June 22, 2026

അന്താരാഷ്ട്ര കാപ്പി ദിനാചരണം ഒക്‌ടോബര്‍ 1ന് കല്‍പ്പറ്റയില്‍

0
IMG_20190925_144526.jpg
By ന്യൂസ് വയനാട് ബ്യൂറോ
അന്താരാഷ്ട്ര കാപ്പി ദിനാചരണം  ഒക്‌ടോബര്‍ 1ന് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: വിവിധ സംഘടനകളുടേയും സംരംഭങ്ങളുടേയും സഹകരണത്തോടെ കോഫി ബോര്‍ഡിന്റേയും നബാര്‍ഡിന്റേയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര കാപ്പി ദിനാചരണം ഒക്‌ടോബര്‍ 1ന് ചൊവ്വാഴ്ച കല്‍പ്പറ്റയില്‍ നടക്കും. ആഗോളതലത്തില്‍ കാപ്പി കര്‍ഷകര്‍ നേരിടുന്നപ്രതിസന്ധി ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെയുള്ള വലിയ വിലക്കുറവാണ് കാപ്പി വിപണി നേരിടുന്നത്. ഇത് പരിഹരിക്കുന്നന്നതിന് കാപ്പിയുടെ ഭാവിക്ക് നിങ്ങളെ ആവശ്യമുണ്ട് എന്ന വിഷയമാണ് ഇത്തവണ അന്താരാഷ്ട്ര തലത്തില്‍ കോഫിദിന സന്ദേശമായി പ്രചരിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉത്പാദിപ്പിക്കപ്പെടുന്ന മേഖലകളിലൊന്നായ വയനാട് പോലുള്ള ജില്ല കാലാവസ്ഥാ വ്യതിയാനവും മറ്റ് പ്രതികൂല സാഹചര്യങ്ങളും മൂലം വലിയ പ്രതിസന്ധി നേരിടുകയാണ്.ഉത്പാദനം വര്‍ദ്ധിപ്പിച്ചും വരുമാനം ഇരട്ടിയാക്കിയും കാപ്പി ഉപഭോഗം പ്രചരിപ്പിച്ചും ഈ പ്രതിസന്ധി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ കാപ്പി ദിനാചരണം നടക്കുന്നത്. ഇത് മൂന്നാം തവണയാണ് വയനാട് കേന്ദ്രീകരിച്ച് അന്താരാഷ്ട്ര കാപ്പിദിനാചരണം നടത്തുന്നത്. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല, ഭൗമസൂചിക പദവി, മലബാര്‍ കാപ്പി ബ്രാന്റിംഗ് തുടങ്ങി കാപ്പി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തിലും അല്ലാതെയും നടക്കുന്ന സാഹചര്യത്തില്‍ ദിനാചരണത്തിന് ഏറെ പ്രസക്തിയുണ്ട്. ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി, വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി, നബാര്‍ഡിന് കീഴിലെ മറ്റ് ഉത്പാദക കമ്പനികള്‍, ബയോവിന്‍ അഗ്രോ റിസര്‍ച്ച് സെന്റര്‍, വയനാട് സുസ്ഥിര കാര്‍ഷിക വികസന മിഷന്‍ (വാസുകി), വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ്, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, വനമൂലിക തുടങ്ങിയവയുടെ സഹകരണത്തോടെയാണ് നബാര്‍ഡിന്റേയും കോഫി ബോര്‍ഡിന്റേയും ആഭിമുഖ്യത്തില്‍ ഇത്തവണ പരിപാടികള്‍ നടത്തുന്നതെന്ന് സംഘാടകസ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രദര്‍ശനം, ദേശീയ സെമിനാര്‍, കോഫി അസംബ്ലി, കാപ്പി സല്‍ക്കാരം, മ്യൂസിക്കല്‍ ഈവന്റ് എന്നിവ ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കൂടാതെ കാപ്പിയുടെ വിവിധ ബ്രാന്റുകള്‍ പരിചയപ്പെടുന്നതിനും പുതിയ കാപ്പി രുചികള്‍ അനുഭവിക്കുന്നതിനും അവസരമുണ്ട്.
കല്‍പ്പറ്റ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള എം.സി.ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് കര്‍ഷകരുടെ രജിസ്‌ട്രേഷനോടുകൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്ഥാന കാര്‍ഷികോത്പാദക കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിംഗ് സ്റ്റാള്‍ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തും. കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.കറുത്തമണി അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് 11 മണി മുതല്‍ വിവിധ വിഷയാവതരണവും ചര്‍ച്ചയും നടക്കും. ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദിന്റെ അദ്ധ്യക്ഷതയില്‍ കാപ്പിയുടെ ഭാവി സംബന്ധിച്ച ചര്‍ച്ചയും ആസൂത്രണവും നടക്കും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന കോഫി അസംബ്ലി സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും, വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ കഫേ കാപ്പി ഫ്രാഞ്ചൈസി ലോഞ്ചിംഗിന്റെ ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യും വിന്‍ കോഫിയുടെ പുതിയ ബ്രാന്റ് ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ.യും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അദ്ധ്യക്ഷത വഹിക്കും. മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിനിധികള്‍ കോഫി അസംബ്ലിയില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം.കെ.ദേവസ്യ, കണ്‍വീനര്‍ പി.കെ.സുരേഷ് , കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം. കറുത്തമണി, , വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒ. ജിനു പി.തോമസ്, ബയോവിന്‍ അഗ്രോറിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഫാ: ബിനു പൈനുങ്കൽ  , പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ടി.സി. ജോസഫ്, വാസുകി വൈസ് ചെയര്‍മാന്‍ സജി കാവനാക്കുടി , കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രശാന്ത് രാജേഷ് , വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, ജുബുനു, മോഹൻ ദാസ് ,വിനേഷ് മാത്യു.  എന്നിവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *