April 23, 2024

വയനാട് കോഫി ബ്രാൻഡിംഗ് സെമിനാറും ചർച്ചയും കാപ്പി ദിനാഘോഷവും നാളെ ( ചൊവ്വാഴ്ച) കൽപ്പറ്റയിൽ.

0
വയനാട് കോഫി ബ്രാൻഡിംഗ് സെമിനാറും ചർച്ചയും കാപ്പി ദിനാഘോഷവും നാളെ ( ചൊവ്വാഴ്ച)  കൽപ്പറ്റയിൽ.
കല്‍പ്പറ്റ : വയനാട് കോഫി ബ്രാൻഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ചൊവ്വാഴ്ച  കൽപ്പറ്റയിൽ സെമിനാറും ചർച്ചയും നടക്കും.   അന്താരാഷ്ട്ര കാപ്പി ദിനാഘോഷത്തോടനുബന്ധിച്ച് ബൈപ്പാസ് ജംഗ്ഷഷനിലെ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള എം.സി. ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് പരിപാടി. സെമിനാറും  പ്രദർശനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: കറുത്ത മണി അധ്യക്ഷത വഹിക്കും.  സെമിനാറിൽ വിദഗ്ധർ  പ്രഭാഷണം നടത്തും.  അന്താരാഷ്ട്ര പ്രശസ്തനായ  കാർഷിക ശാസ്ത്രജ്ഞൻ ഡോ: പി. സോമൻ ഉല്പാദന  
വർദ്ധനവ് സംബന്ധിച്ച് പ്രഭാഷണം നടത്തും.
 കോഫി ബോര്‍ഡിന്റേയും നബാര്‍ഡിന്റേയും നേതൃത്വത്തില്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് ഒക്‌ടോബര്‍ 1ന് നടത്തുന്ന അന്താരാഷ്ട്ര കാപ്പിദിനാചരണത്തോടനുബന്ധിച്ച് വയനാട്ടിലെ ആദ്യത്തെ കോഫി അസംബ്ലിയും  നടക്കും ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്കാണ്  കോഫി അസംബ്ലി ചേരുന്നത്. ഇതിന് മുന്നോടിയായി രാവിലെ മുതല്‍ സെമിനാറുകള്‍, ചര്‍ച്ച, സംവാദം എന്നിവ നടക്കും. ഇതില്‍ നിന്ന് ഉരുത്തിരിയുന്ന ആശയങ്ങള്‍ സംയോജിപ്പിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിന് ലക്ഷ്യമിട്ടാണ് അസംബ്ലി ചേരുന്നത്. 
കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി , റോബസ്റ്റാ കാപ്പിക്കുള്ള ഭൗമസൂചിക പദവി, മലബാര്‍ കാപ്പിയുടെ ബ്രാന്റിംഗ് തുടങ്ങി അനുകൂലമായ വിവിധ സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും കര്‍ഷകന് വരുമാനം ഇരട്ടിയാക്കുന്നതിനും പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കുന്നതിനുമുള്ള പദ്ധതികളായിരിക്കും അസംബ്ലി പ്രധാനമായും ചര്‍ച്ച ചെയ്യുക. ഉദ്യോഗസ്ഥ പ്രമുഖരെ കൂടാതെ കര്‍ഷകരും കര്‍ഷക സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അസംബ്ലിയില്‍ പങ്കെടുക്കും. 
രാവിലെ മുതല്‍ നടക്കുന്ന ചര്‍ച്ചകളുടെ സംക്ഷിപ്ത രൂപം മുന്‍ എം.എല്‍.എ.യും ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാനുമായ പി.കൃഷ്ണപ്രസാദ് അസംബ്ലിയില്‍ അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമയുടെ അദ്ധ്യക്ഷതയില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. പ്രഥമ കോഫി അസംബ്ലി ഉത്ഘാടനം ചെയ്യും. എം.എല്‍.എ.മാരായ ഐ.സി. ബാലകൃഷ്ണനും ഒ.ആര്‍.കേളുവും നബാര്‍ഡ് ഡി.ഡി.എം. 
ജിഷ വടക്കുംപറമ്പില്‍, കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം. കറുത്തമണി, കോഫി ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ തിമ്മരാജു എന്നിവര്‍ അസംബ്ലിയില്‍ ഇടപെട്ട് സംസാരിക്കും. 
സി.പി.ഐ.എം. ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, സി.പി.ഐ. ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, മുസ്‌ലിംലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പി.പി.എ.കരീം, കെ.പി.സി.സി. മെമ്പര്‍ പി.പി.ആലി, എല്‍.ജെ.ഡി. വയനാട് ജില്ലാ പ്രസിഡന്റ് വി.പി.വര്‍ക്കി, എന്‍.സി.പി.ജില്ലാ പ്രസിഡന്റ് സി.എന്‍.ശിവരാമന്‍, ആര്‍.എസ്.പി.ജില്ലാപ്രസിഡന്റ് പ്രവീണ്‍ തങ്കപ്പന്‍, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ, കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് എം.സി. സെബാസ്റ്റ്യന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എ.ആന്റണി, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് പി.കെ.ബാബു, ജെ.എസ്.എസ്. ജില്ലാ സെക്രട്ടറി വിനോദ് കുമാര്‍, വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എം.കെ.ദേവസ്യ, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി.കെ.സുരേഷ് തുടങ്ങിയവര്‍ സംബന്ധിക്കും. 
വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ്, ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി, വയനാട് സുസ്ഥിര കാര്‍ഷിക വികസന മിഷന്‍, വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോഫി അസംബ്ലി വിളിച്ചുകൂട്ടിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് കാപ്പി സല്‍ക്കാരവും അതിന് ശേഷം  കീടനാശിനി പ്രയോഗത്തിനെതിരെ വിവേക് വെള്ളമുണ്ട അവതരിപ്പിക്കുന്ന മാജിക് ഷോയും 
 മലപ്പുറം ശ്രീരാഗം ഫ്യൂഷൻ നൈറ്റിന്റെ    സംഗീതവിരുന്നും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. രാത്രി 9 മണിക്ക് പരിപാടികള്‍ സമാപിക്കും. നിലവിൽ കാപ്പികൃഷിക്ക്  വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിൽ കോഫി ബോർഡ് നൽകിയിരുന്ന സബ്സിഡികൾ നിർത്തലാക്കി.  കൃഷി വകുപ്പ് കാപ്പി കൃഷിക്ക് വേണ്ടത്ര പ്രോത്സാഹനം നൽകുന്നില്ല. എക്കാലത്തെയും വലിയ വില തകർച്ച കൂടി ആയതോടെ പ്രതിസന്ധി മറികടക്കാൻ നടപടി വേണമെന്ന ആവശ്യമാണ് കർഷകർ കോഫി അസംബ്ലിയിൽ ഉന്നയിക്കുക. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *