണ്ടെന്ന് കണ്ടെത്തിയത് മെഡിക്കല്‍ മിഷനാണ്. ഇവയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ അരിവാള്‍ രോഗികള്‍ക്ക് ആശ്വാസമേകുകയും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനും കഴിഞ്ഞു. ത്രിതല പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും വനവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരാജയപ്പെട്ടിടത്ത് മെഡിക്കല്‍മിഷന് ഒരു പരിധിവരെ വിജയിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനും വിലകുറവില്‍ മരുന്നുകള്‍ നല്‍കുവാനുമുള്ള ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും എല്ലാവിധ സഹായവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വ. കെ.കെ.ബലറാം മുഖ്യപ്രഭാഷണം നടത്തി. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ പ്രസിഡന്റ് ഡോക്ടര്‍ പി.നാരായണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഡയറക്ടര്‍മാരായ ഡി.രാധാകൃഷണ മേനോന്‍, എന്‍.വി.സുരേഷ് ബാബു, പള്ളിയറ രാമന്‍, പി.സി.മോഹനന്‍, അഡ്വ. കെ.എ.അശോകന്‍, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ.ദേവകി, മുട്ടില്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കൃഷ്ണകുമാര്‍,എം.ജി.ഗോപിനാഥ്, പി.രമേശ്, വി.പി.മുരളീധരന്‍, സി.ചന്ദ്രശേഖരന്‍, വി.കെ.ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
Leave a Reply