May 1, 2026

ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു.: പീഢാനുഭവ വാരാചരണത്തിന് തുടക്കമായി.

0
IMG_20180325_154104
By ന്യൂസ് വയനാട് ബ്യൂറോ
വലിയ ആഴ്ചയിലെ ചെറിയ ചിന്തകൾ
സി.വി.ഷിബു.

ക്രൈസ്തവ വിശ്വാസപ്രകാരം  വലിയ ആഴ്ചക്ക് തുടക്കമായി. അമ്പത് ദിവസത്തെ വലിയ നോമ്പാചരണത്തിന്റെ അവസാനത്തെ ആഴ്ചയാണ് വലിയ ആഴ്ച എന്ന പേരിൽ അറിയപ്പെടുന്നത്. യേശു ക്രിസ്തുവിന്റെ കുരിശുമരണത്തെയും   അതിന്  മുന്നോടിയായുള്ള പീ ഢാനുഭവങ്ങളെയും അനുസ്മരിച്ച് പീ ഢാനുഭവ വാരമെന്നും ഇതറിയപ്പെടുന്നു. 

  യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യൻമാരിൽ ഒരാളായിരുന്ന യൂദാസ് സ്കറിയോത്തായാൽ ഒറ്റുകൊടുക്കപ്പെട്ട യേശുവിനെ യഹൂദ  പടയാളികൾ  ചാട്ടവാറടിച്ചും കുരിശ് ചുമപ്പിച്ചും മറ്റും ദാരുണമായി പീഡിപ്പിച്ചതിൻെറയും  കുരിശും വഹിച്ചുകൊണ്ടുള്ള കാൽവരി മലയിലേക്കുള്ള യാത്രയെയും  കുരിശുമരണത്തെയും  ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതുമെ ല്ലാം  അനുസ്മരിച്ചുള്ളതാണ് പീഢാനുഭവ വാരാചരണം.
     ഓശാന ഞായർ എന്നറിയപ്പെടുന്ന ഞായറാഴ്ച മുതൽ ഈസ്റ്റർ വരെയുള്ള ഒരാഴ്ച കാലമാണ് വലിയ ആഴ്ച അഥവാ പീഢാനുഭവ വാരം. മനുഷ്യപുത്രനായി അവതരിച്ച യേശു തന്റെ പരസ്യജീവിത  കാലത്ത് പ്രധാന യഹൂദ ദേവാലയമായ ജെറുസലെം ദേവാലയത്തിൽ ഇടക്കിടെ  പോകുമായിരുന്നു. ജനങ്ങൾ രാജാവായി  കണ്ടിരുന്ന യേശു കുതിര പുറത്ത് കയറുന്നതിന് പകരം കഴുതയുടെ പുറത്ത് കയറി ജെറു സെലെം ദേവാലയത്തിലേക്ക് യാത്ര ചെയ്യുകയും  ഈ സമയം ജനങ്ങൾ  സൈത്തിൻ കൊമ്പുകളും ഒലിവിലകളുമായി  ഓശാന മുഴക്കി   എതിരേൽക്കുകയും ചെയ്തു. ജനങ്ങളിൽ പലരും അവരുടെ വസ്ത്രങ്ങൾ പോലും വഴിയിൽ വിരിച്ചു .ആർപ്പ് വിളികൾക്കിടയിൽ കഴുതപ്പുറത്തേറി യേശു നടത്തിയ ജെറുസെലെം  ദേവാലയ പ്രവേശനത്തെ അനുസ്മരിച്ചാണ് ക്രൈസ്തവർ ഇന്നും   ഓശാന ഞായർ ആചരിക്കുന്നത്. 
     വലിയ ആഴ്ചയിലെ മറ്റൊരു പ്രധാന ദിവസമാണ് പെസഹ വ്യാഴം .ശിഷ്യൻമാരും ഒരുമിച്ചുള്ള യേശു ക്രിസ്തുവിന്റെ അന്ത്യാത്തഴത്തെയും വിശുദ്ധ കുർബാന സ്ഥാപനത്തെയും അനുസ്മരിച്ചാണ് സഭാ വിശ്വാസികൾ ഈ ദിനം ആചരിക്കുന്നത്. യഹൂദരുടെ പ്രധാന തിരുനാളുകളിലൊന്നാണ്  പെസഹ .കടന്നു പോകൽ എന്നാണിതിന്റെ  അർത്ഥം. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ എന്നും ഈ ദിവസം അറിയപ്പെടുന്നു. പെസഹ ആചരണത്തിനിടെ തന്റെ ശരീരവും രക്തവും നിത്യജീവന്റെ ഭക്ഷണമായി ജനങ്ങൾക്ക്  നൽകികൊണ്ട് വിട ചൊല്ലിയെന്നും  കുർബ്ബാന  സ്ഥാപിച്ചുവെന്നുമാണ് വിശ്വാസം.   ഇതിന്റെ ഓർമ്മയായാണ് ഗോതമ്പ് അപ്പത്തെ  ക്രിസ്തുവിന്റെ   ശരീരമായും  വീഞ്ഞിനെ രക്തമായും കരുതി വിശുദ്ധ  കുർബ്ബാന സഭയിലെ ഏറ്റവും വലിയ ആരാധനയായത്. ഒരു നേതാവ് തന്റെ അണികൾക്ക് വേണ്ടിയും ഒരു ഭരണാധികാരി തന്റെ ജനങ്ങൾക്ക് വേണ്ടിയും , ഒരു ജീവനക്കാരൻ തനിക്ക് ശമ്പളം ലഭിക്കാനായി നികുതി ഒടുക്കുന്ന സാധാരണക്കാരന് വേണ്ടിയും ഇങ്ങനെ സ്വയം ഭക്ഷണമാകേണ്ടവനാണന്ന് എന്നാണ് നമുക്ക്      തിരിച്ചറിവുണ്ടാകുന്നത്?
ഗുരു-  ശിഷ്യബന്ധത്തിന്റെയും ജന്മി- കുടിയാൻ ബന്ധത്തിന്റെയും മുതലാളി – തൊഴിലാളി ബന്ധത്തിന്റെയും വലിയൊരു സോഷ്യലിസ്റ്റ് സന്ദേശം  ലോകത്തിന് നൽകിയ വിപ്ലവ പ്രവർത്തിയായിരുന്നു  പെസഹ  ആചരണത്തിനിടെ യേശു നടത്തിയ കാൽകഴുകൽ ശുശ്രൂഷ .ഗുരുവല്ല ശിഷ്യനാണ് വലിയവൻ, ഉടമയല്ല അടിമയാണ് വലിയവൻ, മുതലാളിയല്ല തൊഴിലാളിയാണ് വലിയവൻ, ഭരണാധികാരിയല്ല ജനമാണ് വലിയ വർ, തിരഞ്ഞെടുക്കപ്പെട്ടവൻ അല്ല വലിയവൻ തിരഞ്ഞെടുത്തവരാണ്  വലിയവർ എന്ന പുതിയ സന്ദേശം യേശു  ലോകത്തിന് കാണിച്ചു കൊടുത്താണ് പന്ത്രണ്ട് ശിഷ്യൻമാരുടെയും പാദങ്ങൾ കഴുകിയത്.പ്രതീകാത്മകമായി പെസഹാ വ്യാഴാഴ്ച വൈദികർ വിശ്വാസികളുടെ പാദങ്ങൾ കഴുകാറുണ്ട്.
 വർത്തമാന കാലഘട്ടത്തിൽ ഈ കാൽ കഴുകലിന് വലിയ പ്രാധാന്യമുണ്ട്. ഒരു നേതാവിന് തന്റെ  അണികളെ ഇങ്ങനെ ബഹു മാനിക്കാനാകുമോ?, ഒരു മുതലാളിക്ക് തന്റെ സ്ഥാപനത്തിലെ തൊഴിലാളിയെ ഇങ്ങനെ കണക്കാക്കനാകുമോ? ഒരു സർക്കാരുദ്യോഗസ്ഥന് ഓഫീസിൽ വരുന്ന സാധാരണക്കാരനാണ് വലിയവൻ എന്ന് കരുതി അവന് സേവനം ചെയ്യാനാകുമോ? ഒരു മതമേലധ്യക്ഷന് തന്റെ സമുദായത്തിലെ വിശ്വാസികളെ ഇങ്ങനെ കരുതാനാകുമോ? അങ്ങനെ, ഈ പറയുന്നവർ കരുതിയിരുന്നെങ്കിൽ സോഷ്യലിസം എന്നേ ഇവിടെ നടപ്പാകുമായിരുന്നു. ജനാധിപത്യം പൂവണിയുമായിരുന്നു. ഇരകൾ എന്ന പ്രയോഗം തന്നെയും ഇവിടെ ഉണ്ടാകുമായിരുന്നോ?
   മനുഷ്യരുടെ  പാപങ്ങൾ ഏറ്റെടുത്ത്  അതിന് ശിക്ഷയായി കുരിശിലേറി മരിച്ചതിന്റെയും ഓർമ്മയാണ് വലിയ ആഴ്ചയിലെ ദു:ഖവെളളി. മലായാളത്തിൽ ദു:ഖ സൂചകമായാണ് ഈ വാക്ക് എങ്കിലും ഇംഗ്ലീഷിൽ ഗുഡ് ഫ്രൈഡേ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്.  അതായത് , ലോക ജനത യെ മുഴുവൻ ഒരാൾ ഒരു മരണം കൊണ്ട് രക്ഷിച്ച ദിവസം എന്ന അർത്ഥത്തിലാണ്  ദുഃഖവെള്ളി ഗുഡ് ഫ്രൈഡേ  ആകുന്നത്.  കുരിശും വഹിച്ചുള്ള കാൽവരിയിലേക്കുള്ള  പീഡാനുഭവ യാത്രയെ ഓർമ്മിച്ച് അന്നേ ദിവസം ക്രിസ്ത്യാനികൾ കുരിശിന്റെ വഴി നടത്തുകയും  ഉപവസിക്കുകയോ  ഒരു നേരത്തെ ഭക്ഷണത്തിലൊതുക്കുകയോ  ചെയ്യുന്നു. കുരിശിൽ കിടന്ന് ദാഹ  ജലത്തിനായി   കേണപ്പോൾ പടയാളികൾ   കയ്പ്പുനീര് നൽകിയതിനെയും   ഓർമ്മിച്ച്  കയ്പ് നീര് കുടിക്കുന്നതും ദുഃഖവെള്ളിയിലെ മറ്റൊരു  ആചരണമാണ്. 
ഈസ്റ്റർ എന്നറിയപ്പെടുന്ന ഉയിർപ്പു തിരുന്നാളോടെയാണ്  പീഢാനുഭവ വാരാചരണത്തിന്റെ  സമാപനം .  പീഡകളെയും മരണത്തെയും അതിജീവിച്ച്   മാലോകരുടെ നിത്യരക്ഷക്കായി നിത്യ സാന്നിദ്ധ്യമായി ഉണ്ടാകേണ്ടതിന് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നാണ് ക്രൈസ്തവ വിശ്വാസം. ഏത് പ്രതിസന്ധിയിലും പീഡാനുഭവങ്ങളിലും ഒരു പ്രതീക്ഷക്ക് വകയുണ്ട് എന്ന വലിയ സന്ദേശമാണ് ഈസ്റ്റർ.ചെറിയ പ്രശ്നങ്ങളിൽ പോലും പതറുന്ന ഇന്നത്തെ തലമുറക്ക് ഈസ്റ്റർ ഒരു പ്രത്യാശയുടെ ആഘോമാകണം. ജീവിതത്തിൽ ഒരു ദു:ഖവെള്ളിയും അനുഭവിക്കാത്തവരായി ആരുമില്ലന്നും  അതിന് ശേഷം അതി ജീവനത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനായി നമുക്ക് കാത്തിരിക്കാനുണ്ടന്നുമുള്ള ചെറിയ ചിന്തയാകട്ടെ ഈ വലിയ ആഴ്ച നമുക്ക് നൽകുന്ന പാഠം. ജീവിതത്തിൽ തെറ്റുകൾ പറ്റാത്തവരായി ആരുമില്ല. എന്നാൽ തെറ്റുകളെ കുറിച്ച് പശ്ചാതപിക്കുകയും നന്മ നിറഞ വഴിയിൽ സഞ്ചരിക്കുകയും ചെയ്യുകയെന്നതാണ് വിവേക ശാലിയായ മനുഷ്യന്റെ ഉത്തരവാദിത്വം .നിയമവും ഭരണവും മതവുമെല്ലാം അതിന് സഹായകമാവുമെന്ന് മാത്രം. മത വിശ്വാസിയായിരുന്നാലും അല്ലങ്കിലും  ഇത്തരം ഓരോ ആഘോഷങ്ങളും പോലെ  ഈ ഈസ്റ്ററും  അതിനുള്ള പ്രചോദനമാകണം മനുഷ്യന്. അത് അടുത്ത ഓണത്തിലേക്കുള്ള മലയാളിയുടെ യാത്രയാകട്ടെ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *