കൽപ്പറ്റ മഹോത്സവത്തില്‍ ബാബു ഭായി നാളെ പാടാനെത്തും
കല്പറ്റ :- വയനാടിന് അപൂര്‍വ്വകൗതുകക്കാഴ്ചകളുടെ വസന്തകാലമൊരുക്കി കല്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവര്‍ ഷോ ഗ്രൗണ്ടില്‍ നടന്നുവരുന്ന കല്പറ്റ മഹോത്സവം ഞായറാഴ്ച അവസാനിക്കും. വയനാടിന് പൊതുവെയും വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവെയും അറിവും വിനോദവും സമ്മാനിച്ച എക്‌സ്‌പോയില്‍ പതിനായിരങ്ങളാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ശനിയാഴ്ച മേളയില്‍ കോഴിക്കോടിന്റെ തെരുവ് ഗായകന്‍ ബാബു ഭായിയും കുടുംബവും സംഗീതപരിപാടി അവതരിപ്പിക്കും. രാത്രി 7.30ന് പ്രത്യേകം തയ്യാറായിക്കിയ വേദിയില്‍ പരിപാടി ആരംഭിക്കും.
അലങ്കാര മത്സ്യങ്ങളുടെയും അപൂര്‍വ്വമായി മാത്രം കാണാറുള്ള വിദേശ പക്ഷികളുടെയും ബൃഹത്തായ ശേഖരവുമായെത്തിയ മേള ജനുവരി 15 മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി സ്‌കൂളുകളിലെത്തിച്ച് നല്‍കിയതിനാല്‍ നിര്‍ധനരും ഗോത്രവിഭാഗങ്ങളിലും നിന്നുമുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സ്‌പോ കാണാന്‍ കഴിഞ്ഞതാണ് മേള കൊണ്ടുള്ള ഏറ്റവും വലിയ നേട്ടമെന്ന് മേളയുടെ സംഘാടരകരായ ജനം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ റാഫി പുതിയകടവ് പറഞ്ഞു.
ആമസോണ്‍ നദികളില്‍ നിന്നുള്ള അരോപൊയമ, ചൈനക്കാര്‍ തങ്ങളുടെ ഭാഗ്യമത്സ്യമെന്ന് വിശ്വസിക്കുന്ന സില്‍വര്‍ അരോണ, മനുഷ്യരെയടക്കം ആക്രമിക്കുന്ന പിരാന തുടങ്ങിയ വൈവിധ്യങ്ങളായ ലോകോത്തര നിലവാരമുള്ള അലങ്കാര മത്സ്യങ്ങളും തത്തകളിലെ രാജ്ഞിയായ മെക്കോവ, ഗോള്‍ഡന്‍, സില്‍വര്‍ പെസന്റുകള്‍, നാന്ദിയ കുനൂര്‍, വിവിധയിനം പ്രാവുകള്‍, കുഞ്ഞന്‍പക്ഷികള്‍, ഭീമന്‍ ഓന്തുകള്‍, റഷ്യന്‍ പേര്‍ഷ്യന്‍ പൂച്ചകള്‍ തുടങ്ങിയവയും പ്രദര്‍ശനം കാണാനെത്തിയവരില്‍ അറിവും അല്‍ഭുതവും പടര്‍ത്തി.
പുരാവസ്തുക്കളുടെ അതിവിപുലമായ ശേഖരവുമായി ലത്തീഫിന്റെ സ്റ്റാളും കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്‍ കുണ്ടായിത്തോടിന്റെ നേതൃത്വത്തില്‍ ഭക്ഷ്യയോഗ്യമായ പുഴുക്കളുടെ പ്രദര്‍ശനവും എക്സ്പോയിലെ ശ്രദ്ധേയമായ ഇനങ്ങളാണ്. രണ്ടര ലക്ഷം പുഴുക്കളുടെ ശേഖരമാണ് ഇവിടെ ഒരുക്കുന്നത്. രുചികരമായ ഭക്ഷ്യമേള എക്സ്പോയുടെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികള്‍ക്ക് വിനോദത്തിനും ഉല്ലസിക്കാനുമുള്ള അമ്യൂസ്മെന്റ് പാര്‍ക്ക് വര്‍ണാഭമായി സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വിപണന സ്റ്റാളുകള്‍ പ്രദര്‍ശനമേളയില്‍ ഒരുക്കിയിട്ടുണ്ട്.
രാവിലെ 11 മുതല്‍ രാത്രി മുതല്‍ 9.00 വരെയാണ് പ്രദര്‍ശനസമയം. പ്രദര്‍ശന സമയങ്ങളില്‍ മത്സ്യങ്ങളുടെയും പക്ഷികളുടെയും പൂക്കളുടെയും വില്‍പ്പനയും നടക്കും.





Leave a Reply