വള്ളിയൂർക്കാവിൽ ഏഴാം നാൾ കൊടിയേറി : ഇനി ഏഴ് ദിനരാത്രങ്ങൾ ഉത്സവമേളം.
മാനന്തവാടി: കേരളത്തിലെ ആദിവാസികളുടെ ഏറ്റവും വലിയ ഉത്സവവും വയനാടിന്റെ ദേശീയോത്സവവുമായ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ആദിവാസി മൂപ്പന്‍ കെ.രാഘവന്റെ നേതൃത്വത്തിലാണ് കൊടിയേറ്റം നടന്നത്. സാധാരണ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്സവം തുടങ്ങി ഏഴാം നാളിലാണ് കാവില്‍ കൊടിയേറുക. ഇനിയുള്ള ഏഴ് ദിനരാത്രങ്ങള്‍ കാവും പരിസരവും ഉത്സവ തിമിര്‍പ്പിലാകും.ആദിവാസികൾ വനത്തിൽ നിന്ന് കൊണ്ട് വരുന്ന ചില്ലകളോട് കൂടിയ മുളയിൽ താഴെ കാവിലെ കൊടിയേറ്റത്തിനു ശേഷം വേമോത്ത് നമ്പ്യാര്‍, എടച്ചന നായര്‍ എന്നിവരുടെ ഭണ്ഡാര തറയിലും കൊടിയേറ്റം നടത്തുകയും ചെയ്തു. മാര്‍ച്ച് 24 ന് മേല്‍ശാന്തി പുതുമന ഇല്ലം ഗോവിന്ദന്‍ നമ്പൂതിരി പ്രധാന ചടങ്ങുകളിലൊന്നായ ഒപ്പനക്ക് പോകും. 25 ന് ഒപ്പന വരവും നടക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.കേരള ക്ഷേത്ര കലാ അക്കാദമി ചെയര്‍മാന്‍ ഡോ.കെ.എച്ച്.സുബ്രമണ്യന്‍ സാംസ്‌കാരിക പ്രഭാഷണം നടത്തും. ഉത്സവത്തോടനുബന്ധിച്ച് എക്‌സിബിഷന്‍ ട്രേഡ് ഫെയറും, കാര്‍ണിവെലും നടക്കുന്നുണ്ട്. മാര്‍ച്ച് 28 ന് ചിറക്കര, തലപ്പുഴ, ജെസ്സി, കൂളിവയല്‍, ഒണ്ടയങ്ങാടി, ചെറുകാട്ടൂര്‍ കോളനി, കൂടല്‍ ചെമ്മാട്, കമ്മന, വരടിമൂല, താഴെ കൊയിലേരി ഭഗവതിക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിന്നും അടിയറ എഴുന്നള്ളത്തുകള്‍ കാവിലെത്തും. 29 ന് താഴെക്കാവില്‍ നടക്കുന്ന കോലം കൊറയോടെ 14 ദിവസം നീണ്ടു നിന്ന് ഉത്സവം സമാപിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. ഉത്സവശേഷം തിരുവായുധമായ വാൾ തിരിച്ച പള്ളിയറക്കലേക്ക് എഴുന്നള്ളിക്കുന്നതോടെ മുഴുവൻ ചടങ്ങുകളും അവസാനിക്കും.





Leave a Reply