August 11, 2026

ബദൽ റോഡ്: ജനപ്രതിനിധികൾ വയനാട്ടുകാരോട് മാപ്പ് പറയണം.: കർമ്മസമിതി

0
By ന്യൂസ് വയനാട് ബ്യൂറോ
: താമരശ്ശേരി ചുരമിടിഞ്ഞ് വയനാട് ഒറ്റപ്പെട്ടപ്പോൾപ്പോലും ബദൽ പാതകളെക്കുറിച്ച് മിണ്ടാതിരുന്ന എം.പിയും, എം.എൽഎമാരും വയനാടൻ ജനതക്ക് അപമാനമാണെന്നും, ഇവർ ജനങ്ങളോട് മാപ്പു പറയണമെന്നും പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് കർമ്മസമിതി ആവശ്യപ്പെട്ടു. ബദൽ പാതകൾക്ക് വനഭൂമി വിട്ടുകിട്ടുന്നതിന് സംസ്ഥാന തലത്തിൽ വേണ്ട ഇടപെടലുകൾ നടത്തി കേന്ദ്രത്തിന് അപേക്ഷ നൽകുമെന്ന് പറഞ്ഞ് ജില്ലയിലെ ജനപ്രതിനിധികൾ കാലങ്ങളായി സമരമുഖത്തുള്ളവരെ വഞ്ചിക്കുന്നു. ജനത്തെ വെറും വോട്ടു ബാങ്കായി കാണുന്ന നിലപാട് ഇനിയെങ്കിലും അവസാനിപ്പിക്കണം.കഴിഞ്ഞ 25 കൊല്ലമായി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടതും 70% ലധികം പണി പൂർത്തീകരിച്ചതുമായ പൂഴിത്തോട്-പടിഞ്ഞാറത്തറ സാദ്ധ്യതകൾ നിലനിൽക്കുമ്പോഴാണ് അതിവ പരിസ്ഥിതി ലോല മേഖലയായ ചുരത്തിൽ വീണ്ടും വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾക്ക് കോടികൾ അനുവദിക്കുന്നത്.

     കരാറുകാരുടേയും, ഉദ്യോഗസ്ഥ,രാഷ്ട്രീയ മാഫിയയുടേയും ശക്തമായ ഇടപെടലുകൾ ഇതിൽ നാം സംശയിക്കേണ്ടിയിരിക്കുന്നു. എന്തിനും ഏതിനും സമരം നടത്തുന്ന രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങൾ ഈ വിഷയത്തിൽ നിശബ്ദത പാലിക്കുന്നത് ആർക്കു വേണ്ടിയാണ്. രാത്രിയാത്രാ നിരോധനത്തിൽ വീർപ്പുമുട്ടുന്ന വയനാടിനേറ്റ മറ്റൊരു പ്രഹരമാണ് ചുരത്തിന്റെ തകർച്ച. 
      വാഹനങ്ങൾ വഴിതിരിച്ചുവിടാൻ ഉപയോഗിക്കുന്ന പാതകളിൽ വേനൽക്കാലത്ത് അറ്റകുറ്റപണി നടത്താത്തതിനാൽ ജനങ്ങളുടെ ദുഃരിതം ഇരട്ടിയായി. 6 മാസങ്ങൾക്കു മുമ്പ് പടിഞ്ഞാറത്തറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബദൽ റോഡ് കമ്മറ്റിയും നോക്കുകുത്തിയായി. ഇതു വരെ ഒരു തുടർകമ്മറ്റി വിളിക്കാൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ല. ഇനിയും ഈ വിഷയത്തിൽ ക്രിയാത്മകമായി ഇടപ്പെടാൻ ജനപ്രതിനിധികൾ തയ്യാറാവാതാവുകയും, ജനങ്ങളെ കാര്യങ്ങൾ യഥാസമയം അറിയിക്കാതിരിക്കുകയും ചെയ്താൽ സമാന വ്യക്തികളേയും സംഘടനകളേയും ഉൾപ്പെടുത്തി ശക്തമായ സമരത്തിന് കർമ്മസമിതി നേതൃത്വം നൽകും. 
      വരും ദിവസങ്ങളിൽ, പ്രതിഷേധ മാർച്ച്, രാപകൽ സമരം ഉപരോധസമരങ്ങൾ, എന്നിവ നടത്തുവാനും കർമ്മസമിതി തീരുമാനിച്ചു.ജോൺസൺ ഒ.ജെ. അധ്യക്ഷത വഹിച്ചു.ബിനോയി തോമസ്, ബിജു.പി.കെ, ജോണി മുകളേൽ, ജോബിൾ ചീർപ്പുങ്കൽ ,സുബിൻ മാണിക്കത്ത്, സജി കൊച്ചുപുര, ജോർജ്ജ് ഇടയത്ത്, ബെന്നി ഒഴക്കാനാകുഴി ,ടൈറ്റസ് പൊൻപ്പാറയിൽ, മോൻസുക്കുട്ടി ഉഷാ മന്ദിരം, ബിജു കരിപ്പാലയിൽ, രാജൻ കുറ്റ്യാനിക്കൽ, രാജുതെന്നടി ,കമൽ തുരുത്തിയിൽ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *