June 20, 2026

വയനാട്ടിൽ 239 ക്യാമ്പുകളിൽ 5287 അതിഥി തൊഴിലാളികൾ : പരിശോധന ശക്തമാക്കി തൊഴില്‍ വകുപ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
അതിഥി തൊഴിലാളി ക്യാമ്പുകളില്‍ പരിശോധനയും 
അവബോധ പ്രവര്‍ത്തനവും ശക്തമാക്കി തൊഴില്‍ വകുപ്പ്


* സംസ്ഥാനമൊട്ടാകെ 8,403 ക്യാമ്പുകള്‍, 1,98,766 അതിഥി തൊഴിലാളികള്‍
* 1265 പരാതികള്‍ക്ക് പരിഹാരമുറപ്പാക്കി
* 5,09,363 അതിഥി തൊഴിലാളികള്‍ക്കും മൊബൈല്‍ വഴിയും അവബോധമുറപ്പാക്കും
* ഭക്ഷണവും രോഗപ്രതിരോധ കിറ്റുകളും ഉറപ്പാക്കി


അതിഥി തൊഴിലാളി ക്യാമ്പുകളില്‍ പരിശോധനയും അവബോധ പ്രവര്‍ത്തനവും ശക്തമാക്കി തൊഴില്‍ വകുപ്പ്. 
സംസ്ഥാനമൊട്ടാകെ  ഇന്നു വരെ (02.04.2020 ) 8,403 ക്യാമ്പുകളിലായി 1,98,766 അതിഥി തൊഴിലാളികള്‍ പാര്‍ക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ഭക്ഷണവും രോഗപ്രതിരോധ കിറ്റുകളുമെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ലേബര്‍ കമ്മീഷണറ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമിന്റെ ചുമതലയുള്ള സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.ശ്രീലാല്‍ പറഞ്ഞു. സംസ്ഥാനത്താകെയുള്ള എല്ലാ ക്യാമ്പുകളിലും അതത് ജില്ലാ ഭരണ സംവിധാനങ്ങളുടെ സഹകരണത്തോടെ ക്യാമ്പ് കോര്‍ഡിനേറ്റര്‍മാരും ലേബര്‍ ഓഫീസര്‍മാരും പരിശോധനകള്‍ നടത്തി വരുന്നു. 
ലേബര്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍മാരായ അതാത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും ഇന്നലെ വരെ 308 ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. തൊഴിലാളികള്‍ക്ക് അവശ്യമായ രോഗപ്രതിരോധ കിറ്റുകള്‍, കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം മുതലായവ ഉറപ്പ് വരുത്തിയിട്ടുണ്ട്. എന്നാല്‍ ജില്ലാ ഭരണകൂടം മുഖേന ഏര്‍പ്പെടുത്തിയ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് ക്യാമ്പ് കോഓര്‍ഡിനേറ്റര്‍മാരായ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ വില്ലേജ് ഓഫീസര്‍മാരോടൊപ്പം വിതരണം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടതിനാല്‍  അവര്‍ക്ക് നിയോഗിക്കപ്പെട്ട  ക്യാമ്പുകളില്‍ ദൈനംദിന സന്ദര്‍ശനത്തില്‍ മുന്‍ ദിവസത്തെക്കാള്‍ കുറവ് വന്നിട്ടുണ്ട്. കൂടാതെ തൊഴിലാളികളില്‍ നിന്നും ആധാര്‍ നമ്പര്‍ വിവരം ശേഖരിക്കുന്നതിലും ഓഫീസര്‍മാര്‍ വ്യാപൃതരാണെന്ന് കെ.ശ്രീലാല്‍ പറഞ്ഞു.
തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങല്‍ വിലയിരുത്തുന്നുണ്ട്. ഇതോടൊപ്പം ലേബര്‍ കമ്മീഷണറേറ്റിലെ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വാര്‍ റൂമില്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കൂടിയായ ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസും മുന്‍ ലേബര്‍ കമ്മീഷണര്‍മാരായ കെ.ബിജു ഐഎഎസ്, എ.അലക്‌സാണ്ടര്‍ ഐഎഎസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം തൊഴില്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈനംദിന വിലയിരുത്തലും നിര്‍ദേശവും മേല്‍നോട്ടവും നടത്തി വരുന്നു. 
• സംസ്ഥാനമൊട്ടാകെ തൊഴില്‍ വകുപ്പിലെ ഉദ്യോസ്ഥര്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും 01.04.2020 വരെ ലഭിച്ച 881 പരാതികളും 02.04.2020 ഉച്ചയ്ക്ക് രണ്ടര  വരെ ലഭിച്ച 384 പരാതികളുമടക്കം ആകെ 1265 പരാതികളിലും പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും ഭക്ഷണദൗര്‍ലഭ്യം സംബന്ധിച്ചവ ആയിരുന്നു. ഇത്  ബന്ധപ്പെട്ട ലേബര്‍ ഓഫീസര്‍മാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ മുഖേനയുള്ള ഭക്ഷണപ്പൊതി വിതരണം ചെയ്തും സ്വയം പാചകം ചെയ്യുന്നതിനുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍, പച്ചക്കറി മുതലായവ  നല്‍കിയും പരിഹരിച്ചിട്ടുണ്ട്.
തൊഴില്‍ വകുപ്പ് അതിഥി തൊഴിലാളികള്‍ക്കായി നടപ്പാക്കി വരുന്ന ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 5,09,363 തൊഴിലാളികള്‍ക്ക് അവരുടെ മൊബൈല്‍ നമ്പരുകളിലേയ്ക്ക് 25,000 രൂപയുടെ ചികിത്സാ ധനസഹായവും 2 ലക്ഷം രൂപയുടെ അപകട മരണ ആശ്വാസ ധനസഹായവും ലഭ്യമാകുമെന്നും അതത് ക്യാമ്പുകള്‍ക്ക് സമീപമുള്ള ജില്ലാ ലേബര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററുകളില്‍ ബന്ധപ്പെട്ട് പരാതികളില്‍ നിവൃത്തി നേടാമെന്നുമുള്ള സന്ദേശങ്ങള്‍ ഹിന്ദി, ബംഗാളി, ഒറിയ, ആസാമി ഭാഷകളില്‍ അയയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയില്‍ നിന്നും അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അനുബന്ധമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും അനുവദിച്ച രണ്ടു കോടി രൂപ വിനിയോഗിക്കുന്നതിന് എല്ലാ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കും വിതരണം ചെയ്തു കഴിഞ്ഞു.
ഹൈക്കോടതിയില്‍  നിലവിലുള്ള റിട്ട് ഹര്‍ജിയില്‍ അമിക്കസ് ക്യൂറി ആവശ്യപ്പെട്ട പ്രകാരം ലോക്ക്ഡൗണ്‍ കാലയളവില്‍ എറണാകുളം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലായി വിവിധ ക്യാമ്പുകളില്‍ പാര്‍ക്കുന്ന അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴില്‍ വകുപ്പ് അതാത് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ സ്വീകരിച്ച നടപടികള്‍ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.  കരാറുകാരുടെ മേല്‍നോട്ടത്തില്‍ സ്ഥാപനാടിസ്ഥാനത്തില്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് അതാത് കരാറുകാര്‍ തന്നെ സുരക്ഷയും അവശ്യമായ  കുടിവെള്ളം, ഭക്ഷണം, രോഗപ്രതിരോധ കിറ്റുകള്‍ ഉറപ്പുവരുത്തണമെന്നും ലേബര്‍ കമ്മീഷണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
ഇന്നലെവരെ (02.04.2020)യുടെ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ: 

ജില്ല ആകെ ക്യാമ്പുകളുടെ എണ്ണം തൊഴിലാളികളുടെ എണ്ണം ഫീല്‍ഡ് ഓഫീസര്‍മാര്‍ സന്ദര്‍ശിച്ച ക്യാമ്പുകളുടെ എണ്ണം
തിരുവനന്തപുരം             151              5788             24
കൊല്ലം                       515           8389              27
പത്തനംതിട്ട                    414              7178              20
ആലപ്പുഴ                       112           1561               35
കോട്ടയം                        944          19703              24
ഇടുക്കി                       120              3208              20
എറണാകുളം                   462          14250             23
തൃശ്ശൂര്‍                         396          9379             24
പാലക്കാട്                       901             16880               31
മലപ്പുറം                       633             42044             19
കോഴിക്കോട്                 2216           32432             21
വയനാട്                       239             5287               7
കണ്ണൂര്‍                         799           17327             25
കാസര്‍ഗോഡ്                 501              15340              8

ആകെ                         8403          1,98,766           308
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *