കല്‍പ്പറ്റ നഗരസഭയില്‍ കൊടുമുടി കയറി മത്സരവീര്യം

കല്‍പ്പറ്റ:നഗരസഭയില്‍ തെരഞ്ഞെടുപ്പു മത്സരവീര്യം കൊടുമുടി കയറി.ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും അടവുകളെല്ലാം പയറ്റുകയാണ്.വ്യക്തമായ രാഷ്ട്രീയ മേധാവിത്തം നഗരസഭയില്‍ രണ്ടു മുന്നണികള്‍ക്കും അവകാശപ്പെടാനില്ല.ഭരണകാലാവധി പൂര്‍ത്തിയാക്കിയ 28 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ്-15,യുഡിഎഫ്-13 എന്നിങ്ങനെയാണ് അംഗബലം.
2010ല്‍ മുനിസിപ്പല്‍ ഭരണം പിടിച്ച യുഡിഎഫ് 2015ലും അധികാരത്തിലെത്തി.എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് എല്‍ജെഡി മുന്നണി വിട്ടതോടെ ഭരണം എല്‍ഡിഎഫ് വരുതിയിലാക്കി.എല്‍ജെഡിക്കു രണ്ടു അംഗങ്ങളായിരുന്നു കൗണ്‍സിലില്‍.
എല്‍.ജെ.ഡി മറുകണ്ടം ചാടിയെങ്കിലും ഭരണത്തില്‍ തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.2010 മുതല്‍ ഏഴു വര്‍ഷം നഗരത്തില്‍ നടത്തിയ വികസനവും കഴിഞ്ഞ മൂന്നു വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് വോട്ടര്‍മാരെ വട്ടമിടുന്നത്.എല്‍ഡിഎഫ് ആകട്ടെ കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കുറവുകളും എല്‍ഡിഎഫ് നടപ്പിലാക്കിയ ജനക്ഷേമ പരിപാടികളും വിശദീകരിച്ചാണ് സമ്മതിദായകരെ സ്വാധീനിക്കുന്നത്.വാഗ്ദാനങ്ങള്‍ കോരിച്ചൊരിഞ്ഞു ഇരു മുന്നണികളും പ്രകടന പത്രികകളും പുറത്തിറക്കിയിട്ടുണ്ട്.നഗരസഭയിലെ മിക്ക ഡിവിഷനുകളിലും എന്‍ഡിഎയ്ക്കു സ്ഥാനാര്‍ഥിയുണ്ടെങ്കിലും മുന്‍സിപ്പില്‍ ഭരണം നേതാക്കള്‍ സ്വപ്‌നം കാണുന്നില്ല.നില മെച്ചപ്പെടുത്തുകയാണ് എന്‍ഡിഎ ലക്ഷ്യം.
. ഇക്കുറി ജനറല്‍ വിഭാഗത്തിനാണ് മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം.
ഇടതും വലതും മുന്നണികളിലെ പ്രമുഖര്‍ മത്സരരംഗത്തുണ്ട്.കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവും മുന്‍ മുനിസിപ്പല്‍ ചെയര്‍മാനുമായ പി.പി. ആലി(തുര്‍ക്കി ഡിവിഷന്‍),കെപിസിസി സെക്രട്ടറി അഡ്വ.ടി.ജെ.ഐസക്(മുനിസിപ്പല്‍ ഓഫീസ്), ഡിസിസി സെക്രട്ടറി സി. ജയപ്രസാദ്(പുത്തൂര്‍വയല്‍ ക്വാറി),കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജോഷി സിറിയക്(അഡ്‌ലൈഡ്),കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ(മണിയങ്കോട്),മുസ്‌ലിം ലീഗ് ജില്ലാ സെക്ട്രട്ടറി സി. മൊയ്തീന്‍കുട്ടി(ഗ്രാമത്തുവയല്‍),മുസ്‌ലിംലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി കെയെംതൊടി മൂജീബ്(എമിലി),യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എ.പി. മുസ്തഫ(എമിലിത്തടം)എന്നിവര്‍ വലതുപക്ഷത്തു മത്സരിക്കുന്ന പ്രമുഖരാണ്..
സിപിഎം കല്‍പ്പറ്റ എരിയ കമ്മിറ്റിയംഗവും മുന്‍ കൗണ്‍സിലറുമായ സി.കെ. ശിവരാമന്‍(മുണ്ടേരി),മുനിസിപ്പല്‍ സിറ്റിംഗ് ചെയര്‍പേഴ്‌സ്ണ്‍ സനിത ജഗദീഷ്(പെരുന്തട്ട),എല്‍ജെഡി കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് ഡി. രാജന്‍(പുത്തൂര്‍ലയല്‍ ക്വാറി),സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും അഖിലേന്ത്യാ ആദിവാസി മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റും മുനിസിപ്പിലാറ്റി സിറ്റിംഗ് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ടി. മണി(ഗൂഡലായ്ക്കുന്ന്),മുന്‍സിപ്പില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി(അമ്പിലേരി- സ്വതന്ത്ര)എന്നിവര്‍ ഇടതുപക്ഷത്തു ജനവിധി തേടുന്നതിലെ പ്രധാനികളാണ്.
കുറഞ്ഞു 20 ഡിവിഷനുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം സുനിശ്ചിതമാണെന്നു തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ എ.പി. ഹമീദ് പറഞ്ഞു.എന്നാല്‍ നഗരസഭാഭരണം എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ വി. ഹാരിസിന്റെ വാദം.



Leave a Reply