സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പള കുടിശ്ശിക നല്‍കണമെന്ന കോടതി വിധി അംഗീകരിക്കാതെ ജില്ലാ ബാങ്ക് അധികാരികള്‍ ബുദ്ധിമുട്ടിക്കുന്നതായി മുന്‍ജീവനക്കാരന്‍
കല്‍പ്പറ്റ: സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പള കുടിശ്ശിക നല്‍കണമെന്ന കോടതി വിധി അംഗീകരിക്കാതെ ജില്ലാ ബാങ്ക് അധികാരികള്‍ ബുദ്ധിമുട്ടിക്കുന്നതായി മുന്‍ജീവനക്കാരന്‍ മാനന്തവാടി വള്ളിയൂര്‍കാവ് പെരുമ്പള്ളിയില്‍ ചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സ്വര്‍ണ്ണപ്പണയ വായ്പ നല്‍കിയതില്‍ ക്രമക്കേട് ആരോപിച്ച് 2009 മാര്‍ച്ച് 18നാണ് ചന്ദ്രനെ സസ്‌പെന്റ് ചെയ്തത്. ബാങ്ക് ശിക്ഷാ നടപടിയും സ്വീകരിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് 2009 മാര്‍ച്ച് 18 മുതല്‍ ഒക്ടോബര്‍ 13 വരെ സസ്‌പെന്‍ഷനിലായി. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ ചന്ദ്രന്‍ സഹകരണ ആര്‍ബിട്രേഷന്‍ കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനും, ശിക്ഷാവിധിയും റദ്ദ് ചെയ്ത് 2016 സെപ്തംബര്‍ 27ന് വിധി വന്നു.
സസ്‌പെന്‍ഷന്‍ കാലത്തെ ശമ്പളവും, അലവന്‍സുകളും മറ്റും അനുവദിച്ച് കോടതി ഉത്തരവായി. 4,40,387 രൂപയാണ് ലഭിക്കേണ്ടത്. ആര്‍ബിട്രേഷന്‍ കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിനായി നേരിട്ടും, മധ്യസ്ഥര്‍ മുഖേനയും നിരന്തരം ബന്ധപ്പെട്ടിട്ടും പണം ലഭിക്കാത്തതിനാല്‍ സഹകരണ സംഘം രജിസ്ട്രാറുടെ കോടതിയില്‍ 2017 ആഗസ്റ്റ് 17ന് ഇ.പി ഫയല്‍ ചെയ്തു. ബാങ്കില്‍ നിന്നും തുക ലഭിക്കാന്‍ ബാങ്കിന്റെ വാഹനം ജപ്തി ചെയ്ത് വില്‍പ്പന നടത്താന്‍ സമര്‍പ്പിച്ച പരാതിയില്‍ നടപടി സ്വീകരിക്കാതെ തന്നെ ബുദ്ധിമുട്ടിക്കുന്നതായി ചന്ദ്രന്‍ പറഞ്ഞു. ജില്ലാ സഹകരണ ബാങ്കിന്റെ ജനറല്‍മാനേജരായ ഗോപകുമാറിന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് പണം നല്‍കാത്തതിന് കാരണം. 30 വര്‍ഷത്തെ സേവനത്തിന് ശേഷം താന്‍ 2013 ഡിസംബര്‍ ഒന്നിന് സര്‍വ്വീസില്‍ നിന്നും വിരമിച്ചു.
യാത്രയയപ്പ് യോഗത്തില്‍ ബാങ്കിലെ അഴിമതിയെ കുറിച്ച് പരാമര്‍ശിക്കാന്‍ നിബര്‍ബന്ധിതനായി. ഇതാണ് തന്നോടുള്ള വൈരാഗ്യത്തിന് കാരണമെന്ന് ചന്ദ്രന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രന്‍ സുഹൃത്ത് കെ.പി നാസറും പങ്കെടുത്തു.





Leave a Reply