April 22, 2026

നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജ് ഭൂമിയിലെ കാപ്പി മോഷണം; യൂത്ത് ലീഗ് പരാതി നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: നിര്‍ദ്ധിഷ്ട മെഡിക്കല്‍ കോളേജ് ഭൂമിയിലെ ഏതാണ്ട് 14 ലക്ഷത്തോളം രൂപ  വരുന്ന കാപ്പി കളവ് പോയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വയനാട് ജില്ലാ യൂത്ത് ലീഗ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. യൂത്ത് ലീഗ് മാത്രമാണ് ഇക്കാര്യത്തില്‍ രേഖാപരമായി പരാതി നല്‍കിയിട്ടുള്ളത്.

സര്‍ക്കാര്‍ ഭൂമിയിലെ ഉല്‍പ്പന്നങ്ങള്‍ ലേലം ചെയ്ത് വില്‍ക്കാറാണ് പതിവ്. എന്നാല്‍ സ്ഥലത്തിന്‍റെ കൈവശാവകാശമുള്ള ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ കാപ്പി ലേലം നടന്നിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിന് മുമ്പും ഈ ഭൂമിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മരം, കല്ല്, മണ്ണ് തുടങ്ങിയ സാധനങ്ങള്‍ വ്യാപകമായി കടത്തികൊണ്ടുപോയിരുന്നു. അപ്പോള്‍ ഇതിനെതിരെ ഒരു നടപടിയും എടുക്കാനോ അന്വേഷണം നടത്തുവാനോ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ കാപ്പിയും കളവ് പോയിരിക്കുന്നത്. ജില്ലാ കലക്ടര്‍ക്കോ, സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തി നടത്തുന്ന പൊതു മരാമത്ത് വകുപ്പിനോ  ഇതേ കുറിച്ച് ഒന്നും അറിയില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. തന്റെ മൂക്കിന്റെ താഴെയുള്ള ഈ സ്ഥലത്ത് നിന്ന് ഏതാണ്ട് 14 ലക്ഷത്തോളം രൂപയുടെ കാപ്പി കളവ് പോയിട്ട് ഇതേ കുറിച്ച് ഒന്നും അറിയില്ലെന്ന് സ്ഥലം എം.എല്‍.എ. സി.കെ. ശശീന്ദ്രനും പറയുന്നു. ആരോഗ്യ വകുപ്പ് പറയുന്നത് പി.ഡബ്ല്യു.ഡിക്കാണ് ഇതിന്റെ ചുമതല എന്നാണ്. ബില്‍ഡിംഗ് നിര്‍മ്മാണത്തിന്റെ ചുമതല മാത്രമാണ് തങ്ങള്‍ക്കുള്ളത് ഭൂമിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് പി.ഡബ്ല്യു.ഡി അധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ ഉത്തരവാദപ്പെട്ട ആളുകള്‍ പരസ്പര വിരുദ്ധമായാണ് പ്രതികരിക്കുന്നത്. ഈ അടിസ്ഥാനത്തിലാണ് യൂത്ത് ലീഗ് പരാതി നല്‍കിയത്. തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് എന്നിവര്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *