July 14, 2026

മുണ്ടേരി മണിയങ്കോട്ടപ്പന്‍ ക്ഷേത്രം ഇനി ശബരിമല ഇടത്താവളം

0
IMG-20190310-WA0019
By ന്യൂസ് വയനാട് ബ്യൂറോ
സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം:
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കൽപ്പറ്റ: 
സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും ഏതൊരു സാഹചര്യത്തിലും അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല ഇടത്താവളത്തിന്റെ ശിലാസ്ഥാപനം മുണ്ടേരി മണിയങ്കോട്ടപ്പന്‍ ക്ഷേത്ര പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമെന്ന നിലയ്ക്ക് 2017ലാണ് ശബരിമല ഇടത്താവളമെന്ന ആശയം മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. നിരവധി ചര്‍ച്ചകള്‍ക്കു ശേഷം കേരളത്തിലെ 38 ക്ഷേത്രങ്ങളില്‍ ഇടത്താവളങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ 10 ക്ഷേത്രങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഇതിലൊന്നാണ് മണിയങ്കോട്ടപ്പന്‍ ക്ഷേത്രം. കിഫ്ബി വഴി 10 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മാണം. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 'വാപ്‌കോസി'നാണ് നിര്‍മാണച്ചുമതല. മികച്ച ഗുണനിലവാരത്തോടെ സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വാപ്‌കോസിനെ ഏല്‍പ്പിച്ചതെന്നും മന്ത്രി പറഞ്ഞു. 
ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. മലബാര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസു മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. ചെയര്‍മാന്‍ എളമന ഹരിദാസ് മന്ത്രിയെ പൊന്നാട അണിയിച്ചു. ക്ഷേത്രം നവീകരണ കമ്മിറ്റി പ്രസിഡന്റ് ശാന്തിപൃത്വിരാജ് ഉപഹാര സമര്‍പ്പണം നടത്തി. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, കൗണ്‍സിലര്‍മാരായ ടി കെ രുഗ്മിണി, ടി മണി, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ മുരളി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കമല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
600 പേരെ ഉള്‍ക്കൊള്ളുന്ന അന്നദാന മണ്ഡപം, വിരിപ്പന്തല്‍, ഓഡിറ്റോറിയം, ഓപണ്‍സ്റ്റേജ്, ആധുനിക പാചകമുറി, ടോയ്‌ലറ്റ് സൗകര്യം, ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് കൗണ്ടര്‍, ഇന്റര്‍നെറ്റ് വൈഫൈ സംവിധാനം, ലോക്കര്‍ സൗകര്യം, ഭക്തര്‍ക്ക് ആവശ്യമായ സാധനസാമഗ്രികള്‍ ലഭിക്കുന്ന സ്‌റ്റോര്‍ തുടങ്ങിയവ ശബരിമല ഇടത്താവള സമുച്ചയത്തിന്റെ ഭാഗമാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *