April 20, 2024

എൻറെ അച്ഛനെയും മുത്തച്ഛനെയും അറിയാവുന്നവരാണ് എൻറെ വോട്ടർമാർ : എം വി ശ്രേയാംസ്കുമാർ

0
Img 20210402 Wa0075.jpg
എൻറെ അച്ഛനെയും മുത്തച്ഛനെയും അറിയാവുന്നവരാണ് എൻറെ വോട്ടർമാർ : എം വി ശ്രേയാംസ്കുമാർ
തീവ്ര ഇടതുപക്ഷ നിലപാടുകൾ ഇല്ലാതെ തികച്ചും ജന പ്രിയവും കർഷകത്തൊഴിലാളി സൗഹൃദപരവുമായ നിലപാടുകൾ കൊണ്ട് വയനാടിന്റെ ഹൃദയത്തിൽ  വേരുറപ്പിച്ച ഒരു രാഷ്ട്രീയ പാരമ്പര്യം ആണ് എം വി 
ശ്രേയാംസ്കുമാറിന്റേത് . പിതാവിൻറെ വിയോഗശേഷം മാതൃഭൂമി മാനേജിംഗ് ഡയറക്ടറായും ലോക് താന്ത്രിക് ജനതാദളിൻറെ കേരള ഘടകത്തിന്റെ മുഖ്യ വക്താവായും സ്ഥാനാരോഹണം ചെയ്യപ്പെട്ട ശ്രേയാംസ്കുമാറിന് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രസ്ഥാനം ഏൽപ്പിച്ച നിയോഗം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പാളയത്തിൽ നിലയുറപ്പിച്ച് കൽപ്പറ്റ മണ്ഡലത്തിലെ അസംബ്ലി സ്ഥാനാർത്ഥിയായി മത്സരിക്കുക എന്നതാണ്. ഒരു സ്നേഹ സംഗീതം പോലെയാണ് ശ്രേയാംസിന് കൽപ്പറ്റയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം . ചെറുപ്പകാലം മുതൽ തന്നെ നേരിട്ടറിയുന്ന വോട്ടർമാരോടൊത്താണ് കൽപ്പറ്റയിൽ ശ്രേയാംസ് ജന വിധിക്കായി കാത്തുനിൽക്കുന്നത് .
ജനകീയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻറെ വയനാടൻ മണ്ണിലെ വേരോട്ടം , കർഷക മുന്നേറ്റത്തിലെ പ്രതീക്ഷകൾ, ഇങ്ങനെ ഒട്ടനവധി ജനകീയ പ്രശ്നങ്ങളെക്കുറിച്ച്  കൽപ്പറ്റയുടെ പൾസ് അറിയുന്ന ശ്രേയാംസ്കുമാർ ന്യൂസ് വയനാട് പ്രതിനിധിയോട്  സംസാരിക്കുന്നു .
*അഭിമുഖം തയ്യാറാക്കിയത് : ജിത്തു തമ്പുരാൻ*
Q.അച്ഛൻറെ മകൻ എന്ന നിലയിലാണ് എം.വി ശ്രേയാംസ് കുമാർ ഈ ഇലക്ഷനെ നേരിടുന്നത് . രാജ്യം കണ്ട ഏറ്റവും ഏറ്റവും പ്രഗല്ഭരായ സോഷ്യലിസ്റ്റുകളിൽ ഒരാളുടെ മകൻ . സ്വന്തം മണ്ഡലം . സ്വന്തം മണ്ണ് . സ്വന്തം നാട് . സ്വന്തം നാട്ടുകാർ . സ്വന്തം വോട്ടർമാർ. എത്രത്തോളം വിജയ പ്രതീക്ഷയുണ്ട് ?
Ans : അച്ഛൻ ഇപ്പോൾ ഇല്ല . ആറു പതിറ്റാണ്ടുകൾ ആണ് അദ്ദേഹം വയനാട്ടിൽ രാഷ്ട്രീയക്കാരനായി പ്രവർത്തിച്ചത്. അദ്ദേഹത്തെ ഇപ്പോഴും ഏറെ സ്നേഹിക്കുന്നവർ ഇവിടെയുണ്ട്.കൽപ്പറ്റ മണ്ഡലത്തിലെ  മുതിർന്നവരുടെ മുമ്പിൽ ഞാൻ മാസ്ക് ധരിച്ച് ചെന്നാൽ പോലും അവർ പറയുന്നു: വീരേന്ദ്രകുമാറിന്റെ മകനല്ലേ ? . എനിക്ക് വീരേന്ദ്ര കുമാറിനെയും പത്മപ്രഭയെയും നന്നായി അറിയാം . മുത്തച്ഛൻ മരിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞാണ് ഞാൻ ജനിച്ചത്. എന്നിട്ടും അവർ ഇങ്ങനെയൊക്കെ ഓർമ്മിക്കുന്നു എന്നത് സന്തോഷം തന്നെയാണ് . 
Q : ഇടതു പാളയത്തിൽ ആണല്ലോ മത്സരം ? . വിജയേട്ടൻറെ സർക്കാരിനെ ശ്രേയാംസ്കുമാർ എങ്ങനെ വിലയിരുത്തുന്നു ?
Q : പിണറായി വിജയൻ ജനങ്ങളുടെ പൾസ് അറിയുന്ന ഒരു നേതാവാണ്. ഈ കോവിഡ് കാലത്ത് ഇവിടെ ആരും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. ഇടതു സർക്കാരിൻറെ ക്ഷേമപ്രവർത്തനങ്ങൾ ലോകത്തിനുതന്നെ മാതൃകയാണ്. രണ്ടു പ്രളയങ്ങളും കോവിഡും അടുപ്പിച്ചടുപ്പിച്ച വർഷങ്ങളിൽ കേരളത്തെ ആക്രമിച്ചപ്പോൾ മനുഷ്യനും കന്നുകാലികൾക്കും തെരുവ് നായ്ക്കൾക്കും പൂച്ചകൾക്കും വരെ ഭക്ഷണം നൽകിയ സർക്കാരാണിത്. 
Q : ഗവൺമെൻറ് എന്തൊക്കെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടും വയനാട്ടിലെ കർഷകർ ദുരിതത്തിൽ തന്നെയാണ്. ഒന്ന് വിലത്തകർച്ച . കർഷകൻ തെരുവിലിറങ്ങി ഉൽപ്പന്നം  വിൽക്കേണ്ടി വരുന്നു . കൃഷിനാശം വല്ലാതെ ബാധിക്കുന്നു. കർഷകർക്കു വേണ്ടി എന്ത്  പദ്ധതികളാണ് വിഭാവനം ചെയ്യുന്നത് ?
Ans : പച്ചക്കറികൾക്ക് എല്ലാം താങ്ങുവില പ്രഖ്യാപിച്ച ഒരു സർക്കാർ , അത് ഈ കേരള സർക്കാരാണ്, ഇത് ലോകത്തിൽ ആദ്യമായിട്ടാണ്. മാർക്കറ്റ് വിലയേക്കാൾ കൂടുതൽ താങ്ങുവില വാഴക്കുലയ്ക്ക് കൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ഹോർട്ടികോർപ്പ് ആണ് അതിന് നേതൃത്വം നൽകുന്നത്. വയനാട്ടിൽ ഒരു വലിയ ഭക്ഷ്യസംസ്കരണ പാർക്ക് വരാൻ പോകുന്നു. അവിടേക്ക് ഉള്ള റോ മെറ്റീരിയൽ വിതരണം ചെയ്യേണ്ടത് ഇവിടുത്തെ കർഷകർ തന്നെയാണ്. കാപ്പിക്ക് 90 രൂപ താങ്ങുവില പ്രഖ്യാപിച്ച് കഴിഞ്ഞു. ഇപ്പോൾ 1000 കർഷകർക്ക് ഇതിൻറെ ഗുണം കിട്ടിയിട്ടുണ്ട് . 150 കോടി രൂപ ചെലവിട്ട് വാര്യാട്ട് എസ്റ്റേറ്റിൽ 102 ഏക്കർ ഭൂമി ഏറ്റെടുത്തു കൊണ്ട് വയനാട് കോഫി എന്ന ലോകോത്തര നിലവാരമുള്ള കോഫി പ്രോസസിംഗ് യൂണിറ്റ് നിലവിൽ വരാൻ തീരുമാനമായിട്ടുണ്ട്. കൊവിഡ് കാരണമാണ് അതിൻറെ  പ്രാരംഭപ്രവർത്തനങ്ങൾ ഒരൽപം വൈകി പോയത്. ഈ പദ്ധതി നിലവിൽ വരുന്നതോടു കൂടി 30 മുതൽ 50 ശതമാനം വരെ കർഷകന് ലാഭം കിട്ടും.വയനാടൻ കാപ്പിയുടെ ലോകപ്രശസ്തി ഇതോടെ  ഇവിടെ തിരിച്ചുവരും . നൂറുകണക്കിന് കുടുംബങ്ങൾ രക്ഷപ്പെടും.
Q :അപ്പോൾ ഇത് വയനാട് പാക്കേജിൽ ഉൾപ്പെടുന്നതാണോ ?
Ans : വയനാട് പേക്കേജ് എല്ലാ മേഖലയും കവർ ചെയ്യുന്ന 7000 കോടി രൂപയുടെ ഒരു ബൃഹദ് പദ്ധതിയാണ്. വയനാട് ഒരു പിന്നാക്ക ജില്ലയാണ് . വയനാട്ടിലെ ദരിദ്ര  അവസ്ഥയെ   മാറ്റിയെടുക്കണം. ഇവിടുത്തെ വളർന്നു വരുന്ന തലമുറയ്ക്ക് ജീവിക്കാനുള്ള പ്രതീക്ഷ നൽകണം.സ്ത്രീകൾക്ക് കൂടുതൽ സംരംഭകത്വത്തിലേക്ക്  പ്രവേശിക്കാനുള്ള നടപടി എടുക്കും. ഇവിടുത്തെ പ്രതിശീർഷവരുമാനം ഉയർത്താനുള്ള കർമ്മ പദ്ധതി ആവിഷ്കരിക്കും. വയനാട് പാക്കേജ് നിലവിൽ വരുന്നതോടുകൂടി ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും എന്ന് തന്നെയാണ് ഇടതുപക്ഷം വിശ്വസിക്കുന്നത്.
Q : വലതു പക്ഷത്തിലെ ഒരു പ്രത്യേക പ്രസ്ഥാനം എം വി ശ്രേയാംസ് കുമാറിനെതിരെ ഒരു ആരോപണം ഉന്നയിക്കുന്നു. ശ്രേയാംസ് മടക്കിമലയിൽ മെഡിക്കൽ കോളേജിന് ഭൂമി വിട്ടു കൊടുത്തത് ഇഷ്ടംപോലെ മരം മുറിച്ച് അടിച്ചുപൊളിക്കാനുള്ള സ്വതന്ത്ര അനുവാദം കിട്ടുന്നതിനു വേണ്ടിയാണ് എന്ന് . എന്താണ് ഇതിൻറെ സത്യാവസ്ഥ ?
Q :മരം മുറിക്കാൻ ആണെങ്കിൽ എൻറെ സ്വാധീനം വെച്ച് എനിക്ക് വേറെ പല വഴിയും സ്വീകരിക്കാം. അതിന് മെഡിക്കൽകോളേജിന് സ്ഥലം കൊടുക്കേണ്ട ആവശ്യമൊന്നുമില്ല. ജീവിതത്തിൽ ഒന്നും കൈ അയച്ചു കൊടുത്തിട്ടില്ലാത്തവർക്ക് ഇങ്ങനെ പലതും പറയാം. ഇത് 1863 കാലഘട്ടം മുതൽ ഞങ്ങൾക്ക് ജന്മം അവകാശമുള്ള ഭൂമിയാണത് .ഒരു കാലത്ത് അവർ മറ്റു പല രീതിയിലും ഈ ഭൂമി കൈമാറ്റം തടയാൻ ശ്രമിച്ചിട്ടുണ്ട്. ഞാൻ ഇതിൽ അഞ്ചു പൈസ സ്വീകരിച്ചിട്ടില്ല. ഞാൻ പറഞ്ഞ നിബന്ധനകൾ വളരെ കുറച്ചേ ഉള്ളൂ : ജിനചന്ദ്രൻ സ്മാരകം എന്ന ബോർഡ് ബോർഡ് ഏർപ്പെടുത്തണം.വയനാട്ടിലെ അടിസ്ഥാനപരമായി  സാമ്പത്തിക പിന്നാക്കം നിൽക്കുന്ന  കുടുംബങ്ങളിലെ കുട്ടികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ ഇവിടെ സൗജന്യ വിദ്യാഭ്യാസം കൊടുക്കണം. ഇതിനു പുറത്തുള്ള സ്ഥലത്ത് ബൈസ്റ്റാൻഡേസിനു താമസിക്കാനുള്ള സൗജന്യ സൗകര്യമൊരുക്കും. അതിനുള്ള പണം 4 അടിയിൽ കൂടുതൽ വലിപ്പമുള്ള മരങ്ങൾ വിറ്റു കൊണ്ട് സമാഹരിക്കും എന്നാണ് പറഞ്ഞത്. ആ മരം ഗവൺമെൻറിന് കൊടുത്താൽ അത് സ്വാഭാവിക രീതിയിൽ തന്നെ നാശമായി പോവുകയല്ലേ ചെയ്യുക ? . 
Q : ഇത്രയൊക്കെയായിട്ടും ആരോപണങ്ങൾ പ്രകാരം ശ്രേയാംസ്കുമാറിന്റെ ഇമേജ് ഒരു ഊഹക്കച്ചവടക്കാരനെ പോലെയാണല്ലോ ?
Ans : സുഹൃത്തേ നിങ്ങൾ ഈ വയനാടിൻറെ ചരിത്രം സത്യസന്ധമായി ഒന്ന് പരിശോധിച്ചു നോക്കൂ. ഒരുകാലത്ത് ലീസിന് കൊടുത്ത ഭൂമി തിരിച്ചു വാങ്ങിയിട്ടാണ് എൻറെ മുത്തച്ഛൻ കൽപ്പറ്റഎമിലി പ്രദേശം ഒരു കുറെ പേർക്ക് ഏകദേശം സൗജന്യമായി തന്നെ താമസിക്കാൻ കൊടുത്തത്. അങ്ങനെയാണ് കൽപ്പറ്റ ടൗൺ വരെ നിലവിൽ വന്നത്. സിവിൽ സ്റ്റേഷൻ ഭാഗം എൻറെ അച്ഛൻറെ കാലത്ത് സൗജന്യമായി കൊടുത്തതാണ് . തൊട്ടടുത്തുള്ള കോടതി സമുച്ചയം നിലനിൽക്കുന്ന 3 ഏക്ര വെറുതെ കൊടുത്തതാണ് . ശ്മശാനം വെറുതെ കൊടുത്ത ഭൂമിയാണ്. കൃഷ്ണമോഹൻ മെമ്മോറിയൽ ഐടിഐ ക്ക് സ്ഥലം കൊടുത്തത് എൻറെ കുടുംബത്തിൽ നിന്നാണ്. എനിക്കുതന്നെ  കൃത്യമായി അറിയില്ല എത്രയെത്ര ഭൂമി എൻറെ കുടുംബത്തിൽനിന്ന് പൊതു കാര്യങ്ങൾക്ക് വേണ്ടി സൗജന്യമായി കൊടുത്തിട്ടുണ്ട് എന്ന് . ചിലഞ്ഞിച്ചാൽ ആദിവാസി കോളനിയിൽ പോയപ്പോൾ അവിടെയുള്ള പഴയ ആൾക്കാർ എന്നോട് പറഞ്ഞു : ഇത് താങ്കളുടെ അച്ഛനായ വീരേന്ദ്രകുമാർ ഞങ്ങൾക്ക് പതിച്ചു തന്ന മണ്ണാണ് ,ഞങ്ങളുടെ മരണം വരെ നിങ്ങൾക്കൊപ്പം ഉണ്ടാകും എന്ന് . കൽപ്പറ്റ ഗവൺമെൻറ് കോളേജിനു വേണ്ടി നീലിക്കണ്ടി കുഞ്ഞഹമ്മദ് ഹാജി സ്ഥലം കൊടുത്തിട്ടുണ്ട് എന്നൊക്കെയല്ലാതെ ഈ കൽപ്പറ്റയുടെ വികസനത്തിനുവേണ്ടി  ഈ ആരോപണം ഉന്നയിക്കുന്ന മഹാത്മാക്കളോ അവരുടെ മുൻ തലമുറയോ  എന്തെങ്കിലും ഒരു ചില്ലിപൈസയുടെ സംഭാവന ചെയ്തിട്ടുണ്ടോ ? പുത്തുമല  ഉരുൾപൊട്ടലിൽ വീടും ഭൂമിയും എല്ലാം നഷ്ടപ്പെട്ടവർക്കായി മാതൃഭൂമി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഏഴ് ഏക്കർ ഭൂമിയാണ് സർക്കാരുമായി സഹകരിച്ച് ദുരന്തബാധിതർക്ക് നൽകിയത്. തെരഞ്ഞെടുപ്പ് ജയിക്കാൻ എന്ത് രാഷ്ട്രീയ ആരോപണവും ഉന്നയിക്കുന്നത് അത്ര മാന്യതയുള്ള കാര്യമല്ല എന്ന് ഓർമിക്കുന്നത് നല്ലതാണ്. നല്ലത് ചെയ്യുന്നവരെ മടുപ്പിച്ച് അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത് അവരുടെ സംസ്കാരത്തിൻറെ ഭാഗമായിട്ടേ കണക്കാക്കുവാൻ സാധിക്കുകയുള്ളൂ.
Q :  മാധ്യമ മുതലാളി എന്ന വാക്കാണ്  ശ്രേയാംസ് കുമാറിനെ അധിക്ഷേപിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.അടുത്തറിയുന്നവർക്കറിയാം താങ്കൾ എത്രമാത്രം  സിമ്പിൾ ആണെന്ന് . എന്താണ് താങ്കളുടെ ജീവിത രീതികൾ, ചിട്ടകൾ ?  കഴിഞ്ഞ ദിവസത്തെ കൽപ്പറ്റ പുലർകാല കൂട്ടായ്മയിൽ ശ്രേയാംസിനെ കണ്ടത് വോട്ടു പിടിക്കാൻ പോയതാണോ അതോ സ്ഥിരം അംഗമാണോ ?
Ans : ടൈം മാനേജ്മെൻറ് ഒരു ആർട്ടാണ്. ഞാൻ അത് എൻറെ അച്ഛനിൽനിന്ന് പഠിച്ചതാണ് . അച്ഛൻ അതിരാവിലെ ഉണരുമായിരുന്നു.ശേഷം ആഴത്തിലുള്ള പരന്ന വായന , കുളി, മെഡിറ്റേഷൻ, ഇതായിരുന്നു അച്ഛൻറെ ചിട്ട. 9 മണി ആകുന്നതോടുകൂടി ഒരുദിവസം ആരംഭിക്കാനുള്ള ഊർജ്ജം കിട്ടിയിട്ടുണ്ടാകും. ഞാനും അത് കണ്ടു പഠിച്ച് ആ രീതിയിൽ തന്നെ ജീവിക്കുന്നു. എനിക്ക് ഇന്നേവരെ അലാറം വെക്കേണ്ട ആവശ്യം വന്നിട്ടില്ല . എൻറെ ബയോളജിക്കൽ ക്ലോക്ക് അച്ഛനെ അനുകരിച്ച് രൂപപ്പെടുത്തിയതാണ്. ഞാൻ പത്രങ്ങൾ വായിച്ച് ആവശ്യമുള്ള കാര്യങ്ങൾ മാർക്ക് ചെയ്തു വയ്ക്കാറുണ്ട്. ഞാൻ നന്നായി വ്യായാമം ചെയ്യുന്ന ആളാണ്.കഴിഞ്ഞ മൂന്നു വർഷം കൊണ്ട് 105 കിലോ ഭാരമുണ്ടായിരുന്ന ഞാൻ 25 കിലോ കുറച്ച് 80 കിലോയിൽ എത്തിയിട്ടുണ്ട്. സമയമില്ല എന്നു പറയുന്നത് ടൈം മാനേജ്മെൻറിൽ വരുന്ന പരാജയമാണ് . ഞാൻ ആദ്യം എംഎൽഎ ആയ സമയത്ത് പത്തുമണി എന്ന് പറഞ്ഞാൽ 9 :55 ന് സ്ഥലത്തെത്തും . സംഘാടകർ അപ്പോൾ ഒരുങ്ങിയിട്ടുണ്ടാകില്ല . പിന്നീട് ഇത് സ്ഥിരം ആയപ്പോൾ അവരും കൃത്യനിഷ്ഠ പാലിക്കാൻ തുടങ്ങി. കേരള മുഖ്യമന്ത്രി പിണറായി വിജയനും കൃത്യനിഷ്ഠയുടെ ആളാണ് . ഓരോ ദിവസവും പ്രയോറിറ്റി കൊടുക്കേണ്ട കാര്യങ്ങൾ തീരുമാനിച്ച അതിനനുസരിച്ച ദിവസം ചിട്ടപ്പെടുത്തണം.ജോലി ചെയ്യുന്നതാണ് എനിക്ക് ഇഷ്ടം . ഓരോ ടെൻഷനും ഞാൻ ആസ്വദിക്കുന്നു. 
Q : സോഷ്യലിസത്തിന് കർണാടക കഴിഞ്ഞാൽ വയനാടിന്റെ മണ്ണിലാണ് വളർച്ച സാധ്യത കൂടുതൽ എന്നു പറഞ്ഞു കേൾക്കുന്നു. മറ്റ് ഇടതുപക്ഷ രാഷ്ട്രീയ തത്വങ്ങൾ പ്രകൃതിയിൽ അധ്വാനിക്കുന്നവരും കാട്ടുമൃഗങ്ങളുടെ കൂടെ ഒക്കെ സമരസപ്പെട്ടു ജീവിക്കുന്നവരും ഒക്കെ ആയ കർഷകന് ദഹിക്കാത്ത തത്വങ്ങളാണ് എന്ന് രാംമനോഹർ ലോഹ്യ പോലും പറഞ്ഞിട്ടുണ്ട്. ഒരു യുവ സോഷ്യലിസ്റ്റ് എന്ന നിലയിൽ ചോദിക്കട്ടെ ? എത്ര ശതമാനം വളർച്ച ഇവിടെ സോഷ്യലിസത്തിന് പ്രാപ്യം ആയിട്ടുണ്ട് ?
Ans : കഴിഞ്ഞ ലോക്സഭാ ഇലക്ഷന് ശേഷം യുപി ബീഹാർ മേഖലയിലെ തെരഞ്ഞെടുപ്പുകൾ  നിരീക്ഷിക്കാൻ ഞാൻ യാത്ര ചെയ്തിരുന്നു . ലക്നോയിൽ രാജ്നാഥ് സിംഗിന് സ്വീകരണം കൊടുക്കുന്നത് കണ്ടു. അവിടെ സ്റ്റേജിൽ പിറകിൽ വച്ച ബാനറിൽ സുഭാഷ് ചന്ദ്ര ബോസ് ,  രാം മനോഹർ ലോഹ്യ, ജയപ്രകാശ് നാരായണൻ , തുടങ്ങിയവരൊക്കെയാണ്  ഉണ്ടായിരുന്നത്. അത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അനാർക്കിസം ഒഴിവാക്കി ഒരുമിച്ച്  നിന്നിരുന്നുവെങ്കിൽ ഈ സോഷ്യലിസ്റ്റ് പ്രസ്ഥാനം ഇന്ത്യ കണ്ട ഏറ്റവും വലിയ ബദലായി മാറുമായിരുന്നു . വയനാടിനെ സംബന്ധിച്ച് സോഷ്യലിസത്തിന് വളർച്ച കുറവായി കാണുന്നു. ഇവിടെ ജനതാപാർട്ടിയുടെ സംഘടനാ ഡിസിപ്ലിൻ കുറവായതിനാൽ പലരും ഇതിൽ നിന്നും മാറി നിൽക്കുന്നു . ഇഷ്യൂ ബേസ്ഡ് ആയ നിലപാടുകൾ അപചയത്തിന് കാരണം ആയിട്ടുണ്ട്. എല്ലാം ഞങ്ങൾ സർവൈവ് ചെയ്യാൻ ശ്രമിക്കുകയാണ് . മെയിൻ സ്ട്രീമിലേക്ക് സോഷ്യലിസം എത്രയും പെട്ടെന്ന് തിരിച്ചെത്തുക തന്നെ ചെയ്യും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *