April 19, 2024

വോട്ടെടുപ്പിന് മൂന്നു നാൾ മാത്രം: വോട്ടുറപ്പിക്കാൻ ശ്രേയാംസ് കുമാറും

0
Img 20210402 Wa0034.jpg
വോട്ടെടുപ്പിന് മൂന്നു നാൾ മാത്രം: വോട്ടുറപ്പിക്കാൻ ശ്രേയാംസ് കുമാറും

കല്പറ്റ: “ങ്ങള് എം.എൽ.എ. ആയ കാലത്താണ്  ഇവിടെ കുടിവെള്ളമെത്തിയത്. ഇനിയിങ്ങോട്ട് റോഡ് കൂടി ശരിയാക്കിത്തരണം. വോട്ടൊക്കെ ഉറപ്പാണ് ” – പറയുന്നത് നാട്ടിപ്പാറ കോളനിയിലെ കളത്തിൽ ചന്ദ്രിക. വോട്ടഭ്യർഥിച്ചുകൊണ്ട് എം.വി. ശ്രേയാംസ് കുമാർ എത്തിയപ്പോഴാണ് ചന്ദ്രിക തന്റെ നയം വ്യക്തമാക്കിയത്.

വോട്ടെടുപ്പിന് മൂന്നു നാൾ മാത്രം ബാക്കി നിൽക്കെ കല്പറ്റ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ വെള്ളിയാഴ്ച ദിനം മാറ്റിവെച്ചത് ഈ നാടിന്റെ ഉടയോരായ ആദിവാസികളെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾ അറിയാനുമായിരുന്നു. മണ്ഡലത്തിലെ ആദിവാസി ഊരുകളിലൂടെ സഞ്ചരിച്ച സ്ഥാനാർഥി വോട്ടർമാരുടെ വിഷയങ്ങൾ സാകൂതം കേട്ടു.
രാവിലെ ഏഴിന് ആലൻതട്ട കോളനിയിൽ നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. പണിക്ക് പോകാനായി അതിരാവിലെ വീട്ടിൽ നിന്നിറങ്ങുന്നവരെ കൂടി കാണാനാണ് സന്ദർശനം നേരത്തെയാക്കിയത്. കുടിവെള്ള പ്രശ്നമടക്കം തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കോളനിവാസികൾ പങ്കുവെച്ചു. സാധ്യമായതെല്ലാം ചെയ്യാം എന്ന ഉറപ്പ് നൽകിയാണ് സ്ഥാനാർഥി മടങ്ങിയത്.
16 വീടുകളുള്ള മഞ്ഞളേരി കോളനിക്കാർക്ക് പറയാനുണ്ടായിരുന്നത് ശ്മശാനം ഇല്ലാത്തതിനെക്കുറിച്ചായിരുന്നു. മൃതദേഹം സംസ്കരിക്കാൻ കിലോമീറ്ററുകളോളം ദൂരം സഞ്ചരിക്കേണ്ടി വരുന്ന ദുരവസ്ഥ കോളനിക്കാർ വിവരിച്ചു. പഞ്ചായത്ത് അധികൃതരുടെ കൂടി സഹായത്തോടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കാമെന്ന് പറഞ്ഞ് സ്ഥാനാർഥി തൊട്ടടുത്തുള്ള നായാടിപ്പൊയിൽ കോളനിയിലേക്ക് നീങ്ങി. കോളനി സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ തെക്കുംതറയിൽ താമസിക്കുന്ന തന്റെ അധ്യാപകൻ ഗോപാലകൃഷ്ണൻ മാഷിന്റെ വീട്ടിലെത്തി അനുഗ്രഹം തേടാനും ശ്രേയാംസ്  മറന്നില്ല. എസ്.കെ.എം.ജെ. സ്കൂളിലെ ശാസ്ത്രാധ്യാപകനായിരുന്ന മാഷിപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്. തന്റെ പഴയ വിദ്യാർഥി നാടറിയുന്ന നേതാവായതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ മാഷ് വിജയാശംസകൾ നേർന്നാണ് യാത്രയാക്കിയത്.
തുടർന്ന് നടുക്കുനി, കള്ളംപെട്ടി, പുലിമുണ്ട, വാട്ടവള്ളിക്കുന്ന് കോളനികളിലും സ്ഥാനാർഥി പര്യടനം നടത്തി. “ജയിക്കല് ങള് എന്തായാലും ജയിക്കും. കോളനിയിലെ പിള്ളേർക്ക് കളിക്കാൻ കുറച്ചു പന്ത് കൊണ്ടുത്തരണം” – വാട്ടവള്ളിക്കുന്ന് കോളനിയിലെ കുള്ളൻ മൂപ്പന്റെ അഭ്യർഥന കേട്ട സ്ഥനാർഥിയും ഒപ്പമുള്ളവരും പന്ത് മാത്രമല്ല മറ്റു കായികോപകരണങ്ങളുമെത്തിക്കാം എന്ന് ഉറപ്പു നൽകി. ഉച്ചയാകുമ്പോഴേക്കും കോട്ടത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെ പര്യടനം പൂർത്തിയാക്കിയ ശേഷം മരവയൽ തറവാട്ടിൽ നടന്ന കുടുംബയോഗത്തിലും സ്ഥാനാർഥി പങ്കെടുത്തു. 33 കുടുംബങ്ങളിൽ നിന്നായി നൂറിനടുത്ത് പേർ പങ്കെടുത്ത യോഗത്തിൽ എൽ.ജെ.ഡി. നേതാവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം.പി. ശിവാനന്ദൻ മുഖ്യാതിഥിയായി.
മരവയൽ പ്രദേശത്ത് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയടക്കം എൽ.ഡി.എഫ്. സർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ വിശദീകരിച്ച സ്ഥാനാർഥി അതിന്റെ തുടർച്ചയ്ക്കായി
എൽ.ഡി.എഫ്. സർക്കാർ തന്നെ വരേണ്ടതുണ്ടെന്നും വോട്ടർമാരെ ഓർമിപ്പിച്ചു.
വൈകിട്ട് കണിയാമ്പറ്റ പഞ്ചായത്തിലാണ് പ്രചാരണം തുടർന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news