June 28, 2026

വയനാട്ടിലെ ആദ്യ ന്യൂസ് പോർട്ടൽ : ന്യൂസ് വയനാടിന് ഇന്ന് 8 വയസ് പൂർത്തിയാകുന്നു : അപ്രതീക്ഷിതമായി ഗൂഗിളിന്റെ സമ്മാനം

0
FB_IMG_1592984583732.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഞാൻ സി.വി. ഷിബു . കൃഷിക്കാരനാണ്. മാനന്തവാടി കോഓപ്പറേറ്റീവ് കോളേജിൽ  എം എ ക്ക്  പഠിക്കുന്ന സമയത്താണ് ജേണലിസത്തിൽ  കമ്പം  കയറിയത്. തൃശൂർ വലപ്പാട് ശ്രീരാമ പോളിടെക്നിക്കിൽ കേന്ദ്ര സർക്കാരിന്റെ  സ്കോളർഷിപ്പോടെ ജേണലിസത്തിൽ പ്രവേശനം ലഭിച്ചെങ്കിലും  വീട്ടുകാരുടെ സമ്മതം ഇല്ലാത്തതിനാൽ അതുപേക്ഷിച്ച്  മധ്യപ്രദേശിലെ ഭോപ്പാലിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ സെൽഫ് ഗവൺമെൻറ് എന്ന സ്ഥാപനത്തിൽ സാനിറ്ററി ഇൻസ്പെക്ടർ കോഴ്സിന് ചേരുകയും 2000-ൽ ഡിപ്ലോമ നേടുകയും ചെയ്തു.
   ഭോപ്പാലിൽ നിന്ന് തിരിച്ചെത്തിയ   ഞാൻ തൊഴിൽ അന്വേഷണത്തിന്റെ  ഭാഗമായാണ് ദീപിക പത്രത്തിൽ മാനന്തവാടിയിൽ പ്രാദേശിക ലേഖകൻ ആയി   പ്രവർത്തനമാരംഭിക്കുന്നത്.മൂന്നു വർഷങ്ങൾക്കുശേഷം വയനാട് ജില്ലയിൽ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ ചേർന്ന് ആരംഭിച്ച മലനാട് ചാനലിലും ഒരേസമയം റിപോർട്ടിംഗ് തുടങ്ങി .ഈ സമയമത്രയും പ്രധാന ജോലി കൃഷിപ്പണി തന്നെയായിരുന്നു. 
       പത്തുവർഷത്തെ മാധ്യമ പ്രവർത്തന പരിചയത്തോടെയാണ് ചെന്നൈയിൽ മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ   എം എ  ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സ് പഠിക്കുന്നത്.മലയാളത്തിലെ പ്രമുഖ ചാനലുകളിൽ റിപ്പോർട്ടർമാർ ആയവരും പ്രമുഖ പത്രങ്ങളിൽ റിപ്പോർട്ടറായവരും  വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലിക്കാരായവരും ഈ കറസ്പോണ്ടൻസ് കോഴ്സിൽ സഹപാഠികളായി ഉണ്ടായിരുന്നു. ഈ പഠനത്തിന് ഇടയ്ക്കാണ് ഡിജിറ്റൽ ജേർണലിസെത്തെ  കുറിച്ചും  ഓൺ ലൈൻ പത്രങ്ങളുടെ പ്രസക്തിയെക്കുറിച്ചും മനസ്സിലാക്കുന്നത്.
       ദീർഘനാളത്തെ തയ്യാറെടുപ്പുകൾക്ക്  ശേഷമാണ്    2012 ജൂൺ 24 ന് വയനാട് ജില്ലയിലെ ആദ്യത്തെ   പോർട്ടൽ ,  അതായത് ന്യൂസ് വയനാട് ആരംഭിക്കുന്നത്. അന്ന് മാതൃഭൂമിയിൽ റിപ്പോർട്ടർ ആയിരുന്ന ഇപ്പോൾ  വയനാട്  പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ടുമായ  കെ..സജീവനായിരുന്നു ഒപ്പമുണ്ടായിരുന്നത്. കൂടാതെ ഡിജിറ്റൽ മാധ്യമ രംഗത്ത് നവാഗതരായ മാനന്തവാടി പെരുവക സ്വദേശികളും സുഹൃത്തുക്കളുമായ അരുൺ ഭാസ്കർ  , ജ്വനിത്ത് ജയരാജൻ എന്നിവരും സാങ്കേതിക സഹായവുമായി കൂടെയുണ്ടായിരുന്നു.  അകാലത്തിൽ മരിച്ച വയനാട് എം.പി എം ഐ ഷാനവാസ് ആണ്  ഉദ്ഘാടനം നിർവഹിച്ചത്.ദക്ഷിണേന്ത്യയിൽ നിന്ന് ആദ്യമായി പട്ടികവർഗക്കാരിൽ നിന്ന്   മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പി.കെ ജയലക്ഷ്മി ,  അന്നത്തെ  ബത്തേരി എം.എൽ.എ ഐ സി ബാലകൃഷ്ണൻ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ എൽ പൗലോസ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അബ്ദുൾ അഷ്റഫ് , എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് , മാനന്തവാടി മർച്ചൻ അസോസിയേഷൻ പ്രസിഡണ്ട് കെ ഉസ്മാൻ , റേഡിയോ മാറ്റൊലി സ്ഥാപക ഡയറക്ടർ അഡ്വ ഫാദർ തോമസ് ജോസഫ് തേരകം തുടങ്ങി സമൂഹത്തിന്റെ  നാനാ തുറകളിലുള്ളവരെ സാക്ഷിയാക്കി ആയിരുന്നു ഉദ്ഘാടന കർമ്മം. 
      2015 -ൽ ചില സാങ്കേതിക കാരണങ്ങളാൽ ന്യൂസ് വയനാട് ഹാക്ക് ചെയ്യപ്പെട്ടു. എങ്കിലും അതേ വർഷം തന്നെ മറ്റൊരു ഡൊമൈനിൽ ന്യൂസ് വയനാട് പ്രവർത്തനമാരംഭിച്ചു. ഇന്ന് ഒൻപത് ലക്ഷത്തിലധികം ഹിറ്റ് റേറ്റും പ്രതിമാസം   ഒന്നേ മുക്കാൽ ലക്ഷം വായനക്കാരും  പതിനയ്യായിരത്തിലധികം പ്രാദേശിക വാർത്തകളും 
 ഉള്ള പോർട്ടൽ  ആണ് ന്യൂസ് വയനാട് . 
         ന്യൂസ് വയനാടിന്റെ  പ്രവർത്തന പരിചയത്തിൽ  നിന്ന്  പിന്നീട് മലയാളനാട് (www.malayalanad.com), എൻറെ വാർത്തകൾ(www.Entevarthakal.com) , കൃഷി ദീപം(www.Krishideepam.in) തുടങ്ങിയ പോർട്ടലുകളും 32 face book പേജുകളും  325 വാട്സ് ആപ്പ് ഗ്രൂപ്പുകളും  അടങ്ങിയ വലിയൊരു ഡിജിറ്റൽ ശൃംഖലയ്ക്ക് ഒപ്പമാണ്  ഇന്ന് എൻറെ പ്രവർത്തനം .   എങ്കിലും ജീവിക്കാൻ കൃഷി തന്നെയാണ് പ്രധാനം. .
        ഒട്ടേറെ പ്രതിസന്ധികളെയും  അടിച്ചമർത്തലുകളെയും പാരവെപ്പ് കളെയും  കോടതി കേസുകളെയും അതിജീവിച്ചാണ്  ഇന്ന് ന്യൂസ് വയനാട് എട്ടു വയസ്സ് പൂർത്തിയാക്കുന്നത്.  ഒമ്പതാം പിറന്നാൾ ദിനത്തിൽ ആഘോഷങ്ങൾ  ഒന്നും ഇല്ലെങ്കിലും  സന്തോഷിക്കാൻ ചില വകകൾ ഉണ്ട് . ഈ കോവിഡ് കാലത്ത് വൈറസ് വ്യാപനത്തെ കുറിച്ചുള്ള സത്യസന്ധമായ വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നതിന് അതിന് ഗൂഗിൾ എൻറെ സഹായം ന്യൂസ് വയനാടിന്  ലഭിച്ചിരിക്കുന്നു. മീഡിയ വിംഗ്സ്, വയനാട് പ്രസ് അക്കാദമി , മാനന്തവാടി പ്രസ് ക്ലബ്ബ്, വയനാട് പ്രസ് ക്ലബ് തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ  നിസ്സീമമായ സഹകരണം എടുത്തുപറയേണ്ടതാണ്.
     112 രാജ്യങ്ങളിലെ  പന്ത്രണ്ടായിരത്തോളം വരുന്ന ന്യൂസ് പോർട്ടലുകൾക്ക്  ഗൂഗിളിന്റെ  5000 ഡോളർ വീതം ഉള്ള ധനസഹായത്തിന് ന്യൂസ് വയനാട് അർഹത നേടി. ഒരു പക്ഷേ  എട്ടു വയസ്സ് പൂർത്തിയാകുന്ന ന്യൂസ് വയനാടിനുള്ള  ഗൂഗിളിന്റെ  അപ്രതീക്ഷിത സമ്മാനം ആണ് ഇത്. പ്രതിസന്ധികൾ പലതുള്ളപ്പോഴും വാർത്തകൾക്ക് വേണ്ടി മൊബൈലിൽ തിരയുന്ന ലക്ഷോപലക്ഷം  വയനാട്ടുകാരും പുറത്തുള്ളവരും ആയ വായനക്കാരാണ് ന്യൂസ് വയനാടിന്റെ  നിലനിൽപ്പിന് ആധാരം. ഇക്കാലമത്രയും സഹകരിച്ച എല്ലാവർക്കും  വ്യക്തിപരമായ പേരിലുള്ള എൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു .തുടർന്നും  ഏവരുടേയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ടീമിനൊപ്പം സി.വി. ഷിബു.
9656347995.
കേരള ഭൂഷണം ദിനപത്രം വയനാട് ബ്യൂറോ ചീഫ്  . 
        
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *