പാവപ്പെട്ടവരുടെ പാർപ്പിട പ്രശ്നങ്ങൾ പരിഹരിക്കണം: പാർപ്പിട അവകാശ സംരക്ഷണ സമിതി
വയനാട്
ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളുടെ പാർപ്പിട പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പാർപ്പിട അവകാശ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പെരുകിവരുന്ന പാർപ്പിട പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ പോകുന്നത് ഒട്ടേറെ സുരക്ഷാപ്രശ്നങ്ങൾ ഉയർത്തുന്നുണ്ടെന്നും, ഭവനരഹിതരുടെ പ്രശ്നങ്ങൾ ത്രിതല പഞ്ചായത്ത് ഭരണ സമിതികളും ചില സർക്കാർ ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുകയാണെന്നും, ഭാരവാഹികൾ കുറ്റപ്പെടുത്തി.
വീട് നിർമ്മിക്കാൻ വയൽ മാത്രമുള്ള ഭവനരഹിതർക്ക് വീട് നിർമിക്കാനുള്ള അനുമതി നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും, ചില ഉദ്യോഗസ്ഥർ വിവേചനവും, നീതിനിഷേധവും തുടരുകയാണെന്നും ജില്ലാകമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പാർപ്പിടം ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കേരളത്തിലെ 14 ജില്ലകളിലും കമ്മിറ്റികളും സംസ്ഥാനതല കമ്മിറ്റികളും നിലവിൽ വന്നുകഴിഞ്ഞു. ജില്ലയിൽ പ്രളയത്തിൽ അതിൽ വീടു നഷ്ടപ്പെട്ടു പോയവർക്കും വീട് ഉടൻ അനുവദിക്കണമെന്നും, പാർപ്പിടമില്ലാത്ത മുഴുവൻ നിർദ്ധന കുടുംബങ്ങളെയും ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ അഡ്മിൻ ഡെന്നീസ് മാത്യു, മുജീബ് റഹ്മാൻ, നാസർ വട്ടപ്പറമ്പിൽ, സുബൈർ പാറക്കണ്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply