November 7, 2026

കമ്പളക്കാട് മിനി സ്റ്റേഡിയത്തിനെതിരായ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: കണിയാമ്പറ്റ പഞ്ചായത്തിന്റെ അധീനതയിലുള്ള കമ്പളക്കാട് മിനി സ്റ്റേഡിയത്തിന്റെ ഗ്യാലറി നിര്‍മാണവുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന പ്രചരണങ്ങള്‍ വസ്തുതാവിരുദ്ധവും കായിക മേഖലയോട് കാട്ടുന്ന മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് യൂത്ത് ഫോര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ( യാസ് ) ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന  രാഷ്ട്രീയ പാര്‍ട്ടികളുടെയും ക്ലബ് പ്രതിനിധികളുടെയും പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഓരോ വര്‍ഷവും പ്രസ്തുത സ്റ്റേഡിയത്തില്‍ താല്‍ക്കാലിക ഗ്യാലറികള്‍ നിര്‍മിച്ചാണ് വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ ടൂര്‍ണ്ണമെന്റുകള്‍ നടത്താറുള്ളത്. ലക്ഷക്കണക്കിന്ന് രൂപയാണ് താല്‍ക്കാലിക ഗ്യാലറിക്കായി ചിലവഴിക്കേണ്ടി വരുന്നത്. സ്ഥിരം ഗ്യാലറി എന്ന കായിക പ്രേമികളുടെ പൊതുവികാരം പരിഗണിച്ചാണ് ഏതാണ്ട് ആയിരം പേര്‍ക്ക് ഇരുന്ന് കളി കാണാവുന്ന രീതിയിലുള്ള ഗ്യാലറി നിര്‍മാണത്തിനായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചത്. ലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ നടത്താന്‍ ഗ്രൗണ്ടിന് 110 മീറ്റര്‍ നീളം ആവശ്യമുണ്ട്. എന്നാല്‍ 95 മീറ്റര്‍ നീളവും 70 മീറ്റര്‍ വീതിയുമാണ് നിലവില്‍ഗ്രൗണ്ടിനുള്ളത്. സെവന്‍സ് ടൂര്‍ണ്ണമെന്റുകളാണ് ഇവിടെ നടക്കാറുള്ളത്. 95 മീറ്റര്‍ നീളത്തില്‍ നിന്ന് മൂന്ന് മീറ്ററിനടുത്ത് വീതിയിലുള്ള സ്ഥലം മാത്രമാണ് ഗ്യാലറിക്കായി എടുക്കുന്നത്. സെവന്‍സ് ടൂര്‍ണ്ണമെന്റുകള്‍ക്ക് 70 മീറ്റര്‍ നീളം മതിയാവും. ഭാവിയില്‍ ഇവിടെ ഒരു തരത്തിലുള്ള മത്സരങ്ങളും നടക്കില്ല എന്ന പ്രചരണം തീര്‍ത്തും തെറ്റാണ്. ഗ്രാമപഞ്ചായത്തുകള്‍ക്ക് സ്ഥലം വാങ്ങിക്കുന്നതിനായി ജില്ലാ-ബ്ലോക്ക്
പഞ്ചായത്തുകള്‍ക്ക് ഫണ്ട് വകയിരുത്താന്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല എന്ന കാര്യം മറച്ചുവെച്ചാണ് ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ ക്ലബ് ഭാരവാഹികളും എന്‍ജിനീയര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി മാര്‍ക്ക് ചെയ്ത സ്ഥലത്താണ് ഗ്യാലറി നിര്‍മാണം നടക്കുന്നത്. ഗ്രൗണ്ട് വിപുലീകരണത്തിന് നിര്‍മാണം ഒരു തരത്തിലും തടസമാവില്ല. മുഖ്യമന്ത്രി, കായിക മന്ത്രി, എം.എല്‍.എ എന്നിവര്‍ക്ക് പോലും ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ടില്‍ ആക്ഷേപം ഉന്നയിച്ച് പരാതി നല്‍കിയത് ഖേദകരമാണ്. ഭാവിയില്‍ അവര്‍ മുഖാന്തരം കിട്ടാന്‍ സാധ്യതയുള്ള ഫണ്ടുകള്‍ പോലും നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ചില തല്‍പരകക്ഷികള്‍ നടത്തികൊണ്ടിരിക്കുന്നത്. കായിക മേഖലയില്‍ വികസനങ്ങള്‍ കൊണ്ടുവരുന്ന ജനപ്രതിനിധികളെയും ഭരണ സമിതികളെയും നിരുത്സാഹപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം. എല്ലാ കായിക മത്സരങ്ങള്‍ക്കും ഉതകും വിധം സ്റ്റേഡിയത്തെ മാറ്റുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി, എം.എല്‍.എ, ഗ്രാമ പഞ്ചായത്ത്, ബ്ബോക്ക് പഞ്ചായത്ത് ഭരണസമിതികള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനും  ക്ലബ്ബ് തീരുമാനിച്ചു. പ്രസിഡന്റ് യൂസഫ് അധ്യക്ഷനായി. വി.പി യൂസഫ്, ഷാജി അബ്ദുള്‍ ഫൗസ്, മേജോ ജോണ്‍, മുകുന്ദന്‍ പള്ളിയറ, സലീം കടവന്‍, മുഹമ്മദ് അസ്‌ലം ബാവ, സി രവീന്ദ്രന്‍, താരീഖ് കടവന്‍, മുജീബ് റഹ്മാന്‍, ഷാജിത്ത്, ഷൈജല്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *