April 20, 2026

നിയന്ത്രണം വിനയായി; കുറുവയില്‍ വരുമാനത്തില്‍ വന്‍ കുറവ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ജില്ലയില്‍ സന്ദര്‍ശനത്തിന് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടും ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നും അപൂര്‍വ ജൈവവിധ്യത്തിന്റെ കലവറയും കൂടിയായ കുറുവാദ്വീപിന് ഇത്തവണ തിരിച്ചടികള്‍ മാത്രം.  കുറുവാദ്വീപില്‍ പ്രവേശിക്കവുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ നിയന്തണം ഏര്‍പ്പെടുത്തിയതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചും ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളേയും അപേക്ഷിച്ച് വരുമാനത്തില്‍ വലിയ കുറവാണ് വന്നിരിക്കുന്നത്. കാട്ടികുളം പാല്‍വെളിച്ചം വഴിയും, പുല്‍പ്പള്ളി പാക്കം വഴിയും എത്താവുന്ന കുറുവാദ്വീപില്‍ ഇപ്പോള്‍ 400  പേര്‍ക്ക് മാത്രമാണ് പ്രവേശനം. മഴക്കാലം ആരംഭിച്ചതോടെ 2017  ജൂണ്‍ മാസം പ്രവര്‍ത്തനം താല്കാലികമായി അവസാനിപ്പിച്ച കുറുവാദ്വീപ് ഏറെ വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ഡിസംബര്‍ 16 നാണ് നിയന്ത്രണത്തോടെ സഞ്ചാരികള്‍ക്കായി തുറന്നു.കൊടുത്തത്്.  ഡിസംബര്‍ 16 മുതല്‍ 31 വരേയുള്ള കണക്ക് പ്രകാരം ഡി.റ്റി.പി.സി.യുടെ നിയന്ത്രണത്തിലുള്ള കാട്ടിക്കുളം പാല്‍വെളിച്ചം വഴിയിലൂടെയുള്ള പ്രവേശത്തിലൂടെ ലഭിച്ച വരുമാനം 96000 രൂപയാണ്. 2016- ല്‍ ഇതേ കാലയളവില്‍ 8,77,870 രൂപയായിരുന്നു വരുമാനം ലഭിച്ചിരുന്നത്. ജനുവരി ഒന്നുമുതല്‍  എട്ട് വരെ 36000 രുപയാണ് വരുമാനം ലഭിച്ചത്. 2017 ജനുവരി ഒന്നു മുതല്‍ എട്ടുവരെ 3,77,640 രൂപ വരുമാനമായി ലഭിച്ചിരുന്നു. 2016 ഡിസംബര്‍ 16 മുതല്‍ 31 വരെ 29277 പേരും 2017 ജനുവരി ഒന്നു മുതല്‍  എട്ട് വരെ 12550 പേരും കുറുവ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കുറുവയില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധവ് ഉണ്ടെങ്കിലും നിയന്ത്രണ  പരിധി ഉള്ളതിനാല്‍ എല്ലാവരേയും ദ്വീപില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല. അതിനാല്‍ വിദേശികള്‍ അടക്കമുള്ളവര്‍ നിരാശയോടെ മടങ്ങുകയാണ് പതിവ്. പുലര്‍ച്ചെ നാല് മണിമുതല്‍ സന്ദര്‍ശകരുടെ നീണ്ടനിര ആരംഭിക്കും രാവിലെ ആറ് മണിയാകുമ്പോഴേക്കും ടിക്കറ്റുകള്‍ തിരും. പീന്നീട് വരുന്നവര്‍ക്ക് ദ്വീപില്‍ പ്രവേശിക്കനേ സാധിക്കില്ല. സന്ദര്‍ശന നിയന്ത്രണം ഉള്ളതറിയതെ എത്തുന്നവരും ഉണ്ട്.  ദ്വീപിലെ തണുത്ത അന്തരീക്ഷം, കിലോമീറ്റര്‍ നീണ്ട വനത്തിലൂടെയുള്ള യാത്രകള്‍, ചങ്ങാടയാത്ര,  കടുത്ത വേനലിലും ജലസമൃദ്ധമായ വനത്തിനുള്ളിലെ ജലാശയങ്ങള്‍, പാറക്കെട്ടുകള്‍ എന്നിവയാണ് ദ്വീപിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നത്. കൂടാതെ ലഭിക്കുന്ന നാടന്‍ ഭക്ഷണ വിഭവങ്ങളും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. ദ്വീപില്‍ നിയന്ത്രണം  ഏര്‍പ്പെടുത്തിയതോടെ ദ്വീപിന് സമീപത്തെ നാടന്‍ ഭക്ഷണശാലകളും  കുടുംബശ്രീ ഹോട്ടലുകള്‍ തുടങ്ങിയവയെല്ലാം പ്രതിസന്ധിയിലാണ്.  ചിലതെല്ലാം ഇതിനോടകം പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. വായ്പ എടുത്തും മറ്റുമാണ് ദ്വീപിന് പരിസരത്തെ ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ ആരംഭിച്ചത്. മുന്‍കാലങ്ങളില്‍ തരക്കേടില്ലാത്ത വരുമാനം  ലഭിച്ചെങ്കിലും ഈ  വര്‍ഷം മിക്കവയും അടച്ചുപൂട്ടലിന്റെ വക്കിലാണ്. മിക്ക കച്ചവട സ്ഥാപനങ്ങളും വലിയ തുക  മുടക്കി നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ആ തുക പോലും തിരികെ ലഭിക്കാത്ത അവസ്ഥയാണ്  ഇപ്പോള്‍ ഉള്ളത്.   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *